ഡല്‍ഹിയില്‍ ഗര്‍ഭച്ഛിദ്രം കുത്തനെ ഉയരുന്നു; ആറു വര്‍ഷത്തിനിടെ ഒന്നരലക്ഷം ഗര്‍ഭച്ഛിദ്രം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഗര്‍ഭച്ഛിദ്രം നിരക്ക് കുത്തനെ ഉയരുന്നു. ദിവസേന 65 ഗര്‍ഭച്ഛിദ്രം ഇവിടുത്തെ ആശുപത്രികളില്‍ നടക്കാറുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഓരോ വര്‍ഷം കൂടുമ്പോഴും ഈ നിരക്ക് വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ 1,43,175 അബോര്‍ഷനുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നടത്തിയിട്ടുണ്ട്. ഈ സമയത്ത് 42 സ്ത്രീകള്‍ അബോര്‍ഷനെ തുടര്‍ന്ന് മരിക്കുകയും ചെയ്തിട്ടുണ്ട്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഈ കണക്കുകള്‍ പുറത്തു വിട്ടത്.

എന്നാല്‍, സര്‍ക്കാര്‍ ആശുപത്രികളില്‍ നടക്കുന്ന അബോര്‍ഷനുകള്‍ നിയമാനുസൃതമാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഒരുതരത്തിലുമുള്ള തിരിമറികള്‍ നടത്താനകില്ലെന്നും അവര്‍ പറയുന്നു. 2008-2009 സമയത്ത് ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ 9,504 അബോര്‍ഷനുകള്‍ നടത്തിയപ്പോള്‍ 2009 -2010 വര്‍ഷം 20,696 അബോര്‍ഷനുകളാണ് നടത്തിയത്. 2010-2011 വര്‍ഷം 26,241 അബോര്‍ഷനുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് സ്ത്രീകള്‍ അബോര്‍ഷനെ തുടര്‍ന്ന് മരിക്കുകയും ചെയതു. 2011-2012 വര്‍ഷം 27,487 അബോര്‍ഷനുകളാണ് നടന്നത്. 15 സ്ത്രീകള്‍ മരിക്കുകയും ചെയ്തു. 2012-2013 ആയപ്പോഴത്തേക്കും അബോര്‍ഷനുകളുടെ എണ്ണം 30,376 ആയി വര്‍ദ്ധിച്ചു. 2013-2014 ല്‍ 28,869 അബോര്‍ഷനുകളും നടന്നു.

സര്‍ക്കാര്‍ ആശുപത്രികളില്‍ വര്‍ദ്ധിച്ച് വരുന്ന അബോര്‍ഷനുകളെ കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലെ സ്ഥിതി ഇതാണെങ്കില്‍ സ്വകാര്യ ആശുപത്രികളില്‍ സ്ഥതി ഇതിലും ഗുരുതരമായിരിക്കുമെന്നാണ് സൂചന.

Top