കേരളം ‘കലക്കാന്‍’ ബിജെപി; ജില്ലകളില്‍ മോഡി റാലി:50,000കോടിയുടെ പാക്കേജ്‌?

ന്യൂഡല്‍ഹി: തദ്ദേശ തിരഞ്ഞെടുപ്പ് വിധി എന്തുതന്നെയായാലും നിയമസഭാ തിരഞ്ഞെടുപ്പിലും എസ്എന്‍ഡിപി യോഗമടക്കമുള്ള ഹൈന്ദവ സംഘടനകളെ യോജിപ്പിച്ച് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ബിജെപി.

വെള്ളാപ്പള്ളി നടേശനും എസ്എന്‍ഡിപി യോഗത്തിനുമെതിരെ സിപിഎം നടത്തുന്ന പ്രചരണങ്ങളും അഴിമതി ആരോപണങ്ങളും പരാജയം മുന്നില്‍ക്കണ്ടാണെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍.

നിയമസഭാ തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റ് നേടുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി മുന്നോട്ടുപോവാനാണ് തീരുമാനം. ഇതിനായി 50,000 കോടിയുടെ പ്രത്യേക പാക്കേജ് തന്നെ കേരളത്തിനായി പ്രഖ്യാപിക്കുമെന്നാണ് കേന്ദ്ര നേതാക്കള്‍ നല്‍കുന്ന സൂചന.

പ്രധാന ജില്ലകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വന്‍ പ്രചരണ റാലികള്‍ സംഘടിപ്പിച്ച് ഇരുമുന്നികളെയും ഞെട്ടിക്കാനാണ് പദ്ധതി.

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വെള്ളാപ്പള്ളി നടേശന് പകരം അപ്രതീക്ഷിതമായ ഒരു സ്ഥാനാര്‍ഥിയുണ്ടാകുമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വം നല്‍കുന്ന സൂചന.

വെള്ളാപ്പള്ളിക്കും മകന്‍ തുഷാറിനുമെതിരെ പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന ആരോപണങ്ങള്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാവാതിരിക്കാനാണ് ഈ തന്ത്രം. ഇടഞ്ഞ് നില്‍ക്കുന്ന എന്‍എസ്എസിനേയും അനുനയിപ്പിക്കും.

പുതുമുഖങ്ങളും പൊതുസ്വീകാര്യരുമായ വ്യക്തികളെ സ്ഥാനാര്‍ഥികളാക്കി നിര്‍ത്തി നേട്ടമുണ്ടാക്കാനാണ് തീരുമാനം.

ബീഹാര്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കേന്ദ്ര മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്ക് കേരളത്തില്‍ പ്രത്യേക ചുമതല തന്നെ നല്‍കും.

ബീഹാറിന് ശേഷം ഉത്തര്‍പ്രദേശ് ഭരണം പിടിക്കുക. കേരളം, തമിഴ്‌നാട്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ കരുത്തു തെളിയിക്കുക എന്നതാണ് ബിജെപി ലക്ഷ്യം.

മോഡി നേരിട്ട് പ്രചാരണ രംഗത്തിറങ്ങുന്നത് യുവാക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിക്കുമെന്നതിനാല്‍ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലും നായകന്‍ മോഡി തന്നെയാണ്.

ഇനി അഥവാ ബീഹാറില്‍ പരാജയപ്പെട്ടാല്‍ തന്നെ അതിന് വ്യക്തമായ ന്യായീകരണവും ബിജെപിക്ക് ഉണ്ട്. കാരണം ബിജെപി ഒഴികെയുള്ള പ്രധാനപ്പെട്ട എല്ലാ പാര്‍ട്ടികളും ഒത്തുചേര്‍ന്ന മഹാസഖ്യവുമായാണ് ബിജെപിയുടെ ഒറ്റയാള്‍ പോരാട്ടം. നാമമാത്രമായ സ്വാധീനമുള്ള രാംവിലാസ് പാസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടിയും മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയുമാണ് ഇവിടെ ബിജെപി സഖ്യത്തിന്റെ ഘടകകക്ഷികള്‍.

പശ്ചിമബംഗാളില്‍ ഇടതിനെ പിന്‍തള്ളി രണ്ടാമതെത്തിയും കേരളത്തില്‍ ഇടതുപാര്‍ട്ടികള്‍ക്ക് വന്‍നാശം വിതച്ചും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചിറകരിയാനാണ് സംഘ്പരിവാര്‍ പദ്ധതി.

Top