ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങും

പാലക്കാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങും.

സാധാരണ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടാതെ മാറിനില്‍ക്കാറുള്ള ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കീഴ്‌വഴക്കങ്ങള്‍ തെറ്റിച്ച് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് സജീവമായി രംഗത്തിറങ്ങിയിരുന്നത്.

മോഡിയുടെയും ബിജെപിയുടെയും വന്‍വിജയത്തിന് പിന്നില്‍ ആര്‍എസ്എസ് ന്റെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നു.

രാജ്യത്ത് ആര്‍എസ്എസിന് ഏറ്റവും അധികം ശാഖകളും പ്രവര്‍ത്തകരുമുണ്ടായിട്ടും സംഘ്പരിവാറിന്റെ രാഷ്ട്രീയ മുഖമായ ബിജെപിക്ക് ഒരു നിയമസഭാ സീറ്റില്‍ പോലും വിജയിക്കാന്‍ സാധിക്കാതിരുന്നത് കേരളത്തെ ‘ടാര്‍ഗറ്റ്’ ആയി തിരഞ്ഞെടുക്കാന്‍ ആര്‍എസ്എസ് കേന്ദ്ര നേതൃത്വത്തെ പ്രേരിപ്പിച്ച ഘടകമാണ്.

വിഎച്ച്പി നേതാവ് തൊഗാഡിയ കേരളം സന്ദര്‍ശിച്ചതും എസ്എന്‍ഡിപി യോഗവുമായി ചര്‍ച്ച നടത്തിയതും ആര്‍എസ്എസ് സൈദ്ധാന്തികന്‍ ഗുരുമൂര്‍ത്തിയുടെ സാന്നിധ്യവുമെല്ലാം സംഘ്പരിവാറിന്റെ തിരക്കഥ പ്രകാരമായിരുന്നു.

ഒടുവില്‍ ബിജെപി സംസ്ഥാന നേതൃത്വത്തെ ഒഴിവാക്കി വെള്ളാപ്പള്ളി നടേശന് പ്രധാനമന്ത്രിയെയും ബിജെപി പ്രസിഡന്റിനെയും കാണാനും കൂടിക്കാഴ്ച നടത്താനുമുള്ള സാഹചര്യവുമുണ്ടായി.

ഇവിടംവരെ കൃത്യമായ തിരക്കഥപ്രകാരം നടന്ന കാര്യങ്ങള്‍ വെള്ളാപ്പള്ളിയുടെ അസ്ഥാനത്തുള്ള ചില പരാമര്‍ശങ്ങള്‍ മൂലം വഴിമാറിപോവുന്നതില്‍ ആര്‍എസ്എസ് നേതൃത്വം ആശങ്കയിലാണ്.

ഡിസംബറില്‍ എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ പ്രത്യേക രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ സിപിഎം വോട്ടുബാങ്കില്‍ വിള്ളലുണ്ടാക്കാന്‍ കഴിയുമെന്നും ഇതുവഴി പത്ത് എംഎല്‍എമാരെയെങ്കിലും വിജയിപ്പിച്ചെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സംഘ്പരിവാര്‍ നേതൃത്വം.

വെള്ളാപ്പള്ളിയും സംഘവും ബിജെപി മുന്നണിയില്‍ നിന്ന് മത്സരിച്ചാലും സ്വതന്ത്രമായിനിന്ന് മത്സരിച്ചാലും സിപിഎം വോട്ടുബാങ്കിലെ ചോര്‍ച്ചയാണ് ആര്‍എസ്എസ് ലക്ഷ്യമിടുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പില്‍ കരുത്തുപകരുമെന്നതിനാല്‍ ആര്‍എസ്എസ് പ്രവര്‍ത്തകരോട് ബിജെപി സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ശക്തമായ ഇടപെടല്‍ നടത്താനാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം.

ഓരോ പ്രദേശത്തും നിര്‍ത്തുന്ന സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ആര്‍എസ്എസ് ഘടകത്തിന്റെ നിലപാട് കൂടി അറിഞ്ഞശേഷമേ അന്തിമ തീരുമാനമെടുക്കൂ എന്നാണ് അറിയുന്നത്.

വെള്ളാപ്പള്ളി നടേശനും കുടുംബവുമായി ബന്ധപ്പെട്ട് വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ സിപിഎം ഉയര്‍ത്തിക്കൊണ്ടുവരുന്ന ആരോപണങ്ങളില്‍ വൈകാരികമായി പ്രതികരിക്കേണ്ട എന്ന നിലപാടും ആര്‍എസ്എസ് നേതൃത്വത്തിനുണ്ട്.

പ്രാദേശിക മേഖലകളില്‍ എസ്എന്‍ഡിപി യോഗം പ്രവര്‍ത്തകരുടെയും അംഗങ്ങളുടെയും പിന്‍തുണയോടെ തിരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ടുകൊണ്ടുപോകുമെങ്കിലും അഴിമതി സംബന്ധമായ കാര്യങ്ങളില്‍ എടുത്തുചാട്ടം വേണ്ട എന്നാണ് നിര്‍ദ്ദേശം.

പ്രാദേശിക വിഷയങ്ങള്‍ അവതരിപ്പിക്കുന്നതോടൊപ്പം ഇരുമുന്നണികള്‍ മാറിമാറി ഭരിച്ചിട്ടും കേരളത്തില്‍ വികസനമെത്താത്തതും കേന്ദ്രത്തിലെ മോദി സര്‍ക്കാരിന്റെ നേട്ടങ്ങളും ബിജെപിയുടെ മുഖ്യ പ്രചരണായുധങ്ങളാണ്. 18 നും 35 നും ഇടയില്‍ പ്രായമുള്ള ചെറുപ്പക്കാര്‍ക്കിടയില്‍ മോദി ആരാധനയുണ്ടെന്നും ഇത് വോട്ടായി മാറുമെന്നുമുള്ള പ്രതീക്ഷയിലാണ് ആര്‍എസ്എസ്.

Top