ഡിസ്‌കവറി സ്‌പോര്‍ട് സെപ്തംബര്‍ രണ്ടിനെത്തും

ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര ബ്രാന്‍ഡായ ലാന്‍ഡ് റോവര്‍ ‘ഡിസ്‌കവര്‍’ ശ്രേണിയില്‍ പുറത്തിറക്കുന്ന പുതുമുഖമായ ‘ഡിസ്‌കവറി സ്‌പോര്‍ട്’ അവതരണസജ്ജമായി. സെപ്റ്റംബര്‍ രണ്ടിനു നിശ്ചയിച്ചിരിക്കുന്ന ഔപചാരിക അരങ്ങേറ്റത്തിനു മുന്നോടിയായി രാജ്യത്തെ ലാന്‍ഡ് റോവര്‍ ഡീലര്‍ഷിപ്പുകള്‍ പുതിയ പ്രീമിയം എസ് യു വിക്കുള്ള ബുക്കിങ്ങും സ്വീകരിച്ചു തുടങ്ങി.

വിദേശ നിര്‍മിത കിറ്റുകള്‍ ഇന്ത്യയിലെത്തിച്ചു സംയോജിപ്പിച്ചു സി കെ ഡി വ്യവസ്ഥയില്‍ വില്‍പ്പനയ്‌ക്കെത്തുന്ന ‘ഡിസ്‌കവറി സ്‌പോര്‍ട്ടി’ന്റെ എതിരാളികള്‍ ‘ഔഡി ക്യു ഫൈവ്’, ‘ബി എം ഡബ്ല്യു ക്യു ത്രീ’, വോള്‍വോ എക്‌സ് സി 60′ തുടങ്ങിയവയാണ്.

കുടുംബങ്ങളെ കൂടി ലക്ഷ്യമിടുന്നതിനാല്‍ അഞ്ചും ഏഴും സീറ്റുകളോടെ ‘ഡിസ്‌കവറി സ്‌പോര്‍ട്’ വില്‍പ്പനയ്ക്കുണ്ടാവും. 212 എം എം ഗ്രൗണ്ട് ക്ലിയറന്‍സും മറ്റുമുള്ളതിനാല്‍ ക്രോസ്ഓവറിലുപരി പൂര്‍ണതോതിലുള്ള എസ് യു വിയുടെ സുഖസൗകര്യങ്ങളാണ് ‘ഡിസ്‌കവറി സ്‌പോര്‍ട്ടി’ല്‍ ലാന്‍ഡ് റോവര്‍ വാഗ്ദാനം ചെയ്യുന്നത്. നിരത്ത് വിലയിരുത്തി റൈഡ് ഹൈറ്റ്, സസ്‌പെന്‍ഷന്‍, സ്റ്റെബിലിറ്റി/ട്രാക്ഷന്‍ കണ്‍ട്രോള്‍ സെറ്റിങ്, ത്രോട്ടില്‍ ഇന്‍പുട്ട് എന്നിവയൊക്കെ സ്വയം ക്രമീകരിക്കുന്ന ടെറെയ്ന്‍ റസ്‌പോണ്‍സ് സംവിധാനം സഹിതമാണു ‘ഡിസ്‌കവറി സ്‌പോര്‍ട്ടി’ന്റെ വരവ്.

‘ഡിസ്‌കവറി സ്‌പോര്‍ട്ടി’നു കരുത്തേകുന്നത് 2.2 ലീറ്റര്‍, നാലു സിലിണ്ടര്‍, ടി ഡി ഫോര്‍, എസ് ഡി ഫോര്‍ ഡീസല്‍ എന്‍ജിനുകളാണ്; ആറു സ്പീഡ് മാനുവല്‍, ഒന്‍പതു സ്പീഡ് ഓട്ടമാറ്റിക് (സെഡ് എഫ്) ഗീയര്‍ബോക്‌സുകളാണ് ട്രാന്‍സ്മിഷന്‍ സാധ്യതകള്‍. പരമാവധി 150 പി എസ് കരുത്തും 400 എന്‍ എം ടോര്‍ക്കുമാണ് ടി ഡി ഫോര്‍ എന്‍ജിന്‍ സൃഷ്ടിക്കുക; എസ് ഡി ഫോര്‍ എന്‍ജിനാവട്ടെ പരമാവധി 190 പി എസ് കരുത്തും 420 എന്‍ എം ടോര്‍ക്കുമാണു സൃഷ്ടിക്കുക. അതേസമയം ഫോര്‍ വീല്‍ ഡ്രൈവോടെ എത്തുന്ന ‘ഡിസ്‌കവറി സ്‌പോര്‍ട്ടി’ന് ഇന്ത്യയില്‍ ഏത് എന്‍ജിനാവും കരുത്തേകുകയെന്നു നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിട്ടില്ല.

Top