തച്ചങ്കരിയുടെയും ശ്രീജിത്തിന്റേയും നിയമ വിരുദ്ധ ഉദ്യോഗക്കയറ്റം കോടതിയിലേക്ക്…

തിരുവനന്തപുരം: ക്രിമിനല്‍ – വിജിലന്‍സ് കേസുകളില്‍ പ്രതികളായ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് ഉദ്യോഗക്കയറ്റം നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ നിയമപോരാട്ടത്തിന് കളമൊരുങ്ങുന്നു. വിവിധ കേസുകളിലും മറ്റും അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥരാണ് സര്‍ക്കാര്‍ ഉത്തരവ് ആയുധമാക്കി നിയമ പോരാട്ടത്തിനൊരുങ്ങുന്നത്.

എസ്.ഐ തലം മുതല്‍ എസ്.പി തലംവരെയുള്ള നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിസാര കാര്യങ്ങള്‍ മുന്‍നിര്‍ത്തി അര്‍ഹതപ്പെട്ട ഉദ്യോഗക്കയറ്റം നിഷേധിക്കുകയും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്യുന്ന സര്‍ക്കാര്‍,ഐപിഎസ് ഉദ്യോഗസ്ഥരായ ടോമിന്‍ തച്ചങ്കരിക്കും ശ്രീജിത്തിനും ഉദ്യോഗക്കയറ്റം നല്‍കിയത് രണ്ട് നീതിയാണെന്നാണ് ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നത്.

അനധികൃതമായി പാസ്‌പോര്‍ട്ടുകള്‍ കൈവശംവെച്ചതിനും അവിഹിത സ്വത്ത് സമ്പാദന കേസിലും പ്രതിയായ ഐജി ടോമിന്‍ തച്ചങ്കരിക്കും സ്വത്ത് തട്ടിയെടുക്കല്‍,ഭീഷണി,അവിഹിത സാമ്പത്തിക ഇടപാട് തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ക്ക് ഇപ്പോഴും പ്രതിയായി അന്വേഷണം നേരിടുന്ന ഡിഐജി ശ്രീജിത്തിനും നിയമവിരുദ്ധമായി ഉദ്യോഗക്കയറ്റം നല്‍കിയ സര്‍ക്കാര്‍ നടപടിയാണ് പ്രതിഷേധത്തിനും നിയമനടപടിക്കും വഴി ഒരുക്കിയിരിക്കുന്നത്.

നടപടിക്ക് വിധേയരായ ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ ഉത്തരവുമായി ഹൈക്കോടതിയെ സമീപിക്കുന്നത് സര്‍ക്കാരിന് തന്നെയാണ് തിരിച്ചടിയാവുക എന്നാണ് നിയമ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.

ക്രിമിനല്‍ കേസില്‍ പ്രതികളായവരെ പൊലീസ് സേനയില്‍ വച്ചുപൊറുപ്പിക്കരുതെന്ന കര്‍ക്കശ നിര്‍ദേശം സുപ്രീംകോടതി തന്നെ അടുത്തയിടെ നിര്‍ദേശിച്ച സാഹചര്യത്തില്‍ ക്രിമിനല്‍ – വിജിലന്‍സ് കേസുകളില്‍ പ്രതികളായ ടോമിന്‍ തച്ചങ്കരിക്കും ശ്രീജിത്തിനും ഉദ്യോഗക്കയറ്റം നല്‍കിയത് കോടതിയില്‍ സര്‍ക്കാര്‍ എങ്ങനെ വിശദീകരിക്കുമെന്നാണ് നിയമവിദഗ്ധരുടെ ചോദ്യം.

കേന്ദ്രത്തിന്റെ അനുമതി തേടിയേ ഐ.ജി ടോമിന്‍ തച്ചങ്കരിക്ക് പ്രവേശനം നല്‍കാവൂ എന്ന ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സ്‌ക്രീനിംഗ് കമ്മിറ്റിയുടെ മുന്‍ നിലപാട് തിരുത്താന്‍ മന്ത്രിസഭാ യോഗത്തില്‍ ഔട്ട് ഓഫ് അജണ്ടയായാണ് മുഖ്യമന്ത്രി തീരുമാനം പ്രഖ്യാപിച്ചത്.

മലപ്പുറം ഡിവൈഎസ്പിയെ കൈക്കൂലിക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഡിഐജി ശ്രീജിത്തിനെതിരെ നടപടിയെടുക്കണമെന്ന ക്രൈംബ്രാഞ്ച് എഡിജിപി അനന്ദകൃഷ്ണന്റേയും, ചങ്ങനാശ്ശേരി സ്വദേശി ടൈറ്റസിനെ കുവൈറ്റിലേക്ക് നിയമവിരുദ്ധമായി അറസ്റ്റ് ചെയ്ത് കൊണ്ടുപോയതിന് ശ്രീജിത്തിനെതിരെ നടപടി ആവശ്യപ്പെട്ട വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോളിന്റേയും റിപ്പോര്‍ട്ട് ദ്രുതഗതിയില്‍ തള്ളിയാണ് ശ്രീജിത്തിന്റെ ഐജി പ്രമോഷന്‍ ആഭ്യന്തര വകുപ്പ് ഉറപ്പുവരുത്തിയത്. ഇതിന് പിന്നില്‍ നിയമവിരുദ്ധമായ ചില ‘ഇടപെടലുകള്‍’നടന്നതായും ആരോപണമുണ്ട്.

എഡിജിപിയായി ഉദ്യോഗക്കയറ്റം ലഭിച്ച ടോമിന്‍ തച്ചങ്കരിയും ഐജിയായി ഉദ്യോഗക്കയറ്റം ലഭിച്ച ശ്രീജിത്തും തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ വിചാരണ കാത്ത് കിടക്കുന്ന കേസിലെ പ്രതികളാണ് ശ്രീജിത്തിന് നിലവില്‍ വസ്തു തട്ടിയെടുത്ത കേസില്‍ എറണാകുളം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (1)ല്‍ മറ്റൊരു ക്രിമിനല്‍ കേസുമുണ്ട്.

ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഉടനെ തന്നെ നടപടിക്ക് വിധേയരായ ചില ഉദ്യോഗസ്ഥര്‍ ഹര്‍ജി ഫയല്‍ ചെയ്യുമെന്നാണ് അറിയുന്നത്.

എറണാകുളത്തെ സാമൂഹിക – സാംസ്‌കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയും സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Top