തന്നെ ബലിയാടാക്കിയവര്‍ ഭരണ തണലില്‍ സുഖിച്ചു കഴിയുന്നു; സരിത വീണ്ടും രംഗത്ത്‌

തിരുവനനന്തപുരം: സോളാര്‍ കേസില്‍ ജോസ് കെ മാണി മാത്രമല്ല പല ഉന്നതരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സരിത എസ് നായരുടെ പുതിയ വെളിപ്പെടുത്തല്‍. എംഎല്‍എമാരും മന്ത്രിമാരും കേസിലുള്‍പ്പെട്ടിട്ടുണ്ട്.

തന്നെ ബലിയാടാക്കിയവര്‍ ഭരണത്തിന്റെ തണലില്‍ സുഖിച്ച് കഴിയുകയാണ്. പലരില്‍നിന്നും കിട്ടിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഇടപാടുകാരുമായി പല പദ്ധതികളും ചെയ്തത്. ഭരണം കയ്യിലുണ്ടെന്നതിന്റെ പേരില്‍ ആരും രക്ഷപ്പെടുന്നത് ശരിയല്ലെന്നും സരിത പറഞ്ഞു.

തന്റെ വെളിപ്പെടുത്തല്‍ അരുവിക്കര ഉപതെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്നത് തന്റെ പ്രശ്‌നമല്ല. ഭരണം കയ്യിലുണ്ടെന്ന് പറഞ്ഞ് തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കണ്ട. അഴിമതിയെക്കുറിച്ച് പറയാനുള്ളതെല്ലാം തുറന്നുപറയുക തന്നെ ചെയ്യും. തനിക്ക് വെളിപ്പെടുത്താനുള്ളത് ലൈംഗിക ആക്ഷേപങ്ങളൊന്നുമല്ല. മറിച്ച് സോളാര്‍ കേസുമായി ബന്ധപ്പെട്ടു നടന്ന അഴിമതിയെക്കുറിച്ചുള്ള വിശദാംശങ്ങളാണെന്നും സരിത വ്യക്തമാക്കി.

ഇന്നലെയാണ് സോളാര്‍ കേസുകളിലെ ആദ്യ വിധി പുറത്തു വന്നത്. സരിതക്ക് ശിക്ഷ വിധിച്ചെങ്കിലും ഒരു മാസത്തെ ജാമ്യം കോടതി അനുവദിക്കുകയായിരുന്നു.

Top