താലിബാന്‍ ആക്രമണം: ഡല്‍ഹിയിലെ സ്‌കൂളുകളിലും സുരക്ഷ ശക്തമാക്കി

ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ സൈനിക സ്‌കൂള്‍ താലിബാന്‍ ഭീകരര്‍ ആക്രമിച്ചതിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ സ്‌കൂളുകളിലും സുരക്ഷ ശക്തമാക്കി. ഡല്‍ഹിയിലെ എല്ലാ സ്‌കൂളുകളിലും ജാഗ്രത പാലിക്കാന്‍ ഡല്‍ഹി പൊലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ പരിശോധന നടത്താന്‍ ഡല്‍ഹിയിലെ 160 പൊലീസ് സ്റ്റേഷനുകളിലേക്കും ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കി. ഭീകര്‍ ഇന്ത്യയിലും ആക്രമണം നടത്തുമെന്ന ഭീതിയെ തുടര്‍ന്നാണ് സ്‌കൂളുകള്‍ നിരീക്ഷണത്തിലാക്കിയത്.

സ്‌കൂളുകളും കോളേജുകളുമായി പൊലീസ് നിരന്തരം ബന്ധപ്പെട്ടിരിക്കണം. എല്ലാ സ്റ്റേഷനുകളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സ്‌കൂളുകളില്‍ നേരിട്ട് ചെല്ലണം. സ്‌കൂള്‍ പരിസരത്ത് പ്രവേശിക്കുന്നവരെ കുറിച്ച് കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് സ്‌കൂള്‍ അധികൃതര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂളുകളുടെ വാതിലുകള്‍ എപ്പോഴും അടച്ചിടണമെന്നും നിര്‍ദ്ദേശമുണ്ട്. പൊലീസ് സംഘം സ്‌കൂളുകള്‍ക്ക് സമീപം എപ്പോഴും പട്രോളിംഗ് നടത്തണം. ക്വിക്ക് റിയാക്ഷന്‍ ടീം എപ്പോഴും സ്‌കൂള്‍ പരിസരത്ത് ഉണ്ടായിരിക്കണമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. 5000 സ്‌കൂളുകള്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

വടക്കുപടിഞ്ഞാറന്‍ നഗരമായ പെഷവാറിലെ, ആര്‍മി പബ്ലിക് സ്‌കൂളില്‍ ഇന്നലെ താലിബാന്‍ ഭീകര്‍ നടത്തിയ ആക്രമണത്തില്‍ വിദ്യാര്‍ത്ഥികളടക്കം 145 പേരാണ് കൊല്ലപ്പെട്ടത്. 120 പേരുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. സുരക്ഷാ സൈനികരുടെ വേഷത്തിലെത്തിയ ആറ് പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രാഥമി ്ര്രശുശൂഷയില്‍ പരിശീലനം നല്‍കുന്ന ഓഡിറ്റോറിയത്തിന് നേരെയായിരുന്നു ആദ്യ ആക്രമണം. വസീരിസ്താന്‍ മേഖലയിലെ തീവ്രവാദികള്‍ക്കുനേരെയുള്ള ആക്രമണത്തിന് പകരമായാണ് സ്‌കൂള്‍ ആക്രമച്ചതെന്ന് പാക് താലിബാന്‍ വക്താവ് മുഹമ്മദ് ഖൊറസാനി പറഞ്ഞിട്ടുണ്ട്.
പെഷവാര്‍ ഭീകരാക്രമണത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അപലപിച്ചിരുന്നു.

Top