തദ്ദേശ ഫലം; കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡ് ഇടപെടുന്നു;തിരുത്തല്‍ നടപടിക്ക് സാധ്യത

ന്യൂഡല്‍ഹി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടിയുണ്ടായത് സംബന്ധിച്ച് കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസനികിനോടാണ് ഹൈക്കമാന്‍ഡ് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുള്ളത്. കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായി മുകുള്‍ വാസനിക് ഉടന്‍ തന്നെ ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്.

തിരഞ്ഞെടുപ്പ് വിധി സംബന്ധമായി പ്രവര്‍ത്തക സമിതി അംഗം കൂടിയായ എ.കെ ആന്റണി കാര്യങ്ങള്‍ സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ആന്റണിയുടെ അഭിപ്രായം കേട്ടതിന് ശേഷമാണ് തോല്‍വി സംബന്ധമായ റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡ് തേടിയത്.

ബാര്‍ കോഴ വിവാദത്തേക്കാള്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ പാര്‍ട്ടിയെ കൈവിട്ടതാണ് തിരിച്ചടിക്ക് കാരണമെന്നാണ് കെപിസിസി നേതൃത്വം ഹൈക്കമാന്‍ഡിനെ അറിയിച്ച പ്രാഥമിക വിവരം.

ഇപ്പോള്‍ മാണിയുടെ രാജിയുമായി ബന്ധപ്പെട്ട വിവാദത്തേക്കാള്‍ ഹൈക്കമാന്‍ഡ് ശ്രദ്ധ കൊടുക്കുന്നത് ന്യൂനപക്ഷങ്ങളുടെ പിന്തുണ സംസ്ഥാനത്ത് ആര്‍ജ്ജിക്കുക എന്നതിനാണ്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ട് നിലനില്‍പ്പിനായി പൊരുതുന്ന കോണ്‍ഗ്രസ്സ് നേതൃത്വം ഒരു കാരണവശാലും കേരളത്തില്‍ ഭരണം നഷ്ടപ്പെടരുതെന്നാണ് ആഗ്രഹിക്കുന്നത്.

കേരളം പോലുള്ള പ്രബുദ്ധരായ വോട്ടര്‍മാരുള്ള സംസ്ഥാനത്ത് ബിജെപി മുന്നേറ്റമുണ്ടാക്കുന്നതും ഹൈക്കമാന്‍ഡിനെ ഞെട്ടിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ എസ്എന്‍ഡിപി – ബിജെപി കൂട്ടുകെട്ട് ഇടതുപക്ഷത്തിനാണ് തിരിച്ചടിയാവുകയെന്നും ഭരണത്തുടര്‍ച്ച അതുകൊണ്ടുതന്നെ ഉറപ്പാണെന്നുമായിരുന്നു മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നത്.

എന്നാല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയെ പരസ്യമായി എതിര്‍ക്കാന്‍ പോലും തയ്യാറാവാതിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നടപടി ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയെന്നും, അത് മുന്നണിക്ക് തിരിച്ചടിയായെന്നുമുള്ള നിലപാടിലാണ് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. ഇക്കാര്യം റിപ്പോര്‍ട്ട് ആയി തന്നെ അദ്ദേഹം ഹൈക്കമാന്‍ഡിന് നല്‍കുമെന്നാണ് സൂചന.

സുധീരന്‍ പരസ്യമായി തുടക്കം മുതല്‍ തന്നെ വെള്ളാപ്പള്ളിക്കും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നിരുന്നെങ്കിലും ഇത് ഗ്രൂപ്പ് മാനേജര്‍മാര്‍ക്ക് രസിച്ചിരുന്നില്ല.

സുധീരന്റെ ഈ വെള്ളാപ്പള്ളി പകക്കെതിരെ നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തി ‘നിയന്ത്രണമേര്‍പ്പെടുത്തിയ’ നേതാക്കളാണ് തിരഞ്ഞെടുപ്പിലെ തിരിച്ചടിയോടെ വെട്ടിലായിരിക്കുന്നത്.

യുഡിഎഫിന്റെ ഭാഗത്തുനിന്നടക്കമുണ്ടായ ഈ ‘വീഴ്ച’ ഫലപ്രദമായി ഉപയോഗപ്പെടുത്തി ന്യൂനപക്ഷ വോട്ടുകള്‍ അനുകൂലമാക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞതായാണ് സുധീരന്റെ നിഗമനം. ഇക്കാര്യങ്ങള്‍ കൂടി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും.

ബിജെപിക്കും വെള്ളാപ്പള്ളിക്കുമെതിരെ ഇനിയും കടുത്ത നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകാന്‍ തയ്യാറായില്ലെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് എ.കെ ആന്റണിയും മുന്നറിയിപ്പ് നല്‍കുന്നത്.

വെള്ളാപ്പള്ളിക്കെതിരെ പ്രതികരിക്കുന്നതിനെ വിലക്കിയവര്‍ക്ക് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ബാധ്യതയുണ്ടെന്നാണ് സുധീരന്‍ അനുകൂലികളും പറയുന്നത്.

അതേസമയം തോല്‍വിയുടെ ഉത്തരവാദിത്വം മുഖ്യമന്ത്രിയുടെ തലയില്‍ മാത്രം കെട്ടിവയ്ക്കരുതെന്നും മുഖ്യമന്ത്രി മാറുകയാണെങ്കില്‍ കെപിസിസി പ്രസിഡന്റും മാറണമെന്നാണ് എ ഗ്രൂപ്പിന്റെ നിലപാട്.

കോണ്‍ഗ്രസ്സ് പുനഃസംഘടന നടപ്പാക്കിയ വയനാട്ടില്‍ സിപിഎം ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത് ചൂണ്ടിക്കാട്ടിയാണ് ഈ വാദം.

നിലവിലെ സാഹചര്യം മുതലെടുക്കാന്‍ ഐ ഗ്രൂപ്പും സജീവമായി രംഗത്തുണ്ട്. രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റായിരിക്കെ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം യുഡിഎഫ് വിജയിച്ചതിനാല്‍ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്നതാണ് ‘ഐ’ ഗ്രൂപ്പിന്റെ ആവശ്യം.

മാണിയുടെ രാജിക്ക് പിന്നാലെ കെ.ബാബുവിന് നേരെ ബിജു രമേശ് വീണ്ടും കോഴ ആരോപണം ഉയര്‍ത്തിയത് അദ്ദേഹവുമായി അടുത്ത ബന്ധമുള്ള ഐ ഗ്രൂപ്പ് മന്ത്രി അടൂര്‍ പ്രകാശിന്റെ പ്രേരണയിലാണെന്നും ആക്ഷേപമുണ്ട്.

എ ഗ്രൂപ്പിനെയും മുഖ്യമന്ത്രിയെയും പ്രതിരോധത്തിലാക്കാന്‍ വേണ്ടിയാണ് ഈ നീക്കമെന്നാണ് പറയപ്പെടുന്നത്.

എന്നാല്‍ എ.കെ ആന്റണി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് ചെന്നിത്തലയുടെ കാര്യത്തില്‍ കടുത്ത എതിര്‍പ്പുള്ളത് ഐ ഗ്രൂപ്പിന്റെ സാധ്യതയ്ക്ക് തിരിച്ചടിയാണ്.

ജനങ്ങള്‍ക്ക് വിശ്വാസമുള്ള നേതാവിനെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ മാത്രമേ നിയമസഭയില്‍ നല്ല പ്രകടനം കാഴ്ചവയ്ക്കാന്‍ പറ്റൂ എന്ന നിലപാടിലാണ് എ.കെ ആന്റണി.

പൊതുസമൂഹത്തിനിടയില്‍ യുഡിഎഫിന്റെ ഭാഗത്ത് നിലവില്‍ പ്രതിച്ഛായ ഉള്ളത് സുധീരനായതിനാല്‍ അദ്ദേഹത്തെ മുന്‍നിര്‍ത്തി മുന്നോട്ട് പോകണമെന്ന അഭിപ്രായമാണ് ആന്റണിക്കുള്ളത്.

അദ്ദേഹം ഈ നിലപാട് സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും മുന്‍പില്‍ അവതരിപ്പിച്ചാല്‍ സുധീരന് തന്നെ നറുക്കു വീഴാനാണ് സാധ്യത.

Top