ജയലളിത രോഗശയ്യയിലെന്ന് വന്‍ അഭ്യൂഹം; നീറിപ്പുകഞ്ഞും പൊട്ടിക്കരഞ്ഞും തമിഴ് മക്കള്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജെ.ജയലളിതയുടെ ആരോഗ്യനില മോശമാണെന്ന് തമിഴ് രാഷ്ട്രീയ രംഗത്ത് അഭ്യൂഹങ്ങള്‍ പരക്കുന്നു. അടിയന്തരമായി കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്കായി ജയലളിത സിംഗപ്പൂരിലേക്ക് പോയേക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ പ്രസിഡന്റുമായ കരുണാനിധിയാണ് ജയയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്. ചെന്നൈയില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഒരു റാലിയെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു കരുണാനിധി വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്. മുഖ്യമന്ത്രി ഇല്ലാത്ത ഒരേയൊരു സംസ്ഥാനം തമിഴ്‌നാടായിരിക്കും എന്നായിരുന്നു കരുണാനിധിയുടെ ആരോപണം.

അസുഖബാധിതയായതിനാല്‍ ജയലളിതയ്ക്ക് ജോലി ചെയ്യാനാവില്ല. ജനാധിപത്യത്തില്‍, ഒരു മുഖ്യമന്ത്രിയുടെ അസുഖവിവരം മറച്ചു വയ്ക്കുന്നത് ഭൂഷണമല്ല. മുഖ്യമന്ത്രിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിടണം എന്നായിരുന്നു കരുണാനിധിയുടെ ആവശ്യം.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുറ്റവിമുക്തയായ ശേഷം മേയ് 23ന് ജയലളിത വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ചടങ്ങ് ആകെ 25 മിനിട്ടാണ് നീണ്ടത്. സത്യപ്രതിജ്ഞാചടങ്ങില്‍ ജയ ടി.വിയും സര്‍ക്കാര്‍ മാദ്ധ്യമങ്ങളും മാത്രമാണ് ഉണ്ടായിരുന്നത്. അവര്‍ക്കൊപ്പം 28 മന്ത്രിമാരും 14 പേര്‍ വീതമുള്ള രണ്ട് ബാച്ചുകളായി ‘കൂട്ടസത്യപ്രതിജ്ഞ’യാണ് ചെയ്തത്. ഇതും ജയയുടെ അനാരോഗ്യം കാരണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജൂലായ് ആദ്യം നടന്ന ഇഫ്താര്‍ പരിപാടിയില്‍ ജയലളിത പങ്കെടുത്തില്ല. പകരം ധനമന്ത്രിയും തന്റെ വിശ്വസ്തനുമായ പനീര്‍ശെല്‍വത്തെയാണ് അയച്ചത്. ആരോഗ്യ കാരണങ്ങളാല്‍ ഇഫ്താറില്‍ പങ്കെടുക്കുന്നില്ല എന്നായിരുന്നു ജയയുടെ വിശദീകരണം.

മാത്രമല്ല, മുഖ്യമന്ത്രിയായി തിരിച്ചെത്തിയ ശേഷം ചെന്നൈ മെട്രോയുടെ ഉദ്ഘാടന ചടങ്ങും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയായിരുന്നു ജയ നിര്‍വഹിച്ചത്. ജയയുടെ പാര്‍ട്ടിയായ അണ്ണാ ഡി.എം.കെയുടെ ഉടമസ്ഥതയിലുള്ള ജയ ടി.വിക്കും സര്‍ക്കാര്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കും മാത്രമാണ് ചടങ്ങില്‍ പ്രവേശനം അനുവദിച്ചത്.

ജയലളിതയുടെ ആരോഗ്യ സ്ഥിതി മോശമാണെന്ന് തമിഴ് മാദ്ധ്യമങ്ങള്‍ക്ക് അറിയാമെന്നും മനഃപൂര്‍വ്വം മൗനം പാലിക്കുകയാണെന്നും ശ്രുതിയുണ്ട്. മെട്രോ ഉദ്ഘാടനചടങ്ങില്‍ പ്രവേശനം നിഷേധിച്ചിട്ടും മാദ്ധ്യമങ്ങള്‍ എതിര്‍ ശബ്ദം ഉയര്‍ത്താത്തത് ‘സത്യം’ അറിയാവുന്നത് കൊണ്ടാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം സെക്രട്ടറിയേറ്റില്‍ എത്തുമായിരുന്നെങ്കിലും ജയലളിത 30 മിനിട്ടില്‍ കൂടുതല്‍ ഓഫീസില്‍ ചെലവഴിച്ചിരുന്നില്ല. പൊതുപരിപാടികള്‍ ഉണ്ടെങ്കില്‍ അത് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്ത ശേഷം വീട്ടിലേക്ക് മടങ്ങുമായിരുന്നു എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എപ്പോഴെല്ലാം ഓഫീസില്‍ വരുമോ അപ്പോഴെല്ലാം മാദ്ധ്യമങ്ങളെ ഒഴിവാക്കും. പടി കയറുന്നത് പോലും ചിത്രീകരിക്കാന്‍ മാദ്ധ്യമങ്ങളെ അനുവദിക്കുമായിരുന്നില്ല.

ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് ഒരു കവര്‍ സ്‌റ്റോറി മൂന്നാഴ്ച മുമ്പ്, പ്രശസ്ത ദ്വൈവാരികയായ ‘നക്കീരന്‍’ പ്രസിദ്ധീകരിച്ചിരുന്നു. ചികിത്സയ്ക്കായി ജയ ഉടന്‍ തന്നെ അമേരിക്കയിലേക്ക് പോയേക്കുമൊയിരുന്നു റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. സാധാരണ ഇത്തരം റിപ്പോര്‍ട്ടുകള്‍ക്കെതിരെ ജയലളിത നിയമനടപടിയുമായി ചാടിവീഴുകയാണ് പതിവ്.

എന്നാല്‍, ഈ വാര്‍ത്തയെക്കുറിച്ച് ജയ മൗനം പാലിച്ചു. കേസിനു പോയാല്‍ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ കോടതി മുമ്പാകെ വെളിപ്പെടുത്തേണ്ടി വരുമെന്ന ആശങ്കയാണ് ഈ മൗനത്തിന് പിന്നിലെന്ന് പറയപ്പെടുന്നു.

നിയമസഭയില്‍ ഇക്കാര്യം മറച്ചു വയ്ക്കാനാവില്ലെന്ന് അറിയാവുന്ന ജയലളിത മൂന്നു മാസമായി സമ്മേളനം വിളിച്ചു ചേര്‍ത്തിട്ടില്ല. സഭ എന്നു ചേരുമെന്ന് ആര്‍ക്കും അറിയുകയുമില്ല. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ളതിനാല്‍ അസംബ്‌ളി വിളിച്ചു ചേര്‍ക്കണമെന്ന് ഡി.എം.കെ നേതാവ് എം.കെ.സ്റ്റാലിന്‍ ആവശ്യപ്പെട്ടെങ്കിലും അതിനോടും സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.

Top