ഡ്രൈവിങ് ലൈസന്‍സ് പ്രായപരിധി ഉയര്‍ത്തണമെന്ന് ജസ്റ്റിസ് ചന്ദ്രശേഖര്‍ദാസ് കമ്മീഷന്‍ റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി ഉയര്‍ത്താന്‍ ശുപാര്‍ശ. റോഡ് അപകടങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ടി.കെ.ചന്ദ്രശേഖര്‍ദാസ് കമ്മിഷന്റേതാണ് ശുപാര്‍ശ. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചു.

പുരുഷന്‍മാര്‍ക്ക് 21, സ്ത്രീകള്‍ക്ക് 20 എന്നാക്കി പുതിയ പരിധി ഉയര്‍ത്തണമെന്നാണ് ആവശ്യം. 50 മണിക്കൂര്‍ വണ്ടിയോടിച്ചതിനു ശേഷമേ ലൈസന്‍സ് നല്‍കാവൂയെന്നും നിര്‍ദേശമുണ്ട്.

മിനിമം 50 മണിക്കൂറെങ്കിലും വണ്ടി ഓടിച്ച് പഠിച്ചവര്‍ക്കേ ലൈസന്‍സ് നല്‍കാവു. വിദ്യാര്‍ത്ഥികള്‍ക്ക് ലൈസന്‍സില്‍ സ്റ്റുഡന്റ് വെഹിക്കിളെന്ന് രേഖപ്പെടുത്തണം. സ്‌കൂളില്‍ പോകാന്‍ മാത്രമേ ഈ ലൈസന്‍സ് ഉപയോഗിക്കാവുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍, മോട്ടോര്‍ വാഹന ലൈസന്‍സ് എടുക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി ഗിയര്‍ ഉള്ള വാഹനത്തിന് 18 വയസ്സും 50 സിസിക്കു താഴെയുള്ള ഗിയര്‍ ഇല്ലാത്ത വാഹനത്തിന് 16 വയസുമാണ്.

Top