തദ്ദേശ തെരഞ്ഞെടുപ്പില്‍ സംഘര്‍ഷ സാധ്യതതയെന്ന് ഇന്റലിജന്‍സ്; പൊലീസ് കടുത്ത ജാഗ്രതയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത് നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ചിലയിടങ്ങളില്‍ സംഘര്‍ഷ സാദ്ധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

മാറിമറിയുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താനാണ് പൊലീസ് നീക്കം.

പുതിയ സഖ്യസാധ്യതകള്‍ ഉരുത്തിരിഞ്ഞ സാഹചര്യത്തിലാണ് ചില മേഖലകളില്‍ സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുള്ളതെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തത്. പ്രാഥമികമായ വിലയിരുത്തലാണിത്. സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായിട്ടില്ല.

നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനം 14 ആണ്. അതോടെ സംസ്ഥാനത്ത് സ്ഥാനാര്‍ത്ഥിചിത്രം വ്യക്തമാകും. പുതിയ സഖ്യസാധ്യതകള്‍ എവിടെയൊക്കെയാണെന്നും തെളിയും. നിലവിലുള്ള അന്തരീക്ഷത്തില്‍നിന്ന് വത്യസ്തമായ ഒരു സാഹചര്യം രൂപപ്പെടുമെന്നാണ് ഇന്റലിജന്‍സ് കണക്കുകൂട്ടല്‍. അതിനാല്‍ സംഘര്‍ഷ സാധ്യതാ പ്രദേശങ്ങളില്‍ ശക്തമായ സുരക്ഷാസന്നാഹം ഒരുക്കും.

സംസ്ഥാനത്ത് മൂവായിരത്തോളം പ്രശ്‌നബാധിത ബൂത്തുകളുണ്ടെന്ന് കണക്കാക്കിയിട്ടുണ്ട്. ഇവയില്‍ കാല്‍ഭാഗം അതീവ പ്രശ്‌ന ബാധിത ബൂത്തുകളാണ്. സംസ്ഥാനത്തെ പൊലീസ് സേന കൂടാതെ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള സായുധസേനയേയും തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി നിയോഗിക്കും.

തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നായി മുപ്പത് കമ്പനി സായുധസേനയെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംഘര്‍ഷ മേഖലയിലും അതീവ പ്രശ്‌നബാധിത ബൂത്തുകളിലും സായുധ സേനയേയാകും സുരക്ഷയ്ക്കായി നിയോഗിക്കുക.

Top