ഡിജിപിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഋഷിരാജ് സിംഗിനെതിരെ ‘നടപടിക്ക് ‘ കളമൊരുങ്ങും

തിരുവനന്തപുരം: ആഭ്യന്തരമന്ത്രിയെ ബറ്റാലിയന്‍ എഡിജിപി ഋഷിരാജ് സിംഗ് ‘അപമാനിച്ച’ സംഭവത്തില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് സൂചന. സിംഗിനെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വക്താവ് പന്തളം സുധാകരന്‍ അടക്കമുള്ളവര്‍ രംഗത്ത് വന്ന പശ്ചത്തലത്തിലാണ് ഈ നീക്കം.

ആഭ്യന്തരമന്ത്രിക്ക് ഉപചാരമര്‍പ്പിക്കേണ്ടത് പൊലീസിന്റെ കടമയാണന്ന് അഭിപ്രായപ്പെട്ട ഡിജിപി സെന്‍കുമാര്‍ ഋഷിരാജ് സിംഗിനോട് ഇത് സംബന്ധമായ വിശദീകരണം തേടിയിട്ടുണ്ട്.
സിംഗിന്റെ വിശദീകരണം കൂടി ലഭിച്ച ശേഷമേ തുടര്‍ നടപടിയുണ്ടാകൂ.

‘ദേശീയഗാനം ആലപിക്കുമ്പോഴല്ലാതെ വിഐപികള്‍ വരുമ്പോള്‍ വേദിയിലുള്ളവര്‍ എഴുന്നേല്‍ക്കണമെന്ന് പ്രോട്ടോകോളില്‍ ഒരിടത്തും പറയുന്നില്ലെന്ന’ തന്റെ വാദത്തില്‍ സിംഗ് ഉറച്ച് നില്‍ക്കുകയാണെങ്കില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി നടപടി സ്വീകരിക്കാനാണ് സര്‍ക്കാരിന്റെ ആലോചന.

സിംഗിന്റെ നടപടി ദൃശ്യ- നവ മാധ്യമങ്ങളില്‍ വൈറലായ പശ്ചാത്തലത്തില്‍ പൊലീസ് സേനയുടെ അച്ചടക്കം മുന്‍ നിര്‍ത്തി നടപടി വേണമെന്ന കാര്യത്തില്‍ ആഭ്യന്തര വകുപ്പും കടുത്ത നിലപാടിലാണ്. തിനിക്ക് പരാതിയില്ലെന്ന് പരസ്യമായി പറഞ്ഞെങ്കിലും അപമാനിക്കപ്പെട്ടതില്‍ ആഭ്യന്തമന്ത്രി രമേശ് ചെന്നിത്തല ക്ഷുഭിതനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐപിഎസ് ഓഫിസറുമായി ബന്ധപ്പെട്ട അച്ചടക്ക നടപടിയായതിനാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാടാണ് നിര്‍ണായകമാകുക.

താക്കീത് നല്‍കലില്‍ തുടങ്ങി ഇന്‍ഗ്രിമെന്റ്കട്ട് ചെയ്യലും, സ്ഥമാറ്റവും, സസ്‌പെന്‍ഷനും ഉള്‍പ്പെടെ ഏത് നടപടി ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിക്കാനും സര്‍ക്കാരിന് അധികാരമുണ്ട്.

സോഷ്യന്‍ മീഡിയയിലടക്കം ഋഷിരാജ് സിംഗിന് അനുകൂലമായ ‘തരംഗം’ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ എന്ത് നടപടി സര്‍ക്കാര്‍ സ്വീകരിച്ചാലും വൈറലാകുമെന്നും ഉറപ്പാണ്.

ജനങ്ങള്‍ക്കിടയില്‍ ക്ലീന്‍ ഇമേജുള്ള ഋഷിരാജ് സിംഗിനെതിരെ ഏതെങ്കിലും തരത്തിലുള്ള നടപടി സ്വീകരിച്ചാല്‍ അത് സര്‍ക്കാരിനെതിരായ ‘ആയുധ’മായി രാഷ്ട്രീയ എതിരാളികള്‍ ഉപയോഗപ്പെടുത്താനുള്ള സാധ്യതയും അധികൃതര്‍ മുന്നില്‍ കാണുന്നുണ്ട്.

എന്നാല്‍, സംസ്ഥാന പൊലീസിനെ അച്ചടക്കം പഠിപ്പിച്ച് മാതൃകയാക്കേണ്ട പൊലീസ് അക്കദമിയിലെ, വനിതാ പൊലീസ് പാസ്സിങ് ഔട്ട് പരേഡിനെത്തിയ മന്ത്രിയെ ബറ്റാലിയന്‍ മേധാവി തന്നെ സല്യൂട്ട് ചെയ്യാതെയും, എണീറ്റ് നില്‍ക്കാതെയും അപമാനിച്ചത് തെറ്റായ സന്ദേശം നല്‍കുമെന്നതിനാല്‍ നടപടിയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്.

ഋഷിരാജ് സിംഗ് കാണിച്ചതു പോലെ ഏരെങ്കിലും കീഴുദ്യോഗസ്ഥന്‍ അദ്ദേഹത്തോട് ഇതേ പ്രവര്‍ത്തി ചെയ്തിരുന്നതെങ്കില്‍ എന്തായിരിക്കാം അവസ്ഥയെന്നാണ് ആഭ്യന്തരവകുപ്പിലെ ഉന്നതര്‍ ചോദിക്കുന്നത്.

തനിക്ക് അബദ്ധം പറ്റിയാതാണന്ന് സിംഗ് വിശദീകരണം നല്‍കിയാല്‍ നടപടികളില്‍ നിന്ന് ഒഴിവാക്കുമെന്ന സൂചനയുണ്ടെങ്കിലും ‘സിംഹം’ അതിന് തയ്യാറാവുമോ എന്നാണ് കണ്ടറിയേണ്ടത്.

സംഭവം വിവാദമായതിനെ തുടര്‍ന്ന് ദേശീയഗാനം ആലപിക്കുമ്പോഴല്ലാതെ എണിക്കേണ്ട കാര്യമില്ലെന്ന് തുറന്നടിച്ച സിംഗിന്റെ വിശദീകരണം ഇനി മാറ്റിയാല്‍ അത് സിംഗിന്റെ ഇമേജിനെയും ബാധിക്കും.

വൈദ്യുത ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫിസറായിരുന്ന ഋഷിരാജ് സിംഗിനെ അടുത്തിടെയാണ് തല്‍സ്ഥാനത്ത് നിന്ന് മാറ്റി ബറ്റാലിയന്‍ എഡിജിപിയായി നിയമിച്ചിരുന്നത്.

സര്‍ക്കാരിന്റെ ഈ നടപടിയാണ് വകുപ്പ് മന്ത്രിയെ ഗൗനിക്കാതെ സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും തയ്യാറാകാതിരുന്നതിന് കാരണമെന്നാണ് പറയപ്പെടുന്നത്.

മുന്‍പ് ഐപിഎസ് ലഭിക്കുന്നതില്‍ നിന്ന് തഴയപ്പെട്ട പൊലീസ് സൂപ്രണ്ട് രവി വര്‍മ്മ ചീഫ് സെക്രട്ടറിയായിരുന്ന ജയകുമാറിന്റെ ചേംമ്പറില്‍ കയറി ചീത്ത വിളിച്ച സംഭവം വന്‍ വിവാദമായിരുന്നു.

അന്ന് രവി വര്‍മ്മയോട് ജയകുമാര്‍ ക്ഷമിച്ചതിനാല്‍ തുടര്‍ നടപടി ഉണ്ടായിരുന്നില്ല.

ഇപ്പോഴത്തെ വിവാദത്തില്‍ ഡിജിപിയാണ് പരിശോധിക്കേണ്ടതെന്ന് നിലപാടെടുത്ത ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്തായാലും ജയകുമാറിന്റെ ‘ പാത’ സ്വീകരിക്കില്ലെന്ന സന്ദേശമാണ് നല്‍കിയത്.

ഡിജിപിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടിക്ക് സമ്മര്‍ദ്ദമുയര്‍ത്താനാണ് കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പിന്റെ നീക്കം.

Top