തദ്ദേശ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന് തിരിച്ചടിയായാല്‍ പൊലീസും നിറംമാറും

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വിധി ഉറ്റുനോക്കി പോലീസ് സേനയും.

മൂന്നാം ബദലിന്റെ രംഗപ്രവേശത്തോടെ വീണ്ടും യുഡിഎഫ് സര്‍ക്കാരിന് സാധ്യത കല്‍പ്പിച്ച രാഷ്ട്രീയ നിരീക്ഷകര്‍ ശാശ്വതീകാനന്ദ, മൈക്രോഫിനാന്‍സ് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മുന്‍ നിലപാടില്‍ നിന്ന് പിന്നോക്കം പോയതാണ് സര്‍ക്കാരിന്റെ ആശ്രിതവത്സലരായ പോലീസ് ഉദ്യോഗസ്ഥരെ ആശങ്കയിലാഴ്ത്തുന്നത്.

സംസ്ഥാനത്ത് ഭരണമാറ്റം നടക്കുമ്പോള്‍ ആദ്യം തെറിക്കുന്നത് ക്രമസമാധാന ചുമതലയില്‍ നിലവിലുള്ള ഉദ്യോഗസ്ഥരായതിനാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിധിയെഴുത്ത് യുഡിഎഫിന് അനുകൂലമല്ലെങ്കില്‍ ക്രമസമാധാന ചുമതലവിട്ട് സ്‌പെഷല്‍ വിഭാഗങ്ങളിലേക്ക് ചേക്കേറാനാണ് മിക്ക പോലീസ് ഓഫീസര്‍മാരുടെയും നീക്കം.

ക്രമസമാധാന ചുമതല ലഭിക്കുന്നതിന് സ്വീകരിച്ച രാഷ്ട്രീയ സ്വാധീനം തന്നെ അപ്രധാന വകുപ്പുകളിലേക്കുള്ള സ്ഥലംമാറ്റത്തിനും സ്വീകരിക്കേണ്ട ഗതികേടിലാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍.

ഇടത് അനുകൂലികളായ ഉദ്യോഗസ്ഥരാകട്ടെ അഞ്ചുവര്‍ഷം പുറത്തു നിന്നതിന്റെ ‘ക്ഷീണം’ ഇടതു ഭരണം തിരിച്ചുവന്നാല്‍ തീര്‍ക്കാമെന്ന ആത്മവിശ്വാസത്തിലുമാണ്.

തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയി ആരാണോ അതിന് അനുസരിച്ച് പോലീസ് നിറം മാറിയാല്‍ വെട്ടിലാവുക സര്‍ക്കാറാണ്.

സെന്‍സിറ്റീവായതും അല്ലാത്തതുമായ നിരവധി കേസുകള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനു ശേഷം ‘നിലപാടുകളില്‍’ മാറ്റം വരുത്തിയാല്‍ അത് നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വലിയ വെല്ലുവിളിയാകുമെന്നുറപ്പാണ്.

നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പല വിവാദ കേസുകളുടേയും ‘അണിയറ രഹസ്യങ്ങള്‍’ പുറത്ത് വരുമോയെന്ന ഭയം സര്‍ക്കാരിലെ ഉന്നതര്‍ക്കുമുണ്ട്.

സാധാരണഗതിയില്‍ ഏത് സര്‍ക്കാരിന്റെ അവസാന കാലയളവിലും പോലീസ് ‘നിറം’ മാറി സെയ്ഫാവുന്ന സാഹചര്യമാണ് നിലവിലുണ്ടായിരുന്നത്.

എന്നാല്‍ എസ്എന്‍ഡിപി-ബിജെപി കൂട്ടുകെട്ട് വരികയും അരുവിക്കരയിലടക്കം യുഡിഎഫ് വിജയിച്ചതും ജനങ്ങള്‍ക്കെന്നപോലെ പോലീസിലും കണ്‍ഫ്യൂഷനുണ്ടാക്കിയിരുന്നു.

സിപിഎം വോട്ടുകള്‍ അരുവിക്കര മോഡലില്‍ എസ്എന്‍ഡിപി സഹായത്തോടെ ബിജെപി ചോര്‍ത്തുമെന്ന പ്രചരണത്തെ തുടര്‍ന്നായിരുന്നു ഇത്.

പ്രധാനമന്ത്രിയുമായും ബിജെപി പ്രസിഡന്റ് അമിത്ഷായുമായുള്ള വെള്ളാപ്പള്ളി നടേശന്റെ കൂടി കാഴ്ച കൂടി കഴിയുകയും മൂന്നാം ബദലിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി വെള്ളാപ്പള്ളിയായി ചിത്രീകരിക്കപ്പെടുകയും കൂടി ചെയ്തതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെപോലെ പോലീസിലെ ഒരു വിഭാഗവും സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ച സ്വപ്നം കണ്ടിരുന്നു.

എന്നാല്‍ പിന്നീട് വി.എസ് വെള്ളാപ്പള്ളിക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചതും ശാശ്വതീകാനന്ദ വിവാദം വീണ്ടും ചര്‍ച്ചയായതുമെല്ലാം ആ പ്രതീക്ഷയെ ഇപ്പോള്‍ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്.

തദ്ദേശ തെരഞ്ഞെടുപ്പിലെ വിധിയെഴുത്ത് നോക്കി നിലപാട് സ്വീകരിക്കാനാണ് ഭരണപക്ഷ നേതാക്കളോട് അടുപ്പമുള്ള പൊലീസ് ഉദ്യോസ്ഥര്‍പോലും ഇപ്പോള്‍ ആലോചിക്കുന്നത്.

ഇപ്പോള്‍ മൃഗീയ ഭൂരിപക്ഷത്തിന് കേരള പൊലീസ് അസോസിയേഷന്റെ ഭരണം കയ്യാളുന്ന യുഡിഎഫ് അനുകൂലികള്‍ക്കും വരുന്ന തെരഞ്ഞെടുപ്പില്‍ വിധി നിര്‍ണ്ണായകമാണ്.

ഭരിക്കുന്നത് എത് മുന്നണിയാണോ ആ വിഭാഗത്തിനെ അനുകൂലിക്കുന്ന പൊലീസുകാരാണ് പൊലീസ് അസോസിയേഷന്റെ തലപ്പത്ത് വരാറുള്ളത്.

ഭരണമാറ്റമുണ്ടാകുമോയെന്ന് ഏറ്റവുമധികം ഉറ്റുനോക്കുന്നത് സാധാരണ പൊലീസുകാര്‍ മുതല്‍ കണ്‍ഫേര്‍ഡ് ഐപിഎസുകാരായ എസ്.പിമാരടക്കമുള്ളവരാണ്.

അധികാരമോഹികളായ വിരലിലെണ്ണാവുന്ന ഐപിഎസുകാര്‍ ഒഴിച്ചാല്‍ ബഹുഭൂരിപക്ഷംവരുന്ന ഐപിഎസുകാരും ഏത് ഭരണം വന്നാലും തങ്ങള്‍ക്ക് കണക്കാണെന്ന അഭിപ്രായത്തിലാണ് തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്.

Top