തന്നെ അപമാനിക്കാന്‍ ശ്രമിച്ചതിനാണ് ശിവദാസന്‍ നായരെ കടിച്ചതെന്ന് ജമീല പ്രകാശം

തിരുവനന്തപുരം: തന്നെ അപമാനിക്കാന്‍ ശ്രമിച്ചപ്പോഴാണു ശിവദാസന്‍ നായര്‍ എംഎല്‍എയെ കടിച്ചതെന്നു ജമീല പ്രകാശം എംഎല്‍എ. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളുടെ പിന്‍ബലത്തില്‍ എംഎല്‍എ കാര്യങ്ങള്‍ വിശദീകരിച്ചത്.

സ്ത്രീകളെ ഉപദ്രവിക്കുന്നു കണ്ടാണു ഡയസില്‍ കയറിയവര്‍ മൈക്ക് വലിച്ചെറിഞ്ഞതെന്നു ജമീല പ്രകാശം പറഞ്ഞു. മുഖ്യമന്ത്രി കുടുംബത്തോടൊപ്പം ഈ ദൃശ്യങ്ങള്‍ കാണണം. ശിവദാസന്‍ നായര്‍ ബോധപൂര്‍വ്വമാണ് ആക്രമിച്ചതെന്നും അപമാനിക്കുന്നതിന് മുഖ്യമന്ത്രി സാക്ഷിയാണെന്നും എം.എല്‍.എ പറഞ്ഞു.

ശിവദാസന്‍ നായര്‍ കാല്‍മുട്ടുകൊണ്ട് തന്നെ തള്ളി നീക്കി. ബെന്നി ബെഹനാനും ഡൊമിനിക് പ്രസന്റേഷനും മനപ്പൂര്‍വം ഉപദ്രവിച്ചു. ബിജിമോള്‍ അലറി വിളിക്കുന്നതും മുഖ്യമന്ത്രി തിരിഞ്ഞു നോക്കുമെന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ടെന്നും ജമീല പ്രകാശം വിശദീകരിക്കുന്നു.

അഞ്ച് വനിതാ എം.എല്‍.എമാരും വാര്‍ത്താസമ്മേളനത്തില്‍ പങ്കടുത്തു. നിയമസഭയില്‍ ബജറ്റ് ദിവസം ഉണ്ടായ സംഭവത്തില്‍ വനിതാ എംഎല്‍എമാരെ യുഡിഎഫ് എംഎല്‍എമാര്‍ മനഃപൂര്‍വം ഉപദ്രവിച്ചുവെന്നും വനിതാ എംഎല്‍എമാര്‍ പറഞ്ഞു.

Top