തിരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് വി.എസിനെ സംസ്ഥാന കമ്മിറ്റിയിലെടുക്കാന്‍ നീക്കം

തിരുവനന്തപുരം: പ്രായാധിക്യത്തിന്റെ പേരില്‍ സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ കേന്ദ്രനേതൃത്വത്തിന്റെ പിന്തുണയോടെ സംസ്ഥാന കമ്മിറ്റിയില്‍ മടങ്ങിയെത്താന്‍ സാധ്യത.

തദ്ദേശ സ്വയംഭരണ – നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് തന്നെ വി.എസിനെ സംസ്ഥാന കമ്മിറ്റിയിലെടുക്കാനുള്ള നിര്‍ദ്ദേശമാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുന്നോട്ടുവച്ചിട്ടുള്ളത്.

നിലവില്‍ 83 പേരാണ് സംസ്ഥാന കമ്മിറ്റിയിലുള്ളത്. ഇതില്‍ ഒരു സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ്. ഇത് വി.എസിന് നല്‍കണമെന്നാണ് സീതാറാം യെച്ചൂരിയുടെ നിലപാട്. കേന്ദ്രകമ്മിറ്റിയിലെ ഭൂരിപക്ഷ അംഗങ്ങളും ഇതേ നിലപാടുകാരാണ്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് ചേരുന്ന സംസ്ഥാന കമ്മിറ്റിയോ, സെക്രട്ടറിയേറ്റോ ഈ കാര്യം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നാണ് സൂചന. കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയില്‍ വി.എസിനെ സംസ്ഥാന കമ്മിറ്റിയില്‍ തിരികെ കൊണ്ടുവരണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

പിണറായി പക്ഷത്തെ ഞെട്ടിച്ചുകൊണ്ട് പി.കെ ഗുരുദാസന്‍, കെ.ചന്ദ്രന്‍പിള്ള, എസ്.ശര്‍മ, എം.സി ജോസഫൈന്‍ തുടങ്ങി പത്തോളംപേരാണ് വി.എസിനു വേണ്ടി വാദിച്ചത്. അരുവിക്കരയിലെ തോല്‍വിയില്‍ ഔദ്യോഗികപക്ഷത്തെ രൂക്ഷമായി കടന്നാക്രിമിച്ചാണ് എം. വിജയകുമാര്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ പ്രസംഗിച്ചത്.

വി.എസിന്റെ പ്രസംഗവും റോഡ് ഷോയും ആവേശം ഉയര്‍ത്തിയിട്ടും അതു വോട്ടാക്കി മാറ്റാന്‍ പാര്‍ട്ടിക്കു കഴിഞ്ഞില്ല എന്ന കുറ്റപ്പെടുത്തലും നടത്തി. അരുവിക്കരയില്‍ പാര്‍ട്ടി സംഘടനാ സംവിധാനത്തെ പൂര്‍ണമായും നിയന്ത്രിച്ച പിണറായി വിജയനുള്ള ഒളിയമ്പായിരുന്നു വിജയകുമാറിന്റെ പ്രസംഗം.

കേരളത്തില്‍ വി.എസിനെ അവഗണിച്ച് പാര്‍ട്ടിക്കു മുന്നോട്ടുപോകാനാവില്ലെന്നാണ് പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിന്റെ നിലപാട്. ഈ നിലപാട് ശരിവെക്കുന്നതാണ് വി.എസിനെ സംസ്ഥാന കമ്മിറ്റിയില്‍ തിരിച്ചെടുക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശം.

എന്നാല്‍ പി.ബി കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച് നടപടിയെടുത്തില്ലെങ്കില്‍ പാര്‍ട്ടി അച്ചടക്കത്തിന് ഒരു വിലയുമുണ്ടാകില്ലെന്നാണ് പിണറായി വിഭാഗം നേതാക്കളുടെ മുന്നറിയിപ്പ്.

അതേസമയം പാര്‍ട്ടി ജീവന്‍മരണ പോരാട്ടത്തില്‍ നില്‍ക്കെ അച്ചടക്കത്തിന്റെ പേരുംപറഞ്ഞ് ഇനിയും മുന്നോട്ട് പോയാല്‍ സംസ്ഥാനത്ത് ഇനിയൊരിക്കലും അധികാരത്തില്‍ വരാന്‍ പറ്റാത്ത സാഹചര്യമുണ്ടാകുമെന്നാണ് വി.എസ് അനുകൂലികളുടെ വാദം.

എസ്.എന്‍.ഡി.പി-ബി.ജെ.പി സഖ്യം ഇടതുമുന്നണിക്ക് ഉയര്‍ത്തുന്ന വെല്ലുവിളി അതിജീവിക്കാന്‍ വി.എസ് രംഗത്തില്ലെങ്കില്‍ അരുവിക്കര ആവര്‍ത്തിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ വാദം.

ഇക്കാര്യത്തില്‍ നിര്‍ണ്ണായക തീരുമാനമെടുക്കേണ്ടത് സംസ്ഥാന കമ്മിറ്റിയായതിനാല്‍, യെച്ചൂരിയുടെ നിര്‍ദ്ദേശം തള്ളാന്‍ ഭൂരിപക്ഷത്തിന്റെ സാങ്കേതികത്വം അവര്‍ മുന്നോട്ട് വച്ചാല്‍ വലിയ പൊട്ടിത്തെറിയിലേക്ക് തന്നെ കാര്യങ്ങള്‍ നീങ്ങിയേക്കും.

Top