യുവാക്കള്‍ക്കും യുവതികള്‍ക്കും പ്രാമുഖ്യം നല്‍കാന്‍ മുഖ്യാധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കും യുവവനിതാ സ്ഥാനാര്‍ത്ഥികള്‍ക്കും പ്രാമുഖ്യം നല്‍കാന്‍ മുഖ്യാധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ നിര്‍ദ്ദേശം.

സിപിഎം നിര്‍ദ്ദേശത്തിന്റെ ചുവട് പിടിച്ച് പരമാവധി സീറ്റുകളില്‍ യുവാക്കള്‍ക്കും യുവതികള്‍ക്കും പ്രാധാന്യം നല്‍കാനാണ് കോണ്‍ഗ്രസ്-ബിജെപി പാര്‍ട്ടികളുടെ നീക്കം.

സംസ്ഥാനത്തെ വോട്ടര്‍മാരില്‍ നല്ലൊരു പങ്ക് ഇത്തവണ യുവജന സമൂഹമാണെന്നതാണ് ന്യൂജനറേഷനോട് പ്രിയം തോന്നാന്‍ രാഷ്ട്രീയ നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്.

സംവരണ മണ്ഡലങ്ങള്‍ ഉണ്ടെങ്കിലും അടിസ്ഥാന വര്‍ഗത്തില്‍പ്പെട്ടവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് നേരത്തെ സിപിഎം കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

വ്യക്തി-പാര്‍ട്ടി താല്‍പര്യങ്ങള്‍ക്കപ്പുറം വിജയസാധ്യത ലക്ഷ്യമിട്ടായിരിക്കണം ഓരോ പ്രദേശത്തേയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമെന്നാണ് സിപിഎം നേതൃത്വം അണികള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.

സിപിഎമ്മിന്റെ ഇതേ പാത പിന്തുടര്‍ന്ന് ‘ഭീഷണിയെ’ അതിജീവിക്കാനാണ് ഇപ്പോള്‍ കോണ്‍ഗ്രസ്-ബിജെപി പാര്‍ട്ടികള്‍ ശ്രമിക്കുന്നത്.

ഒരു സീറ്റിന് പോലും പഞ്ചായത്ത്-നഗരസഭാ-കോര്‍പ്പറേഷന്‍ ഭരണങ്ങള്‍ കൈവിട്ട് പോകുമെന്നതിനാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ജാഗ്രത പുലര്‍ത്താനാണ് രാഷ്ട്രീയ നേതൃത്വങ്ങളുടെ തീരുമാനം.

തങ്ങള്‍ക്ക് ലഭിക്കേണ്ട ഒരു വോട്ടുപോലും പോള്‍ ചെയ്യാതിരിക്കരുതെന്ന കര്‍ശന നിലപാടിലാണ് കേഡര്‍ പാര്‍ട്ടികളായ സിപിഎമ്മും ബിജെപിയും.

കോണ്‍ഗ്രസ്സും മുസ്ലീംലീഗുമാകട്ടെ നിഷ്പക്ഷരായ വോട്ടര്‍മാരേയും ന്യൂനപക്ഷ വിഭാഗത്തേയും സ്വാധീനിക്കാനാണ് പ്രത്യേകപദ്ധതിയൊരുക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പുള്ള ടെസ്റ്റ് റിഹേഴ്‌സലായതിനാല്‍ യുഡിഎഫിനും ഇടത്പക്ഷത്തിനും മാത്രമല്ല, അക്കൗണ്ട് തുറക്കാന്‍ കാത്തിരിക്കുന്ന ബിജെപിക്കും തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നിര്‍ണ്ണായകമാണ്.

ന്യൂജനറേഷന്‍ വോട്ടര്‍മാരെ സ്വാധീനിക്കുവാന്‍ ഫെയ്‌സ് ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങിയ സോഷ്യല്‍മീഡിയകള്‍ വഴി ശക്തമായ പ്രചാരണം നടത്താന്‍ പ്രാദേശികമായി വിവധ ഗ്രൂപ്പുകള്‍ ഇതിനകം തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിച്ചിട്ടുണ്ട്.

സിപിഎം-ബിജെപി സംഘര്‍ഷഭരിതമായ അന്തരീക്ഷം നിലവിലള്ളത് ഇരുവിഭാഗത്തിന്റേയും കേഡര്‍വോട്ടുകളില്‍ നോട്ടമിട്ട യുഡിഎഫിനെ ആശങ്കപ്പെടുത്തുന്നതാണ്.

Top