‘തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് തീരുമാനിച്ചതാണ്’ നിലപാട് ശക്തമാക്കി പന്ന്യൻ രവീന്ദ്രൻ

തിരുവനന്തപുരത്ത് സ്ഥാനാർഥിയാകാനില്ലെന്ന് സി.പി.ഐ. നേതാവ് പന്ന്യൻ രവീന്ദ്രൻ. സ്ഥാനാർഥി ചർച്ചകൾ തുടങ്ങാനായിട്ടില്ലെന്നും ഇപ്പോൾ പുറത്തുവരുന്ന വാർത്തകളൊന്നും തീരുമാനങ്ങളല്ലെന്നും അവ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.

തിരുവനന്തപുരത്ത് ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യമാണ്. അത് വെറും പ്രതീക്ഷയല്ല. അവിടെയുള്ള ജനം ഇടതുപക്ഷത്തിന് വോട്ട് ചെയ്യും. തിരഞ്ഞെടുപ്പിൽ എന്റെ പേര് എല്ലാ കാലത്തും ഉയർന്നു കേൾക്കാറുണ്ട്. ലിസ്റ്റിൽ ഒന്നാമനായിട്ടും പേര് വരും. അതുകൊണ്ട് അതൊന്നും വലിയ കാര്യമാക്കേണ്ടതില്ല. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ല എന്ന് പറഞ്ഞതാണ്. അത് പാർട്ടിയെ ബോധ്യപ്പെടുത്തും. ഈ പറയുന്നതൊന്നും തീരുമാനമല്ല. അതുകൊണ്ട് സ്ഥാനാർഥിയാണെന്ന് പ്രചരിപ്പിക്കരുത്. പാവപ്പെട്ട എന്നെ ഉപദ്രവിക്കരുത് എന്നാണ് എനിക്ക് അഭ്യർഥിക്കാനുള്ളത്- പന്ന്യൻ രവീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

ഇത്തവണ കേരളത്തിലെ മിക്ക സീറ്റുകളിലും ഇടതുപക്ഷത്തിന് വിജയപ്രതീക്ഷയുണ്ടെന്ന് പറഞ്ഞ പന്ന്യൻ രവീന്ദ്രൻ, കേന്ദ്ര ഭരണത്തിനെതിരേ കേരളത്തിലെ ജനങ്ങളും പ്രതിഷേധത്തിലാണെന്നും കൂട്ടിച്ചേർത്തു.

എല്ലാവരും ആഗ്രഹിക്കുന്നത് മതനിരപേക്ഷ ഇന്ത്യയാണ്. അതിന് തടസമുണ്ടാക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. അതിനോട് ഉറച്ച നിലപാട് സ്വീകരിക്കാൻ കോൺഗ്രസിനാകുന്നില്ല. കഴിഞ്ഞ തവണത്തേതുപോലെ ഇത്തവണയും കോൺഗ്രസിന് സീറ്റ് ജനം നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.

Top