നേതൃമാറ്റത്തിന് കരുക്കള്‍ നീക്കി രമേശ് ചെന്നിത്തല; വഴങ്ങാതെ ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന് മുന്‍പ് ഭരണത്തില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പ്.

ഹൈക്കമാന്റിന് മുന്നില്‍ ഈ ആവശ്യം ഉന്നയിച്ച ചെന്നിത്തല പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണിയെയും നേരില്‍കണ്ട് നിലപാട് അറിയിച്ചിട്ടുണ്ട്. സോളാര്‍, ബാര്‍ കോഴ എന്നിവയിലെ തെളിവുകള്‍ വെച്ച് വിലപേശാനും അറ്റകൈക്ക് ചെന്നിത്തല മുതിരുമെന്ന ആശങ്കയിലാണ് എ ഗ്രൂപ്പ്. ബാര്‍ കോഴ കുരുക്കില്‍പ്പെട്ട മന്ത്രി കെ. ബാബു രാജിവെക്കേണ്ടി വന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ നില കൂടുതല്‍ പരുങ്ങലിലാകും.

എന്നാല്‍ നേതൃമാറ്റ നീക്കത്തെ ശക്തമായി എതിര്‍ക്കുകയാണ് ഉമ്മന്‍ചാണ്ടി. നെയ്യാറ്റിന്‍കര, പിറവം ഉപതെരഞ്ഞെടുപ്പിലെ വിജയവും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനവും ചൂണ്ടികാട്ടിയാണ് ഉമ്മന്‍ചാണ്ടി ഐ ഗ്രൂപ്പ് നീക്കത്തെ പ്രതിരോധിക്കുന്നത്.

പാര്‍ട്ടി ഒന്നിച്ചു നിന്നാല്‍ അടുത്ത തവണയും ഭരണം ലഭിക്കുമെന്നാണ് ഉമ്മന്‍ചാണ്ടി ഹൈക്കമാന്റിന് നല്‍കുന്ന ഉറപ്പ്. സെപ്തംബറില്‍ തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പ് നേതൃമാറ്റത്തില്‍ ഐ ഗ്രൂപ്പ് ഉറച്ചു നില്‍ക്കുകയാണെങ്കില്‍ സര്‍ക്കാര്‍ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടാനും ഉമ്മന്‍ചാണ്ടി മടിക്കില്ല.

അടുത്ത രണ്ടുമാസത്തിനുള്ളില്‍ ഒരുപക്ഷെ, മുന്നണി വിടുന്ന കാര്യത്തില്‍ ജെഡിയു തീരുമാനം വന്നേക്കാം. ആര്‍എസ്പി പിന്‍തുണയിലും യുഡിഎഫിന് ഉറപ്പില്ല. ഈ സാഹചര്യത്തില്‍ ഐ ഗ്രൂപ്പിന്റെ നീക്കവുംകൂടി മനസ്സിലാക്കി തെരഞ്ഞെടുപ്പിലേക്ക് ഉമ്മന്‍ചാണ്ടി നീങ്ങാനാണ് സാധ്യത.

പെട്ടെന്ന് തെരഞ്ഞെടുപ്പ് വന്നാല്‍ വിഭാഗീയതയില്‍ മുങ്ങികുളിച്ചു നല്‍ക്കുന്ന സിപിഎം പ്രതിസന്ധിയിലാകും. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വി.എസിനെ സംസ്ഥാന നേതൃത്വം അംഗീകരിക്കാത്തതും പിണറായിയെ മുഖ്യമന്ത്രിയാക്കുന്നതിനെ വി.എസ് എതിര്‍ക്കുന്നതും സിപിഎമ്മില്‍ വിള്ളലുണ്ടാക്കും.

ഇതില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് നേരത്തെ തെരഞ്ഞെടുപ്പ് നടത്താനുള്ള ഉമ്മന്‍ചാണ്ടിയുടെ നീക്കം. കേരളത്തില്‍ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ 13 ജില്ലകളിലും ഇടതുമുന്നണി വിജയിച്ചപ്പോള്‍ ഒരു വര്‍ഷം കാലാവധിയുണ്ടായിട്ടും ഇ.കെ നായനാര്‍ വിജയപ്രതീക്ഷയില്‍ മന്ത്രി സഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നേരിട്ടിരുന്നു.

എന്നാല്‍ സിപിഎമ്മിന്റെ വിജയപ്രതീക്ഷയെ തല്ലിക്കെടുത്തി കെ. കരുണാകരന്‍ മുഖ്യമന്ത്രിയാകുന്നതാണ് രാഷ്ട്രീയ കേരളം കണ്ടത്.

Top