മുഖ്യമന്ത്രി,വെള്ളാപ്പള്ളി,മാണി,മുരളീധരന്‍, എന്നിവരുടെ ഭാവി നിര്‍ണ്ണയിക്കുന്ന വിധി

തിരുവനന്തപുരം: യന്ത്രത്തകരാറ് മൂലം ചില ഒറ്റപ്പെട്ട ബൂത്തുകളില്‍ നാളെ റീ പോളിംഗ് നടക്കുമെങ്കിലും 99 ശതമാനം വോട്ടെടുപ്പും പൂര്‍ത്തീകരിച്ചതോടെ ആത്മവിശ്വാസത്തോടും ആശങ്കയോടും രാഷ്ട്രീയ പാര്‍ട്ടികള്‍.

കണക്കുകള്‍ കൂട്ടിക്കിഴിച്ച് ആദ്യഘട്ട വോട്ടെടുപ്പില്‍ വന്‍ വിജയം നേടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ഇടതുമുന്നണി രണ്ടാം ഘട്ടവോട്ടെടുപ്പ് പൂര്‍ത്തീകരിച്ചപ്പോഴും കണക്കുകള്‍ നിരത്തി തകര്‍പ്പന്‍ വിജയം കരസ്ഥമാക്കുമെന്ന നിലപാടിലാണ്.

യുഡിഎഫ് ആകട്ടെ ഇടതുവോട്ട് ബാങ്കില്‍ ചോര്‍ച്ചയുണ്ടാവുമെന്നും അത് വലിയ രൂപത്തില്‍ മുന്നണിക്ക് നേട്ടമാകുമെന്നുമാണ് കണക്കുകൂട്ടുന്നത്.

ഇരുമുന്നണികള്‍ക്കും വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞതിനാല്‍ ചരിത്ര മുന്നേറ്റം ഇത്തവണ ബിജെപി -എസ്എന്‍ഡിപി യോഗം സഖ്യത്തിന് നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി -ആര്‍എസ്എസ് നേതൃത്വം.

അടുത്തമാസം കേരള യാത്രയുടെ സമാപനത്തോടെ പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുന്ന എസ്എന്‍ഡിപി യോഗത്തെ സംബന്ധിച്ച് മുന്നോട്ടുള്ള പ്രയാണത്തിന് ബിജെപി -എസ്എന്‍ഡിപി സഖ്യത്തിന്റെ വിജയം അനിവാര്യമാണ്.

കഴിഞ്ഞ തവണ കിട്ടിയതില്‍ നിന്ന് എത്ര മുന്നേറ്റം ബിജെപി മുന്നണി നടത്തിയാലും അത് തങ്ങളുടെ പിന്തുണ കൊണ്ടാണെന്ന് അവകാശപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍ രംഗത്തുവരുമെന്നും ഉറപ്പാണ്. മറിച്ചായാല്‍ അത് എസ്എന്‍ഡിപി യോഗത്തിന്റെ രാഷ്ട്രീയ പ്രഖ്യാപനത്തെ മാത്രമല്ല ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ വെള്ളാപ്പള്ളിയുടെ നിലനില്‍പ്പ് തന്നെയും ചോദ്യം ചെയ്യപ്പെടുന്നതിലേക്ക് കാര്യങ്ങള്‍ പോകും.

ഇടതുമുന്നേറ്റമുണ്ടായാല്‍ സംസ്ഥാനത്തെ പല എസ്എന്‍ഡിപി ഘടകങ്ങളും നിലപാട് മാറ്റി രംഗത്തിറങ്ങുമോയെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.

ശാശ്വതീകാനന്ദയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് തുടരന്വേഷണം നടക്കുന്ന പശ്ചാത്തലത്തില്‍ വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനമൊഴിയണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടത് യോഗത്തിലെ വെള്ളാപ്പള്ളി വിരുദ്ധര്‍ ഏറ്റുപിടിക്കാതിരിക്കാന്‍ നേതൃത്വം നിരീക്ഷണം ശക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സംബന്ധിച്ചും തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വളരെ നിര്‍ണ്ണായകമാണ്. യുഡിഎഫിന് പരാജയം ഉണ്ടായാല്‍ നേതൃമാറ്റം ആവശ്യപ്പെട്ട് പാര്‍ട്ടിയില്‍ കലാപമുയരും.

നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡ് നിര്‍ബന്ധിതമാകാനും അത്തരമൊരു സാഹചര്യം വഴിയൊരുക്കും.

മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് രമേശ് ചെന്നിത്തല രംഗത്തുണ്ടെങ്കിലും ദേശീയ രാഷ്ട്രീയത്തില്‍ നിലനില്‍പ്പിന് തന്നെ കേരളത്തിലെ വിജയം അനിവാര്യമായതിനാല്‍ ഒരു പരീക്ഷണത്തിന് ഹൈക്കമാന്‍ഡ് മുതിരാന്‍ സാധ്യത കുറവായതിനാല്‍ ആന്റണിയും സുധീരനുമായിരിക്കും ഹൈക്കമാന്‍ഡിന്റെ പ്രഥമ പരിഗണനയിലെന്നാണ് റിപ്പോര്‍ട്ട്. ആന്റണിക്ക് മത്സരിക്കാന്‍ താല്‍പര്യമില്ലെങ്കിലും ഹൈക്കമാന്‍ഡ് അത്തരമൊരു നിര്‍ദ്ദേശം വച്ചാല്‍ ആ നിലപാടിനെ പിന്‍തുണയ്ക്കാനാണ് സുധീരന്റെ തീരുമാനം.

മറിച്ച് വിജയം ആവര്‍ത്തിക്കാന്‍ യുഡിഎഫിന് കഴിഞ്ഞാല്‍ നേതൃമാറ്റം എന്ന ആവശ്യത്തിന് തന്നെ പ്രസക്തിയില്ലാത്ത സാഹചര്യമുണ്ടാകും.

സിപിഎമ്മിനെ സംബന്ധിച്ച് കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായുണ്ടായ തിരിച്ചടിക്ക് കനത്ത ഒരു പ്രഹരമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ലക്ഷ്യമിടുന്നത്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കൂടെയുണ്ടായിരുന്ന ആര്‍എസ്പി, ജനതാദള്‍ (യു) ഘടകകക്ഷികള്‍ യുഡിഎഫ് പാളയത്തിലെത്തിയതിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടന്നത് എന്നതിനാല്‍ വിജയം ഇടതിനെ സംബന്ധിച്ച് അഭിമാനപ്രശ്‌നം കൂടിയാണ്.

തിരിച്ചടി നേരിടുകയാണെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രതീക്ഷകളെയും അത് സാരമായി ബാധിക്കും. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം മുന്നണിയിലേക്ക് തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പഴയ ഘടക കക്ഷികള്‍ യുഡിഎഫില്‍ തന്നെ തുടരാനും അത് വഴിവയ്ക്കും.

എസ്എന്‍ഡിപി യോഗം – ബിജെപി കൂട്ടുകെട്ടിന്റെ മുന്നേറ്റം മൂലമാണ് ഇടതിന് തിരിച്ചടി ലഭിക്കുന്നതെങ്കില്‍ അത് പ്രത്യയശാസ്ത്രപരമായും സിപിഎമ്മിന് വലിയ വെല്ലുവിളിയാകും.

പിണറായിയെ സംബന്ധിച്ചും വി.എസിനെ സംബന്ധിച്ചും വ്യക്തിപരമായി ടാര്‍ഗെറ്റ് ചെയ്യുന്ന രൂപത്തിലേക്ക് വിമര്‍ശനം പോകാന്‍ ഇടയില്ലെന്നത് അവരെ സംബന്ധിച്ച് ആശ്വാസകരമാണ്.

അതേസമയം നിലവിലെ സാഹചര്യത്തില്‍ തകര്‍പ്പന്‍ വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ലന്നും വിധിയെഴുത്തോടെ യുഡിഎഫും ബിജെപി- എസ്എന്‍ഡിപി സഖ്യവും തകര്‍ന്നടിയുമെന്നുമാണ് സിപിഎമ്മിന്റെ അവകാശവാദം.

Top