എഎസ്പി മെറിന്റെ വിവാദ നടപടിക്കെതിരെ ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

തിരുവനന്തപുരം : തൊപ്പി പോലും ശരിയായ വിധത്തില്‍ ധരിക്കാതെ എം.എല്‍.എ അവാര്‍ഡ് ദാന ചടങ്ങില്‍ എം.എല്‍.എയെ ഫേട്ടോഗ്രാഫറാക്കി നടനോടൊപ്പം നിന്ന് ഫേട്ടോ എടുത്തും പത്രലേഖകനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടും വിവാദ നായികയായ എ.എസ്.പി മെറിന്‍ ജോസഫിന്റെ നടപടിയില്‍ ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

സംസ്ഥാന പോലീസ് ചീഫ് ടി.പി സെന്‍കുമാറിനോടാണ് എ.എസ്.പി ട്രെയിനിയുടെ നടപടി അന്വേഷിച്ച് അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ ആവശ്യപ്പെട്ടിരിക്കുന്നത്.

എറണാകുളം എം.എല്‍.എയുടെ വിദ്യാഭ്യാസ അവാര്‍ഡ്ദാന ചടങ്ങില്‍ പ്രാര്‍ത്ഥന ചൊല്ലികൊടുക്കുന്നതിനുവേണ്ടി എത്തിയ എ.എസ്.പി ട്രെയിനി മെറിന്‍ ജോസഫ് ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ നിവിന്‍ പോളിക്കൊപ്പം നിന്ന് ഫേട്ടോക്ക് പോസ് ചെയ്തതും എം.എല്‍.എ ഹൈബി ഈഡനെക്കൊണ്ട് ഫേട്ടോ എടുപ്പിച്ചതും വിവാദമായിരുന്നു.

നിവിന്‍ പോളിക്കൊപ്പം നിന്ന് എടുത്ത ഫേട്ടോ തത്സമയം തന്റെ മൊബൈലിലെ ഫേസ് ബുക്കില്‍ മെറിന്‍ അപ്‌ലോഡ് ചെയ്യുന്നത് അവരുടെ ‘ഭാവമാറ്റങ്ങള്‍’ ഉള്‍പ്പെടെ റിപ്പോര്‍ട്ടര്‍ ടി.വി വാര്‍ത്താ സംഘം പകര്‍ത്തിയത് നവമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഇതേ തുടര്‍ന്ന് പ്രകോപിതയായ മെറിന്‍ ജോസഫ് തന്റെ ഫേസ് ബുക്ക് പ്രൊഫൈല്‍ പിക്ചര്‍ നിവിന്‍ പോളിയുടെതാക്കി മാറ്റി റിപ്പോര്‍ട്ടര്‍ ചാനല്‍ സംഘത്തെ കടന്നാക്രമിക്കുകയായിരുന്നു.

‘സ്റ്റേജില്‍ വെറുതെയിരിക്കുമ്പോള്‍ താന്‍ പിന്നെ എന്ത് ചെയ്യണമായിരുന്നുവെന്നും, കാഴ്ചക്കാരെ സല്യൂട്ട് ചെയ്യണമായിരുന്നുവോ, ചാടിയിറങ്ങണമായിരുന്നോ, മൂലയില്‍ പോയി വെറുതെ ഇരിക്കണമായിരുന്നോ എന്നെല്ലാം ചോദിച്ച് തുടങ്ങിയ ഫേസ്ബുക്ക് പോസ്റ്റില്‍ വെറുതെ ഇരിക്കുമ്പോള്‍ ഫേട്ടോ അപ്‌ലോഡ് ചെയ്യരുതെന്ന് ഏത് നിയമമാണ് പറഞ്ഞതെന്നും എ.എസ്.പി. ചോദിച്ചിരുന്നു’

പണി ഒന്നുമില്ലാത്ത ഒരു റിപ്പോര്‍ട്ടറുടെ ശ്രദ്ധ പിടിച്ച് പറ്റിയതാണ് ആകെപ്പാടെ സംഭവിച്ചതെന്നും വാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ടര്‍ ചാനലിനെക്കുറിച്ച് ഇതുവരെ താന്‍ കേട്ടിട്ടുപോലും ഇല്ലെന്നും മെറിന്‍ കളിയാക്കിയിരുന്നു.

പണി ഒന്നുമില്ലായിരുന്നുവെന്ന് എ.എസ്.പി കളിയാക്കിയ റിപ്പോര്‍ട്ടറുടെ മിടുക്കുകൊണ്ടും ഇതുവരെ ‘കേള്‍ക്കാത്ത’ ചാനലിന്റെ പ്രഹരശേഷി കൊണ്ടുമാണ് വൈകാരികമായി ഫേസ്ബുക്കിലൂടെ പ്രതികരിക്കേണ്ടി വന്നതെന്ന യാഥാര്‍ത്ഥ്യം മറന്നുകൊണ്ടായിരുന്നു ഈ പ്രതികരണം.

ഔദ്യോഗിക ഡ്യൂട്ടിയിലല്ലായിരുന്ന സമയത്ത് അധികാര പരിധിക്ക് പുറത്തെ ചടങ്ങില്‍ യൂണിഫോമില്‍ പങ്കെടുത്തത്, പോലീസ് അച്ചടക്കത്തിന് വിരുദ്ധമായ രീതിയില്‍ തൊപ്പി ധരിച്ചത്, എം.എല്‍.എയെ ഫേട്ടോഗ്രാഫറാക്കി നടനൊപ്പം നിന്ന്‌ ഫേട്ടോ എടുത്തത്, ഫേസ് ബുക്കിലൂടെ ഒരു പോലീസ് ഓഫീസര്‍ക്ക് ചേരാത്തവിധം പ്രതികരിച്ചത് തുടങ്ങിയ കാര്യങ്ങളില്‍ അന്വേഷണം നടത്തി റിപ്പോട്ട് സമര്‍പ്പിക്കാനാണ് ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ ഡി.ജി.പിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Top