തിരഞ്ഞെടുപ്പിന് ശേഷം എന്‍സിപിയുമായി സഖ്യമുണ്ടാക്കില്ലെന്ന് ബിജെപി

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം എന്‍.സി.പിയുമായി സഖ്യമുണ്ടാക്കില്ലെന്ന് ബി.ജെ,പി. ശിവസേനയുമായി 25 വര്‍ഷമായി ഉണ്ടായിരുന്ന ബന്ധം ബി.ജെ.പി അവസാനിപ്പച്ചതോടെ, എന്‍.സി.പിയുമായി സഖ്യമുണ്ടാക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ബി.ജെ.പി നിലപാട് വ്യക്തമാക്കിയത്. എന്‍.സി.പിയുമായി സഖ്യമുണ്ടാക്കുന്ന ചോദ്യം ഉദിക്കുന്നില്ലെന്നായിരുന്നു ഇതു സംബന്ധിച്ച് മഹാരാഷ്ട്രയുടെ ചുമതലയുള്ള ബി.ജെ.പി ജനറല്‍ സെക്രട്ടറി രാജീവ് പ്രതാപ് റൂഡി പ്രതികരിച്ചത്.

മഹാരാഷ്ട്രയില്‍ ബി.ജെ.പി തനിച്ച് മത്സരിക്കും. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസും എന്‍.സി.പിയും നിലനില്‍ക്കില്ലെന്നും റൂഡി പറഞ്ഞു. ബി.ജെ.പി എന്‍.സി.പിയുമായി സഖ്യമുണ്ടാക്കുമോയെന്ന ചോദ്യം തന്നെ അനാവശ്യമാണ്. മഹാരാഷ്ട്രയിലെ സ്ഥിതി ഇങ്ങനെ ആവാന്‍ കാരണം കോണ്‍ഗ്രസും എന്‍.സി.പിയും മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top