തനിക്ക് പിന്‍ഗാമിയില്ലെന്ന ദലൈലാമയുടെ വാദം മതനിന്ദയെന്ന് ചൈന

ബീജിംഗ്: തിബത്തന്‍ ആത്മീയ നേതാവ് ദലൈലമായുടെ പിന്‍ഗാമിയെ കുറിച്ചുള്ള പ്രസ്താവന മതനിന്ദയെന്ന് ചൈന. തന്റെ മരണത്തോടു കൂടി പിന്‍ഗാമിയെന്ന പാരമ്പര്യം അവസാനിക്കുമെന്നായിരുന്നു ദലൈലാമയുടെ അഭിപ്രായപ്രകടനം. ഈ പ്രസ്താവന മതത്തിനും തിബത്തിന്റെ ചരിത്രത്തിനും വിരുദ്ധമാണെന്ന് ചൈന പറയുന്നു. ദലൈലാമക്ക് ശേഷവും പിന്‍ഗാമിയെന്ന ആചാരം കര്‍ശനമായി തുടരണമെന്നും ഒരു മുതിര്‍ന്ന ചൈനീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഈ നടപടി ചൈനീസ് സര്‍ക്കാര്‍ അംഗീകരിച്ചതാണ്. ദലൈലാമയുടെ അഭിപ്രായ പ്രകടനം തിബത്തന്‍ ബുദ്ധിസത്തിന് എതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിബത്തിലെ എം പിമാരുമായി ഒരു പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ മരണ ശേഷം പകരമാരെന്ന ചോദ്യത്തിന് അറുതിവരുത്തിയാണ്, ഇനിയാരും പിന്‍ഗാമികളായി ഇല്ലെന്ന് ദലൈലാമ ചൂണ്ടിക്കാട്ടിയിരുന്നത്. ഇപ്പോഴുള്ളതിനേക്കാള്‍ ബലഹീനനായ ദലൈലാമയാണ് ഇനി വരാനുള്ളതെങ്കില്‍ അത് നിലവിലെ ദലൈലാമയുടെ മഹത്വത്തിന് കോട്ടംവരുത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. തിബത്തന്‍ ബുദ്ധിസത്തിലെ വിശ്വാസ പ്രകാരം ഈ മതത്തിലെ ഏറ്റവും ഉയര്‍ന്ന പദവിയാണ് ദലൈലാമ എന്നത്. ഇതിന് താഴെ പാഞ്ചെന്‍ലാമ എന്ന പദവിയുമുണ്ട്. ചൈന നിയോഗിച്ച 25 കാരനായ നോര്‍ബു എന്ന ആളാണ് ഇപ്പോള്‍ ഈ പദവി അലങ്കരിക്കുന്നത്. ചൈനയില്‍ നിന്ന് പുറത്താക്കപ്പെട്ട ദലൈലാമ 1959ല്‍ ഇന്ത്യയിലേക്ക് താമസം മാറ്റിയിരുന്നു.

Top