തമിഴ്‌നാട്ടില്‍ പ്രതിഷേധം ; കേരളത്തിലും ജാഗ്രത

തിരുവനന്തപുരം : തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്കെതിരായ കോടതി വിധിയിലെ പ്രതിഷേധം കേരളത്തില്‍ അക്രമത്തില്‍ കലാശിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് വിഭാഗം നല്‍കിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ പൊലീസ് ജാഗ്രത പുലര്‍ത്തുന്നുണ്ട്. എന്നാല്‍ ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ പൊലീസ് ആസ്ഥാനം തയാറായില്ല. കേരള – തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ കൂടുതല്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്കുള്ള വാഹനയാത്രക്കാര്‍ക്ക് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കേരള തമിഴ്‌നാട് അതിര്‍ത്തികളിലും കര്‍ണാടക അതിര്‍ത്തിയിലും പൊലീസ് വാഹന യാത്രക്കാര്‍ക്ക് മുന്നറിയിപ്പു നല്‍കുന്നുണ്ട്. ഒഴിവാക്കാനാകുന്ന യാത്രകള്‍ ഒഴിവാക്കണെമന്നും പൊലീസ് ആവശ്യപ്പെടുന്നുണ്ട്. തമിഴ്‌നാട്ടില്‍ വ്യാപകമായ അക്രമത്തിനു സാധ്യതയുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം.
എഐഡിഎംകെ, ഡിഎംകെ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലിനുള്ള സാധ്യതകളുണ്ടെന്നും വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടേക്കാമെന്നും പൊലീസ്. അടുത്ത ദിവസങ്ങളില്‍ തുടര്‍ച്ചയായി അവധി ദിവസങ്ങള്‍ വരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കു മലയാളികളുടെ ഒഴുക്കു തന്നെയുണ്ടായേക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ സുരക്ഷിതത്വം ഉറപ്പാക്കാനാകില്ലെന്നും യാത്രകള്‍ ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും അനൗദ്യോഗികമായി വാഹന യാത്രികരെ ഉപദേശിക്കുന്നുണ്ട്.

Top