ഡീസല്‍ എഞ്ചിനുള്ള കായീന്‍ കാര്‍ വില്‍പ്പന അമേരിക്കയില്‍ നിര്‍ത്തുകയാണെന്ന് പോര്‍ഷെ

അമേരിക്കയില്‍ ഡീസല്‍ എന്‍ജിനുള്ള ‘കായീന്‍’ വില്‍പ്പന താല്‍ക്കാലികമായി നിര്‍ത്തുകയാണെന്നു അത്യാഡംബര കാര്‍ നിര്‍മാതാക്കളായ പോര്‍ഷെ. മലിനീകരണ നിയന്ത്രണ പരിശോധനയില്‍ കൃത്രിമം കാട്ടാനുള്ള സംവിധാനങ്ങള്‍ ഫോക്‌സ്‌വാഗന്‍ ഉപയോഗിച്ചെന്ന് യു എസിലെ പരിസ്ഥിതി സംരക്ഷണ ഏജന്‍സി(ഇ പി എ) ആരോപിച്ചതിനു പിന്നാലെയാണു പോര്‍ഷെയുടെ ഉപസ്ഥാപനമായ പോര്‍ഷെ കാഴ്‌സ് നോര്‍ത്ത് അമേരിക്ക ഇന്‍കോര്‍പറേറ്റഡിന്റെ ഈ പ്രഖ്യാപനം.

ഇ പി എ നിലപാടിനെ തുടര്‍ന്ന് 2014 – 2016 മോഡല്‍ ഡീസല്‍ ‘കായീന്‍’ വില്‍പ്പന സ്വമേധയാ താല്‍ക്കാലികമായി നിര്‍ത്തുകയാണെന്നാണ് പോര്‍ഷെ കാഴ്‌സിന്റെ പ്രഖ്യാപനം. ഇനിയൊരറിയിപ്പുണ്ടാകും വരെ ഡീസല്‍ ‘കായീന്‍’ വില്‍പ്പനയ്ക്കുണ്ടാവില്ലെന്നും കമ്പനി അറിയിച്ചു. പ്രശ്‌ന പരിഹാരത്തിനു തീവ്ര ശ്രമം നടക്കുന്നുണ്ടെന്നു വെളിപ്പെടുത്തിയ പോര്‍ഷെ, നിലവില്‍ ഇത്തരം കാറുകള്‍ വാങ്ങിയവര്‍ക്ക് അവ തടസ്സമില്ലാതെ ഉപയോഗിക്കാമെന്നും വ്യക്തമാക്കുന്നു.

ഡീസല്‍ എന്‍ജിനുള്ള ‘കായീന്‍’ മലിനീകരണ നിയന്ത്രണ വ്യവസ്ഥകള്‍ പൂര്‍ണമായും പാലിക്കുന്നുണ്ടെന്നും പോര്‍ഷെ അവകാശപ്പെട്ടു.

Top