തദ്ദേശ വിധി; ഉമ്മന്‍ചാണ്ടിയുടെ കാര്യവും പരുങ്ങലില്‍; നേതൃമാറ്റത്തിനും സാധ്യത

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേതൃസ്ഥാനം ഒഴിയേണ്ടിവന്നേക്കും.

ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ ഇടതുപക്ഷം ഉണ്ടാക്കിയ മുന്നേറ്റം മുഖ്യമന്ത്രിയുടെ മൃദുസമീപനം വഴി ഉണ്ടായതാണെന്ന് കോണ്‍ഗ്രസ്സിലും ഘടകകക്ഷി നേതാക്കള്‍ക്കിടയിലും ശക്തമായ അഭിപ്രായം ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്.

എസ്എന്‍ഡിപിയുടെ പിന്തുണ ഗുണമായിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ബിജെപി നേടിയ നേട്ടങ്ങള്‍ ചെറുതായി കാണാന്‍ കഴിയില്ലെന്നാണ് കെപിസിസി പ്രസിഡന്റ് വിഎം സുധീരനടക്കമുള്ളവര്‍ നല്‍കുന്ന സൂചന.

വര്‍ഗ്ഗീയതയ്‌ക്കെതിരായ ശക്തമായ നിലപാടുമായി മുന്നോട്ടുപോവാന്‍ ഇനിയും തയ്യാറായില്ലെങ്കില്‍ വലിയ തിരിച്ചടി നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേരിടേണ്ടി വരുമെന്നാണ് മുസ്ലീം ലീഗ് നേതൃത്വമടക്കം ചൂണ്ടിക്കാട്ടുന്നത്. മലപ്പുറം ജില്ലയിലെ ലീഗ് ശക്തികേന്ദ്രമായ കൊണ്ടോട്ടി,തിരൂര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ അപ്രതീക്ഷിതമായി തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത് ലീഗിന് കനത്ത പ്രഹരമായിട്ടുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് മിന്നുന്ന വിജയം നേടിയ ആര്‍എസ്പിയും തിരഞ്ഞെടുപ്പു വിധി വന്നതോടെ തകര്‍ന്നടിഞ്ഞിരിക്കുകയാണ്.

ഇടതുപക്ഷത്തിന്റെ വര്‍ഗ്ഗീയ വിരുദ്ധ നിലപാടുകള്‍ക്കുള്ള അംഗീകാരമായിട്ടാണ് മറ്റൊരു യുഡിഎഫ് ഘടകകക്ഷിയായ ജനതാദള്‍ (യു) തിരഞ്ഞെടുപ്പ് വിധിയെ കാണുന്നത്.

ഘടകകക്ഷികളെല്ലാം തോല്‍വിയുടെ പാപഭാരം മുഖ്യമന്ത്രിയുടെയും കോണ്‍ഗ്രസ്സിന്റെയും തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമത്തിലാണ്.

വെള്ളാപ്പള്ളി നടേശനെതിരെ ഒരു വാക്കുപോലും പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രിയുടെയും രമേശ് ചെന്നിത്തലയുടെയും നടപടി ബിജെപി-എസ്എന്‍ഡിപി യോഗം കൂട്ടുകെട്ടിനെതിരെ ആഞ്ഞടിച്ച വിഎസ് അച്യുതാനന്ദനും മറ്റ് സിപിഎം നേതാക്കളും ആയുധമാക്കിയതാണ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ഇടതിന് അനുകൂലമായ നിലപാടുണ്ടാക്കിയതെന്നാണ് യുഡിഎഫിലെ പ്രബല വിഭാഗം വിലയിരുത്തുന്നത്.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആക്രമണം കൂടുതല്‍ രൂക്ഷമാവുമെന്ന് ഉറപ്പായതിനാല്‍ പുതിയ നേതൃത്വത്തിന് കീഴില്‍ ജനവിധി തേടുന്നതാണ് ഉചിതമെന്ന നിലപാട് ലീഗ് നേതൃത്വത്തിനിടയിലും ശക്തമാണ്.

വിഎം സുധീരനെ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചാല്‍ പിന്തുണയ്ക്കുമെന്നാണ് ലീഗ് കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.

തദ്ദേശ വിധി മാതൃകയില്‍ തിരിച്ചടി നേരിട്ടാല്‍ നിയമസഭാ സീറ്റുകള്‍ സ്വന്തം തട്ടകത്തില്‍ പോലും നഷ്ടമാകുമെന്ന ഭീതിയും ലീഗിനുണ്ട്.

തിരഞ്ഞെടുപ്പ് വിധിയുടെ അടിസ്ഥാനത്തില്‍ ഇടത്തോട്ട് മടങ്ങാന്‍ ജനതാദള്‍ (യു)വും ആര്‍എസ്പിയും തയ്യാറായേക്കുമെന്ന പ്രചരണം കോണ്‍ഗ്രസ്സ് നേതാക്കളെയും ആശങ്കയിലാഴ്ത്തുന്നുണ്ട്.

എല്ലാ പാപഭാരവും മുഖ്യമന്ത്രിയുടെ നേര്‍ക്ക് വരുന്നതിനാല്‍ കോണ്‍ഗ്രസ്സിലെ എ ഗ്രൂപ്പും കടുത്ത പ്രതിരോധത്തിലാണ്.

ഈ സാഹചര്യം മുതലാക്കി രമേശ് ചെന്നിത്തലയും നേതൃസ്ഥാനം ലക്ഷ്യമിട്ട് ഇതിനകം തന്നെ കരുക്കള്‍ നീക്കി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന് വേണ്ടത്ര പിന്തുണ പാര്‍ട്ടിക്കകത്തും മുന്നണിക്കകത്തും ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ഇപ്പോഴത്തെ സാഹചര്യത്തില്‍ പതിമൂന്നിന് നടക്കുന്ന കെപിസിസി ഭാരവാഹികളുടെ യോഗവും തുടര്‍ന്ന് നടക്കുന്ന നിര്‍വാഹക സമിതി യോഗവും പ്രക്ഷുബ്ധമാകുമെന്നാണ് സൂചന.

മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിച്ചാല്‍ പ്രതിരോധിക്കാനാണ് എ വിഭാഗത്തിന്റെ തീരുമാനമെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ അവരും ആശങ്കയോടെയാണ് കാണുന്നത്.

ബാര്‍ കോഴ കേസില്‍ മന്ത്രി കെഎം മാണിയെ സംരക്ഷിച്ച് നിര്‍ത്തിയ മുഖ്യമന്ത്രിയുടെ നടപടിയും തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ഒരു പ്രധാന കാരണമായതായി കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായമുണ്ട്.

മാണി രാജിവയ്ക്കുകയാണെങ്കില്‍ സര്‍ക്കാര്‍ വീഴുമെന്ന ഭീഷണിക്ക് മുഖ്യമന്ത്രി വഴിപ്പെട്ടത് ശരിയായില്ലെന്നും അഴിമതിക്കേസില്‍ കുരുങ്ങിയ മാണിയെ ഒരിക്കലും ഇടതുപക്ഷം അടുപ്പിക്കില്ലെന്നുമാണ് കോണ്‍ഗ്രസ്സിലെ ബഹുഭൂരിപക്ഷം നേതാക്കളും പറയുന്നത്.

അതുകൊണ്ടുതന്നെ ഹൈക്കോടതി നിലപാട് കൂടി വ്യക്തമായ സ്ഥിതിക്ക് കെഎം മാണിയെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് കെപിസിസി യോഗത്തില്‍ ആവശ്യപ്പെടാന്‍ ഒരുവിഭാഗം തീരുമാനിച്ചിട്ടുണ്ട്.

നേതൃമാറ്റമില്ലാതെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കമാന്‍ഡിനെ സമീപിക്കാനും ഈ വിഭാഗത്തിന് നീക്കമുണ്ട്.

ഭരണ തുടര്‍ച്ചയുണ്ടാകാന്‍ ആന്റണിയായാലും സുധീരനായാലും പിന്തുണക്കാമെന്ന നിലപാടിലേക്ക് രണ്ടു ഗ്രൂപ്പുകളിലേയും ഒരു വിഭാഗവും, ഘടകകക്ഷികളും മാറിയതിനാല്‍ വരും നാളുകള്‍ ഉമ്മന്‍ ചാണ്ടിയെ സംബന്ധിച്ച് അഗ്നിപരീക്ഷണമാകും.

Top