തദ്ദേശ തിരഞ്ഞെടുപ്പിന് ‘എ’ ഗ്രൂപ്പിന്റെ മാസ്റ്റര്‍ പ്ലാന്‍; നേതൃത്വം നല്‍കുന്നത് മുഖ്യമന്ത്രി തന്നെ

തിരുവനന്തപുരം: കോണ്‍ഗ്രസ്സിലെ ഐ വിഭാഗത്തെ ഒതുക്കാന്‍ എ വിഭാഗത്തിന്റെ കരുനീക്കം. വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സ്വന്തം ഗ്രൂപ്പുകാരായ പ്രവര്‍ത്തകരെ പരമാവധി മത്സരിപ്പിക്കാനാണ് നീക്കം.

ഇടത് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ പൊതുസമ്മതനെ നിര്‍ത്തേണ്ട സാഹചര്യമുണ്ടായാലും അത് ‘എ’ ഗ്രൂപ്പിന്റെ അക്കൗണ്ടില്‍ നില്‍ക്കണമെന്ന നിര്‍ദ്ദേശമാണ് കീഴ്ഘടകത്തിലെ ഗ്രൂപ്പ് നേതാക്കള്‍ക്ക് നേതൃത്വം നല്‍കുന്നത്.

തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന വിലപേശലില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണ നിയന്ത്രണം നഷ്ടപ്പെടാതിരിക്കാനാണിത്.

വാര്‍ഡ്തലം മുതല്‍ തന്നെ ത്രികോണ മത്സരത്തിന് സാധ്യത ഉള്ളതിനാല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വിജയ സാധ്യത നേതൃത്വം കാണുന്നുണ്ടെങ്കിലും ജനസ്വാധീനമുള്ളവരെ തേടിപിടിച്ച് നിര്‍ത്തി അട്ടിമറി വിജയത്തിന് ഇടത് പക്ഷം ശ്രമിക്കുമോ എന്ന ഭയം എ ഗ്രൂപ്പിനുണ്ട്.

കഴിഞ്ഞ തവണത്തെ വിജയം ഇത്തവണ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് മുഖ്യമന്ത്രിയുടെയും ഭരണത്തിന്റെയും വിലയിരുത്തലായി ചിത്രീകരിച്ച് നേതൃമാറ്റത്തിന് വീണ്ടും ഐ ഗ്രൂപ്പ് ആവശ്യം ഉന്നയിക്കുമെന്നും എ വിഭാഗം പ്രതീക്ഷിക്കുന്നുണ്ട്.

അരുവിക്കര നല്‍കിയ ആത്മവിശ്വാസം തദ്ദേശ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ടാല്‍ അപകടമാണെന്ന തിരിച്ചറിവില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ടാണ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുന്നത്.

ഗ്രൂപ്പ് തിരിച്ചുള്ള വീതം വയ്പ് എന്നതിലുപരി വിജയസാധ്യതയുള്ളവരെ സ്ഥാനാര്‍ത്ഥികളാക്കുക എന്ന നിലപാടാണ് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരനുള്ളത്.

ഈ നിലപാട് ‘എ’-‘ഐ’ ഗ്രൂപ്പുകള്‍ അംഗീകരിക്കുന്നുണ്ടെങ്കിലും വിജയം മാത്രമണ് ലക്ഷ്യമെന്ന മുഖ്യമന്ത്രിയുടെ താല്‍പ്പര്യം മുന്‍നിര്‍ത്തി ‘എ’ ഗ്രൂപ്പ് ചില വിട്ടുവീഴ്ചകള്‍ ചെയ്യുമെന്നാണ് സൂചന.

കുടുംബശ്രീ പ്രവര്‍ത്തകര്‍ അടക്കം താഴെത്തട്ടില്‍ ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന വിഭാഗങ്ങളുമായി സി.പി.എമ്മിനും ഇടത് പാര്‍ട്ടികള്‍ക്കുമുള്ള വലിയ സ്വാധീനമാണ് വരുന്ന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

എന്നാല്‍ ബി.ജെ.പിയും ആം ആദ്മി പാര്‍ട്ടി അടക്കമുള്ള മറ്റ് ചില വിഭാഗങ്ങളും സ്വതന്ത്രരുമെല്ലാം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സര രംഗത്തുണ്ടാകുമെന്നതിനാല്‍ ഇടത് വോട്ട് ബാങ്കില്‍ വലിയ ചോര്‍ച്ചയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍.

തദ്ദേശ തിരഞ്ഞെടുപ്പില്‍ പരാജയം സംഭവിച്ചാല്‍ നേതൃമാറ്റം നടക്കുമെന്ന പ്രതീക്ഷയില്‍ ‘ഐ’ ഗ്രൂപ്പ് പാലം വലിക്കുമോയെന്ന ആശങ്ക ‘എ’ വിഭാഗത്തിനുണ്ട്. ഇതുകൂടി പരീഗണിച്ചാണ് പരമാവധി സീറ്റുകളില്‍ ഗ്രൂപ്പിനൊപ്പം നില്‍ക്കുന്നവരെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ശ്രമിക്കുന്നത്.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിച്ചാല്‍ നിയമസഭാ കാലാവധിക്ക് മുന്‍പ് തന്നെ പൊതു തിരഞ്ഞെടുപ്പിനെ നേരിടാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നീക്കമെന്നാണ് സൂചന.

Top