തച്ചങ്കരിയെ എംഡി സ്ഥാനത്തു നിന്നു മാറ്റാന്‍ മുഖ്യമന്ത്രിയുടെ അനുവാദം വേണ്ട:സഹകരണ മന്ത്രി

തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് എംഡി ടോമിന്‍ തച്ചങ്കരിയെ മാറ്റിയതിനെച്ചൊല്ലി തര്‍ക്കം. തച്ചങ്കരിയെ മാറ്റിയത് മന്ത്രിസഭാ തീരുമാനമെടുക്കാതെയെന്നും മുഖ്യമന്ത്രി അറിയാതെ ഇക്കാര്യത്തില്‍ ഇടപെടലുണ്ടായെന്നും സൂചന.

തച്ചങ്കരിയെ എംഡി സ്ഥാനത്തു നിന്ന് മാറ്റാനുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടില്ല. മന്ത്രിസഭയുടെ അനുമതിയില്ലാതെ ചീഫ് സെക്രട്ടറി തച്ചങ്കരിയെ മാറ്റികൊണ്ടുള്ള ഉത്തരവിറക്കിയതോടെയാണ് വിവാദം ഉയര്‍ന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ വിളിച്ചു അതൃപ്തി അറിയിക്കുകയും ചെയ്തു.

അതേസമയം തച്ചങ്കരിയെ കണ്‍സ്യൂമര്‍ഫെഡ് സ്ഥാനത്തു നിന്ന് മാറ്റിയതായുള്ള സ്ഥിരീകരണവുമായി സഹകരണ മന്ത്രി സി.എന്‍ ബാലകൃഷണന്‍ രംഗത്തെത്തി. സഹകരണ വകുപ്പിനു കീഴിലുള്ള എംഡിയെ മാറ്റുന്നതിന് മുഖ്യമന്ത്രിയുടെ അനുമതി വേണെ്ടന്നും ഇക്കാര്യത്തില്‍ മാറ്റമില്ലെന്നും സാധാരണ നടപടിക്രമമാണ് നടന്നതെന്നും മന്ത്രി ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

തച്ചങ്കരിയെ മാറ്റിയതായി അറിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. തന്റെ അറിവില്‍പ്പെടാത്ത കാര്യമാണ് ഇതെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, തന്നെ എംഡി സ്ഥാനത്തു നിന്നു മാറ്റിക്കൊണ്ടുള്ള ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ടോമിന്‍ ജെ തച്ചങ്കരി പ്രതികരിച്ചു. കെബിപിഎസിന്റെ അധിക ചുമതല നല്‍കിയതായി മുഖ്യമന്ത്രിയുമായി സംസാരിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞു. എംഡി സ്ഥാനത്തു നിന്നു മാറ്റിക്കൊണ്ടുള്ള ഉത്തരവ് ലഭിക്കാത്തതിനാല്‍ ഇപ്പോഴും അതേ ചുമതലയില്‍ തുടരുകയാണ്. ഉത്തരവ് വന്നാല്‍ മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top