തരൂരിന്റെ രാജിയില്‍ കണ്ണുംനട്ട് ബിജെപി; ആശങ്കയോടെ കോണ്‍ഗ്രസും ഇടതുമുന്നണിയും

തിരുവനന്തപുരം: സുനന്ദ പുഷ്‌കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂര്‍ എം.പി പ്രതിയാകുമെന്ന അഭ്യൂഹം ശക്തമായിരിക്കെ ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപിയും കരുനീക്കം തുടങ്ങി. നിലവിലെ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം കേന്ദ്രീകരിച്ച് നടത്താനാണ് നീക്കം. ചാനല്‍ ചര്‍ച്ചകളില്‍ പോകുന്ന നേതാക്കളോടും തരൂരിനെതിരെ ആഞ്ഞടിക്കാന്‍ ബിജെപി നേതൃത്വം പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടമായ തിരുവനന്തപുരം മണ്ഡലം ഉപതിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ പിടിച്ചെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന നേതാക്കള്‍.

വിവാഹം കഴിഞ്ഞ് 7 വര്‍ഷത്തിനുള്ളില്‍ ഭാര്യ അസ്വാഭാവിക സാഹചര്യത്തില്‍ മരിച്ചാല്‍ ഭര്‍ത്താവ് പ്രതിയാകുമെന്ന നിയമമാണ് തരൂരിന്റെ നില ഇപ്പോള്‍ പരുങ്ങലിലാക്കിയിരിക്കുന്നത്. സുനന്ദ കൊല ചെയ്യപ്പെട്ടതാണെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ പുറത്ത് വിടാത്ത ചില തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ പക്കലുണ്ടെന്നും അഭ്യൂഹമുണ്ട്

നിലവിലെ സാഹചര്യം സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്ക് ആശ്വാസകരമായതിന് മറ്റൊരു കാരണം കൂടിയുണ്ട്. നരേന്ദ്രമോഡി പ്രധാനമന്ത്രിയായതിന് ശേഷം അടിക്കടി അദ്ദേഹത്തെ പിന്‍തുണച്ചിരുന്ന ശശി തരൂരിന്റെ നടപടി ഈ കേസില്‍ നിന്ന് രക്ഷപെടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന ആരോപണം ബിജെപി നേതാക്കള്‍ക്ക് തലവേദനയായിരുന്നു.

സ്വച്ച് ഭാരത് പദ്ധതി നടപ്പക്കാനായി തരൂരിനെ ചലഞ്ച് ചെയ്ത മോഡി തരൂരിനെ അംഗീകരിക്കാനല്ല കുരുക്കാനാണ് ചലഞ്ച് ചെയ്തതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടേയും അഭിപ്രായം.

അതേസമയം തരൂരിന്റെ രാജി അനിവാര്യമായാല്‍ തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് വലിയ വെല്ലുവിളിയാകുമെന്ന വിലയിരുത്തലിലാണ് ഇടതുപക്ഷം.
കേന്ദ്രത്തിലെ അധികാരം ചൂണ്ടിക്കാട്ടി ബിജെപിക്ക് തലസ്ഥാന വാസികളെ പെട്ടെന്ന് സ്വാധീനിക്കാന്‍ കഴിയുമെന്ന ആശങ്ക കോണ്‍ഗ്രസിനുമുണ്ട്.
തിരഞ്ഞെടുപ്പ് അനിവാര്യമായാല്‍ ഒ.രാജഗോപാലിനെ  കേന്ദ്രമന്ത്രിയാക്കി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനായിരിക്കും ബിജെപി ശ്രമിക്കുകയെന്നാണ് വിലയിരുത്തപ്പെടുന്നത്.

Top