തച്ചങ്കരി വിവാദം:രമേശ് ചെന്നിത്തലയുടെ ‘പ്രതിച്ഛായ’ തകര്‍ക്കാന്‍ അണിയറ നീക്കം

തിരുവനന്തപുരം: തച്ചങ്കരിയെ മുന്‍നിര്‍ത്തി രമേശ് ചെന്നിത്തലയുടെ അഴിമതി വിരുദ്ധ ‘പ്രതിച്ഛായ’ തകര്‍ക്കാന്‍ ആസൂത്രിത നീക്കം.

കണ്‍സ്യൂമര്‍ഫെഡ് മനേജിംഗ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് എ.ഡി.ജി.പി ടോമിന്‍ ജെ തച്ചങ്കരിയെ മാറ്റിയ വകുപ്പ് മന്ത്രി സി.എന്‍ ബാലകൃഷ്ണന്റെ നടപടിയെ എതിര്‍ത്തും ഉത്തരവിറക്കിയ ചീഫ് സെക്രട്ടറിയെ അതൃപ്തി അറിയിച്ചും വിവാദ ഉത്തരവ് ‘റദ്ദാക്കിച്ച’ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഭാവിയിലെ വെല്ലുവിളി മുന്‍നിര്‍ത്തിയാണ് കരുക്കള്‍ നീക്കുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ അണിയറ സംസാരം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ രമേശ് ചെന്നിത്തലയെ മുന്‍നിര്‍ത്തി നേതൃമാറ്റം ആവശ്യപ്പെട്ട് ‘ഐ’ ഗ്രൂപ്പ് രംഗത്ത് വരുമെന്നും ഇത് തന്റെ നിലനില്‍പ്പിന് വെല്ലുവിളിയാകുമെന്നുമുള്ള തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണത്രെ മുഖ്യമന്ത്രിയുടെ കരുനീക്കം.

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടാല്‍ നേതൃമാറ്റം സാധ്യമാകുമെന്ന് പ്രതീക്ഷിച്ച ‘ഐ’ ഗ്രൂപ്പിന്റെ കണ്ക്ക് കൂട്ടലുകള്‍ തെറ്റിച്ചാണ് ശബരീനാഥ് വന്‍ ഭൂരിപക്ഷത്തില്‍ മണ്ഡലം നിലനിര്‍ത്തിയത്.

ശബരീനാഥിന്റെ വിജയം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് എസ്.എന്‍.ഡി.പി-ബി.ജെ.പി കൂട്ടുകെട്ട് നിലവില്‍ വന്നതെന്നും രാജഗോപാല്‍ തന്നെ സ്ഥാനാര്‍ത്ഥിയായതെന്നും സി.പി.എമ്മും ആരോപിച്ചിരുന്നു.

മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ള വെള്ളാപ്പള്ളി നടേശന്‍ നിര്‍ണ്ണായക ഘട്ടത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ‘രക്ഷകനായി’ മാറുകയായിരുന്നുവത്രെ.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് നേതൃമാറ്റമുണ്ടായില്ലെങ്കില്‍ ഇനി ഒരവസരമുണ്ടാകില്ലെന്ന തിരിച്ചറിവില്‍ ആഭ്യന്തര വകുപ്പില്‍ ക്ലീന്‍ ഇമേജ് ഉണ്ടാക്കി തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം നേതൃസ്ഥാനത്ത് വരാനുള്ള രമേശ് ചെന്നിത്തലക്ക് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ അപ്രതീക്ഷിത തിരിച്ചടിയാണ്.

അഴിമതി കൊടികുത്തിവാഴുന്ന കണ്‍സ്യൂമര്‍ഫെഡില്‍ എം.ഡിയായ ടോമിന്‍ ജെ തച്ചങ്കരി എടുത്ത കര്‍ക്കശ നടപടികള്‍ ജീവനക്കാരെ ഒന്നടങ്കം അദ്ദേഹത്തിന് കീഴില്‍ അണിനിരത്താന്‍ കഴിഞ്ഞതും കോണ്‍ഗ്രസിലെ ‘എ’ വിഭാഗവും സി.പി.എം അനുകൂല തൊഴിലാളികളും തച്ചങ്കരിയുടെ സ്ഥലംമാറ്റത്തിനെതിരെ രംഗത്ത് വന്നതും കോണ്‍ഗ്രസ് ‘ഐ’ ഗ്രൂപ്പിനും മന്ത്രി സി.എന്‍ ബാലകൃഷ്ണനും കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

അഴിമതിക്കാരെ പിടികൂടി നടപടിയെടുക്കുന്ന ഉദ്യോഗസ്ഥനെ തെറുപ്പിച്ചത് ഐ.വിഭാഗം നേതാവായ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഇടപെടലിന്റെ ഭാഗമായാണെന്ന ബോധപൂര്‍വ്വമായ പ്രചാരണം ‘എ’ വിഭാഗം നടത്തുന്നത് ചെന്നിത്തലയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ്.

സ്ഥലംമാറ്റ ഉത്തരവ് സംബന്ധിച്ച് തനിക്കൊന്നും അറിയില്ലെന്ന് പറഞ്ഞ് പരസ്യമായി രംഗത്ത് വരേണ്ട ഗതികേടും ചെന്നിത്തലക്കുണ്ടായി.

വിജിലന്‍സ് കേസില്‍ പ്രതിയായ ഐ.ജിയെ വിശുദ്ധനാക്കി കഴിഞ്ഞ ദിവസം നടന്ന ചാനല്‍ ചര്‍ച്ചകളില്‍ ഏറെ വിമര്‍ശനം നേരിട്ടത് മന്ത്രി സി.എന്‍ ബാലകൃഷ്ണനും ചെന്നിത്തലയുമാണ്.

തച്ചങ്കരിയെ എം.ഡി സ്ഥാനത്ത് നിന്ന് മന്ത്രിസഭാ യോഗം മാറ്റിയതായി ബുധനാഴ്ച വൈകി പത്രക്കുറിപ്പിറക്കിയ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം മലക്കം മറിഞ്ഞാണ് സ്ഥലം മാറ്റിയിട്ടില്ലെന്ന് പ്രഖ്യാപിച്ചത്.

അടുത്ത മന്ത്രിസഭാ യോഗം പ്രശ്‌നം ചര്‍ച്ച ചെയ്യുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. ഉന്നത ഉദ്യോഗസ്ഥ സ്ഥലംമാറ്റത്തില്‍ താന്‍ അറിയാതെ ഒന്നും നടക്കില്ലെന്ന സന്ദേശവും ഉത്തരവ് റദ്ദാക്കിയതിലൂടെ മുഖ്യമന്ത്രി നല്‍കുന്നുണ്ട്.

അഴിമതിക്കാരെ സംരക്ഷിക്കുന്ന വിഭാഗത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും അഴിമതിക്കെതിരെ പോരാടുന്ന വിഭാഗത്തിന് മുഖ്യമന്ത്രിയുടെയും പിന്‍തുണയുണ്ടെന്ന തരത്തിലാണ് ഇപ്പോഴത്തെ പ്രചാരണം.

അടുത്ത മന്ത്രിസഭാ യോഗത്തില്‍ തച്ചങ്കരിയെ തെറുപ്പിച്ചാലും ഇല്ലെങ്കിലും നേട്ടം മുഖ്യമന്ത്രിക്കാവും. തച്ചങ്കരിയെ നിലനിര്‍ത്തിയാല്‍ അത് തന്റെ ഇടപെടലിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാണിക്കാനും സ്ഥലംമാറ്റിയാല്‍ ആഭ്യന്തര മന്ത്രിയുടെയും ‘ഐ’ ഗ്രൂപ്പിന്റെയും സമ്മര്‍ദ്ദത്തിന്റെ ഭാഗമായിട്ടാണെന്ന് ചൂണ്ടിക്കാണിച്ച് രംഗത്ത് വരാന്‍ ‘എ’ ഗ്രൂപ്പിനും മുഖ്യമന്ത്രിക്കും കഴിയും.

അടുത്ത മന്ത്രിസഭായോഗം വരെ പ്രശ്‌നം സെന്‍സിറ്റീവായി നിലനിര്‍ത്താനായി എന്നതും മുഖ്യമന്ത്രിയുടെ വിജയമാണ്.

പഞ്ചായത്ത്-നിയമസഭാ തെരഞ്ഞെടുപ്പ് കൂടി ആസന്നമായിരിക്കെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് വീണ്ടും തലപൊക്കുന്നത് ഹൈക്കമാന്റിന് തലവേദനയാകും.

തൃശൂരിലെ ‘എ’ വിഭാഗം പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മന്ത്രി സി.എന്‍ ബാലകൃഷ്ണനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ‘എ’ വിഭാഗം നേതാക്കളുടെ നടപടിക്കെതിരെ പരസ്യമായി പത്രസമ്മേളനം നടത്തിയ തൃശൂരിലെ കോണ്‍ഗ്രസ് ‘ഐ’ വിഭാഗം നേതാക്കളുടെ നടപടിയും ‘എ’-‘ഐ’ വിഭാഗത്തില്‍ ചേരിതിരിവ് രൂക്ഷമാക്കിയിട്ടുണ്ട്.

‘എ’ വിഭാഗം നേതാക്കളും കോണ്‍ഗ്രസ് വക്താവുമായ എം.എം ഹസ്സനെതിരെ ‘ഐ’ വിഭാഗം നേതാവ് ബല്‍റാം കടുത്ത ഭാഷയിലാണ് വിമര്‍ശനമുന്നയിച്ചത്. കെ.പി.സി.സി വിലക്ക് ലംഘിച്ചായിരുന്നു പത്രസമ്മേളനം.

തച്ചങ്കരി വിവാദത്തിന് തൊട്ടുപിന്നാലെയാണ് ‘എ’ വിഭാഗത്തിനെതിരെ ‘ഐ’വിഭാഗം പരസ്യമായി രംഗത്ത് വന്നതെന്നതും ശ്രദ്ധേയമാണ്.

Top