തസ്ലീമ നസ്രീനെ ഇന്ത്യയില്‍ നിന്ന് പുറത്താക്കണമെന്ന ഹര്‍ജി കോടതി തള്ളി

ന്യൂഡല്‍ഹി: വിവാദ ബംഗ്ലാദേശ് സാഹിത്യകാരി തസ്ലീമ നസ്രീനെ ഇന്ത്യയില്‍ നിന്ന് പുറത്താക്കണമെന്ന പൊതുതാല്പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി.

ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്ക് യാതൊരു താത്പര്യവുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ജി.രോഹിണിയും ജസ്റ്റിസ് ജയന്ത് നാഥും അടങ്ങിയ ബഞ്ച് ഹര്‍ജി തള്ളിയത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒ ആണ് ഹര്‍ജി നല്‍കിയത്.

ഇപ്പോള്‍ അമേരിക്കയിലുള്ള തസ്ലീമ വാര്‍ത്തയോട് ഇതുവരെ പ്രതികരിച്ചില്ല. അല്‍ഖ്വെയ്ദ ബന്ധമുള്ള ബംഗ്ലാദേശിലെ മതമൗലികശക്തികളുടെ ഭീഷണി കണക്കിലെടുത്താണ് തസ്ലീമ തത്ക്കാലത്തേക്ക് അമേരിക്കയിലേക്കു താമസംമാറിയത്.

‘ലജ്ജ’ എന്ന നോവലാണ് തസ്ലീമയെ മതമൗലികവാദികളുടെ നോട്ടപ്പുള്ളിയാക്കിയത്. വധഭീഷണിയെത്തുടര്‍ന്ന് 1994 ലാണ് അവര്‍ ബംഗ്ലാദേശ് വിട്ടത്. സ്വീഡിഷ് പൗരത്വമുള്ള അവര്‍ 20 വര്‍ഷമായി യു.എസ്സിലും യൂറോപ്പിലും ഇന്ത്യയിലുമായാണ് കഴിയുന്നത്. 2004 മുതല്‍ അവര്‍ക്ക് ഇന്ത്യ വിസ അനുവദിച്ചിട്ടുണ്ട്.

Top