ആദ്യം കടുത്ത ഭീഷണി പിന്നെ കീഴടങ്ങല്‍; തിരിച്ചടിയുടെ ചരിത്രം ആവര്‍ത്തിച്ച് ലീഗ്

മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാരില്‍ ഭീഷണി മുഴക്കിയ മുസ്ലീം ലീഗ് വിധി എതിരായപ്പോള്‍ പത്തിമടക്കി കീഴടങ്ങി.

പുതിയ പഞ്ചായത്തുകളുടെ രൂപവല്‍ക്കരണം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ലീഗ് നേതൃത്വം കലിതുള്ളുകയായിരുന്നു. മന്ത്രി മഞ്ഞളാംകുഴി അലിയും ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിധിക്കെതിരെ പരസ്യമായി രംഗത്തെത്തുകയും ചെയ്തു.

കൃത്യസമയത്ത് തെരഞ്ഞെടുപ്പ് നടത്തണമെന്ന കെ.പി.സി.സിയുടെയും കോണ്‍ഗ്രസ് മന്ത്രിമാരുടെയും നിലപാടിനെപ്പോലും വെല്ലുവിളിച്ച് ഭീഷണിമുഴക്കി സര്‍ക്കാരിനെക്കൊണ്ട് അപ്പീല്‍ നല്‍കിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് വൈകിയാലും പുതിയ വിഭജന പ്രകാരം തെരഞ്ഞെടുപ്പ് മതിയെന്ന പിടിവാശിയിലായിരുന്നു ലീഗ് നേതൃത്വം.

എന്നാല്‍ സിംഗിള്‍ ബെഞ്ച് വിധിക്ക് സ്റ്റേ അനുവദിക്കാതെ ചീഫ് ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച്, നിലവിലെ ഭരണസമിതിയുടെ കാലാവധി കഴിയുംമുമ്പെ തെരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ഉചിതമായ നടപടി സ്വീകരിക്കാനാണ് ഉത്തരവിട്ടത്. ഇതോടെയാണ് ലീഗിന്റെ ആവശ്യം നടക്കില്ലെന്നുറപ്പായത്.

സര്‍ക്കാരിനെതിരെ കടുത്ത തീരുമാനങ്ങളെടുക്കാനുറച്ച് മലപ്പുറത്ത് ചേര്‍ന്ന ലീഗ് ഉന്നതസമിതി യോഗത്തില്‍ പക്ഷേ നേതൃത്വം അയയുകയായിരുന്നു. പുതിയ വിഭജനപ്രകാരം മതി തെരഞ്ഞെടുപ്പെന്ന പിടിവാശി ഉപേക്ഷിക്കാനും മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ നേതൃത്വം നിര്‍ബന്ധിതരായി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഗിനു വഴങ്ങേണ്ട എന്ന സന്ദേശമാണ് കെ.പി.സി.സി നേതൃത്വം മുഖ്യമന്ത്രിക്ക് നല്‍കിയത്. ഇതോടെ സര്‍ക്കാര്‍ ഇനി അപ്പീല്‍ പോകില്ലെന്ന നിലപാട് മുഖ്യമന്ത്രിക്കും പ്രഖ്യാപിക്കേണ്ടി വന്നു. പഞ്ചായത്ത് നഗരസഭാ വിഭജനങ്ങള്‍ അനുകൂലമാക്കി ജയിച്ചു കയറാനുള്ള ലീഗിന്റെ മോഹമാണ് ഇതോടെ തകര്‍ന്നത്.

പഴയപടി തെരഞ്ഞെടുപ്പ് നടന്നാല്‍ വിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് നേതൃമാറ്റത്തിന് കളമൊരുക്കുമോയെന്ന ഭീതി മുഖ്യമന്ത്രിക്കും ‘എ’ ഗ്രൂപ്പിനുമുണ്ടായിരുന്നെങ്കിലും പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനത്തിന് അവരും വഴങ്ങുകയായിരുന്നു.

ലീഗിന്റെ ശക്തികേന്ദ്രമായ മലപ്പുറത്ത് 12 പുതിയ പഞ്ചായത്തുകളും അഞ്ച് പുതിയ നഗരസഭകളുമാണ് രൂപീകരിച്ചിട്ടുള്ളത്. ഇവയെല്ലാം ലീഗിന് ഭരണം ലഭിക്കുന്ന വിധത്തിലാണ് വിഭജിച്ചത്.

പാങ്, അന്താവൂര്‍, അരക്കുപറമ്പ്, അരിയല്ലൂര്‍, മരുത, എളങ്കൂര്‍, കരിപ്പൂര്‍, വാണിയമ്പലം, ചെമ്പ്രശേരി, വെളിമുക്ക്, കൂട്ടായി, കുറുമ്പലങ്ങോട് എന്നീ പഞ്ചായത്തുകളാണ് മലപ്പുറത്ത് പുതുതായി ഉണ്ടായത്. ഇതിനു പുറമെ അഞ്ച് പുതിയ നഗരസഭകള്‍കൂടി സൃഷ്ടിച്ചു. പരപ്പനങ്ങാടി, താനൂര്‍, തിരൂരങ്ങാടി, കൊണ്ടോട്ടി, വളാഞ്ചേരി എന്നിവയാണ് പുതിയ നഗരസഭകള്‍.

എന്നാല്‍ 2010ലെ പഴയ വിഭജനം അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തിയാല്‍ ലീഗിന്റെ ശക്തികേന്ദ്രങ്ങളായ പല പഞ്ചായത്തുകളും നഗരസഭകളും നഷ്ടമാകും. പുതിയ വിഭജനം വഴി തെരഞ്ഞെടുപ്പ് മതിയെന്ന നിലപാട് സ്വീകരിക്കാന്‍ ലീഗിനെ നിര്‍ബന്ധിതമാക്കിയത് ഈ യാഥാര്‍ത്ഥ്യമാണ്.

നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ വയനാട് മണ്ഡലത്തിനുകൂടി അവകാശവാദം ഉന്നയിച്ച ലീഗിന് ഒടുവില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ കീഴടങ്ങേണ്ടി വന്നിരുന്നു.

കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെയും കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെയും ശക്തമായ നിലപാടുകളാണ് ഇവിടെയും ലീഗ് നേതൃത്വത്തിന് തിരിച്ചടിയായിരുന്നത്.

Top