തിരഞ്ഞെടുപ്പ് വിജയത്തിന് വിഎസിന്റെ അനുഗ്രഹം തേടി നായനാരുടെ മകള്‍

കൊച്ചി: തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ അനുഗ്രഹം തേടി ഇ.കെ. നായനാരുടെ മകളും കൊച്ചി രവിപുരത്തെ ഇടത് സ്ഥാനാര്‍ത്ഥിയുമായ ഉഷ പ്രവീണ്‍. ആലുവാ പാലസിലെത്തിയാണ് ഉഷ വി എസിനെ കണ്ടത്.

ഇടുക്കിയിലെ തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞാണ് വി.എസ് ആലുവ പാലസിലെത്തിയത്. വിഎസിനെ കാത്ത് വളരെ നേരത്തെ തന്നെ ഉഷയും ഭര്‍ത്താവ് പ്രവീണും ആലുവ പാലസിലെത്തിയിരുന്നു.

പിന്നീട് ഉഷ വി.എസിന്റെ കാല്‍ തൊട്ട് വണങ്ങി. ശേഷം കുശലങ്ങള്‍ ചോദിച്ച് വിശേഷങ്ങള്‍ പങ്കുവച്ച് അല്‍പനേരം ചെലവഴിച്ചു. വി.എസ്സിനെ കണ്ടത് വഴി തനിക്ക് പുത്തന്‍ ഊര്‍ജം ലഭിച്ചുവെന്ന് ഉഷ പറഞ്ഞു.

നല്ല ഭൂരിപക്ഷത്തോടെ ഉഷ ഉള്‍പ്പെടുയുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന് പറഞ്ഞ വി.എസ് രവിപുരത്ത് പ്രചാരണത്തിന് എത്താന്‍ ശ്രമിക്കുമെന്ന ഉറപ്പും നല്‍കിയാണ് നായനാരുടെ മകളെ യാത്രിയാക്കിയത്.

Top