തദ്ദേശ തിരഞ്ഞെടുപ്പിലെ സൂപ്പര്‍ താരങ്ങള്‍ വി.എസും വി.എം സുധീരനും മാത്രം

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലെ സൂപ്പര്‍ താരങ്ങള്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനും കെപിസിസി പ്രസിഡന്റ് വി.എം സുധീരനും.

കക്ഷി രാഷ്ട്രീയത്തിനുമപ്പുറം ഇരുവര്‍ക്കും പൊതുസമൂഹത്തിലുള്ള അംഗീകാരമാണ് ഇവരുടെ പൊതുയോഗങ്ങളില്‍ കാണുന്ന ആള്‍ക്കൂട്ടം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും യുഡിഎഫ് പക്ഷത്തും പിണറായി വിജയനും കൊടിയേരിയും എം.എ ബേബിയടക്കമുള്ളവര്‍ ഇടതുപക്ഷത്തും പ്രചരണങ്ങള്‍ നയിക്കുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പില്‍ അജണ്ട നിശ്ചയിക്കുന്നത് വി.എസിന്റെയും സുധീരന്റെയും പരാമര്‍ശങ്ങളാണ്.

നിയമസഭാ തിരഞ്ഞെടുപ്പിലെ നായകനെ ചൊല്ലിയുള്ള സുധീരന്റെ പരാമര്‍ശത്തിനെതിരെ കെ. മുരളീധരന്‍ രംഗത്തുവന്നതും വി.എസ് തന്നെ നയിക്കുമെന്ന് പറഞ്ഞ സിപിഐ നിയമസഭാ കക്ഷിനേതാവ് സി ദിവാകരനെ തള്ളിപ്പറഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തുവന്നതും ഇരു നേതാക്കളുടെയും ‘പ്രാധാന്യം’ വര്‍ധിപ്പിച്ചിരിക്കുകയാണ്.

മറ്റ്‌ നേതാക്കളില്‍ നിന്നും വ്യത്യസ്തമായി ചാനല്‍പ്പട പൂര്‍ണ്ണതോതില്‍ വി.എസിന്റെയും വി.എം സുധീരന്റെയും പിന്നാലെയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് സംബന്ധിച്ച എന്തെങ്കിലും പരാമര്‍ശങ്ങള്‍ മാത്രമല്ല, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ നായകസ്ഥാനം സംബന്ധിച്ച് ഇരുനേതാക്കളുടെയും ഭാഗത്തുനിന്ന് വല്ല പ്രതികരണവും അപ്രതീക്ഷിതമായി കിട്ടുമോ എന്നതാണ് മാധ്യമ പ്രവര്‍ത്തകര്‍ ഉറ്റുനോക്കുന്നത്.

വെള്ളാപ്പള്ളി നടേശനും ബിജെപി സഖ്യത്തിനുമെതിരെ ഏറ്റവുമധികം കടന്നാക്രമണം നടത്തിയത് വി.എസ് ആണെങ്കിലും യുഡിഎഫില്‍ ആ കടമ നിര്‍വ്വഹിച്ചത് സുധീരനാണ്.

എസ്എന്‍ഡിപി യോഗ നേതൃത്വത്തിനും ബിജെപിക്കുമെതിരെ വി.എസിന്റെ പോരാട്ടങ്ങളെയും അദ്ദേഹത്തിന്റെ പൊതുജന സമ്മിതിയെയും അംഗീകരിച്ചുകൊണ്ടാണ് കെപിസിസി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഞായറാഴ്ച ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ പ്രതികരണം നടത്തിയതെന്നതും ശ്രദ്ധേയമാണ്.

ബിജെപിയുടെ മുന്നേറ്റത്തെ പ്രതിരോധിക്കാന്‍ വി.എസിന്റെ നിലപാടുകളാണ് ഏറ്റവുമധികം സഹായകരമായതെന്ന അഭിപ്രായം യുഡിഎഫിലെ ഘടകകക്ഷികള്‍ക്കിടയിലും ശക്തമാണ്.

സിപിഎം പ്രവര്‍ത്തകരാകട്ടെ വി.എസിന്റെ സാന്നിധ്യത്തെ ആഘോഷത്തോടുകൂടിയാണ് കൊണ്ടാടുന്നത്.

ഉമ്മന്‍ചാണ്ടിയുടെ സ്വാധീനവും സുധീരനുള്ള പൊതുസമൂഹത്തിന്റെ അംഗീകാരവും വോട്ടാക്കാനാണ് യുഡിഎഫിന്റെ ശ്രമം. വെള്ളാപ്പള്ളിക്കെതിരെ മുഖ്യമന്ത്രി ഇതുവരെ വാ തുറക്കാത്തതിനാല്‍ ഭൂരിപക്ഷമേഖലകളില്‍ സുധീരന്‍ തന്നെയാണ് മുന്നണിയുടെ തുറുപ്പുചീട്ട്.

പിണറായി വിജയനും കോടിയേരിയും ശക്തമായി രംഗത്തുണ്ടെങ്കിലും ഇളക്കിമറിച്ച തേരോട്ടം നടത്തുന്നത് ഇടതുമുന്നണിയില്‍ വി.എസ് മാത്രമാണ്.

ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരനടക്കമുള്ളവര്‍ രംഗത്തുണ്ടെങ്കിലും ആര്‍എസ്എസിന്റെ സംഘടനാ സംവിധാനത്തിലാണ് ബിജെപിയുടെ പ്രവര്‍ത്തനം നീങ്ങുന്നത്.

എസ്എന്‍ഡിപി യോഗത്തിനാവട്ടെ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മൈക്രോഫിനാന്‍സ് സംബന്ധമായി ഓരോ ദിവസവും പുതിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതും വി.എസിന്റെ കടന്നാക്രമണങ്ങളും കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

എസ്എന്‍ഡിപിയോഗം നേതൃത്വത്തിനെതിരായ ആരോപണങ്ങള്‍ ബിജെപി സ്ഥാനാര്‍ഥികളുടെ വിജയത്തെ ബാധിക്കുമോ എന്ന ആശങ്ക ബിജെപി അണികള്‍ക്കിടയിലും ശക്തമാണ്.

Top