തദ്ദേശഭരണ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു

തിരുവനന്തപുരം: തദ്ദേശഭരണ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് മലപ്പുറം ഒഴികെയുള്ള ആറു ജില്ലകളില്‍ അവസാനിച്ചു. രണ്ടാംഘട്ട വോട്ടെടുപ്പില്‍ 74 ശതമാനം പോളിങ് രേഖപ്പെടുത്തി. വോട്ടിങ് മെഷീന്‍ തകരാറിലായതിനെത്തുടര്‍ന്ന് വോട്ടിങ് തടസ്സപ്പെട്ട മലപ്പുറം ജില്ലയിലെ ബൂത്തുകളില്‍ രാത്രി ഏഴുവരെ വോട്ട് ചെയ്യാം. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമയം നീട്ടി നല്‍കാന്‍ തീരുമാനമായത്.

കോട്ടയം 77,പത്തനതിട്ട 70, ആലപ്പുഴ 77, എറണാകുളം 73, തൃശൂര്‍ 71, പാലക്കാട് 77 എന്നിങ്ങനെയാണ് നിലവിലെ പോളിങ് ശതമാനം.

വോട്ടെടുപ്പ് തടസപ്പെട്ട തൃശൂര്‍ ജില്ലയിലെ നാല് ബൂത്തുകളില്‍ നാളെ റീ പോളിങ് നടത്തും. തൃശൂര്‍ അരിമ്പൂര്‍ ഗ്രാമപഞ്ചായത്തിലെ പതിമൂന്ന്, പതിനേഴ് വാര്‍ഡുകള്‍, തിരുവില്വാമലയിലെ പതിനഞ്ചാം വാര്‍ഡ്, പഴയന്നൂരിലെ ഇരുപതാം വാര്‍ഡ് വാര്‍ഡ് എന്നിവിടങ്ങളിലാണ് റീ പോളിങ്. യന്ത്രത്തകരാര്‍ മൂലം നിര്‍ത്തിവെച്ച പോളിങ് പുനരാരംഭിക്കാന്‍ സാധിക്കാത്തതാണ് കാരണം.

ഉമ്മന്‍ ചാണ്ടിയുടെയും കെ എം മാണിയുടെയും ജില്ലയായ കോട്ടയത്ത് രാവിലെ മുതല്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. ബാര്‍കോഴക്കേസും സോളാര്‍ കേസും സജീവമായി ചര്‍ച്ച ചെയ്യപ്പെട്ട ഇവിടെ വോട്ടര്‍മാര്‍ ആവേശപൂര്‍വമാണ് പോളിങ് ബൂത്തിലേക്ക് ഒഴുകിയെത്തിയത്.

തൃശൂരില്‍ 54 ഇടത്ത് വോട്ടിംഗ് മെഷിനുകള്‍ പണിമുടക്കി . നാലിടത്ത് വോട്ടെടുപ്പ് തുടങ്ങി ഒരു മണിക്കൂറിന് ശേഷമാണ് യന്ത്രങ്ങള്‍ തകരാറിലായത് . അട്ടിമറി ശ്രമമാണെന്ന് വിലയിരുത്തിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഭവം അന്വേഷിക്കാന്‍ പൊലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

ആലപ്പുഴ ജില്ലയിലാണ് ഉച്ചവരെ ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്. എറണാകുളത്തും പത്തനംതിട്ടയിലും പാലക്കാടും മഴ വോട്ടെടുപ്പിനെ കാര്യമായി ബാധിച്ചു . പല ബൂത്തുകളിലും വെള്ളം കയറി. പാലക്കാട് ജില്ലയില്‍ അട്ടപ്പാടി മേഖലയിലെ ബൂത്തുകള്‍ മഴയില്‍ ഒറ്റപ്പെട്ടു.

Top