തന്റെ കള്ളപ്പണ നിക്ഷേപം വിഎസ് തെളിയിച്ചാല്‍ പണിനിര്‍ത്തുമെന്ന് വെള്ളാപ്പള്ളി

ന്യൂഡല്‍ഹി: തനിക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. തനിക്ക് കള്ളപ്പണ നിക്ഷേപമുണ്ടെന്ന് വി.എസ് തെളിയിച്ചാല്‍ താന്‍ ഈ പണി നിറുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിക്കു വേണ്ടി പണം പിരിക്കാന്‍ തന്നെ സമീപിച്ച കാര്യം വി.എസ് മറക്കരുത്. കൂടുതല്‍ പറഞ്ഞാല്‍ തനിക്ക് അക്കഥകളൊക്കെ വെളിപ്പെടുത്തേണ്ടി വരുമെന്നും വെള്ളാപ്പള്ളി ഡല്‍ഹിയില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

പാര്‍ട്ടി കാപിറ്റല്‍ പനിഷ്‌മെന്റ് വിധിച്ചയാളാണ് വി.എസ്. അങ്ങനെയുള്ള അദ്ദേഹം പാര്‍ട്ടിയില്‍ പിടിച്ചു നില്‍ക്കാന്‍ വേണ്ടി നടത്തുന്ന തത്രപ്പാടുകളാണ് ഇതെല്ലാം. പാര്‍ട്ടിക്കു വേണ്ടാത്തയാളായി വി.എസ് മാറി. തന്നെക്കൊണ്ട് കൂടുതല്‍ പറയിപ്പിക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Top