ടി.പി സെന്‍കുമാറിന്റെ ജനപ്രിയ നടപടികള്‍ അരുവിക്കരയില്‍ നേട്ടമാക്കാന്‍ യുഡിഎഫ്

തിരുവനന്തപുരം: അഴിമതി ആരോപണങ്ങളില്‍പ്പെട്ട് പിടയുന്ന യുഡിഎഫ് സര്‍ക്കാരിന് സംസ്ഥാന പൊലീസ് മേധാവിയുടെ ഭരണ പരിഷ്‌കാരം അനുഗ്രഹമാകുന്നു.

സര്‍ക്കാരിന്റെ നിലനില്‍പ്പിനായി അരുവിക്കരയില്‍ യുഡിഎഫ് നടത്തുന്ന പോരാട്ടത്തിന് പൊലീസിന് ഇപ്പോള്‍ പൊതു സമൂഹത്തില്‍ കൈവന്നിരിക്കുന്ന മികച്ച പ്രതിച്ഛായ മുതല്‍ കൂട്ടാകുമെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍.

ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി ടി.പി സെന്‍കുമാര്‍ വരുന്നതിനെ എതിര്‍ത്ത ആഭ്യന്തര വകുപ്പിലെ ഉന്നതനും ഒറ്റയടിക്ക് പൊതു സമൂഹത്തിനിടയില്‍ മികച്ച പ്രതിച്ഛായ ഉണ്ടാക്കിക്കളഞ്ഞ സെന്‍കുമാറിന്റ നടപടിയില്‍ ‘ഞെട്ടിത്തരിച്ച് ‘ പോയെന്നാണ് അണിയറ സംസാരം.

വാഹനം പരിശോധിക്കുമ്പോള്‍ പൊതു ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് ആവശ്യപ്പെട്ട് സെന്‍കുമാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവാണ് പൊതു സമൂഹത്തിനിടയില്‍ അദ്ദേഹത്തിന് ‘ഹീറോ’ പരിവേഷം നേടിക്കൊടുത്തിട്ടുള്ളത്.

വാഹനമോടിക്കുന്ന ആളെ ‘സര്‍’ എന്നോ ‘സുഹൃത്ത്’ എന്നോ മാത്രമെ വിളിക്കാവൂ എന്നും സ്ത്രീയാണെങ്കില്‍ മാഡം എന്നോ സഹോദരി എന്നോ വിളിക്കണമെന്നുമാണ് ഡിജിപിയുടെ നിര്‍ദേശം.

കുടുംബാംഗങ്ങളോടൊപ്പമോ മുതിര്‍ന്ന പൗരന്മാര്‍ മാത്രമായോ വാഹനം ഓടിച്ചു പോകുമ്പോള്‍ ഒരു കാരണവശാലും അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

റോഡില്‍ പൊലീസിന്റെ ‘വേട്ടയാടലിന്’ വിധേയരായി കഷ്ട്‌പ്പെടുന്ന വലിയ വിഭാഗത്തിന് ആശ്വാസം പകരുന്നതാണ് സെന്‍കുമാറിന്റെ ഈ ഉത്തരവ്.

ക്രമസമാധന പാലനവുമായി ബന്ധപ്പെട്ട വാഹന പരിശോധന ഒഴിവാക്കാന്‍ പറ്റില്ലെന്ന് വ്യക്തമാക്കുമ്പോള്‍ തന്നെ പരിശോധന പണം പിരിക്കാനാവരുതെന്ന കര്‍ശന മുന്നറിയിപ്പും ഡിജിപി സേനക്ക് നല്‍കിയിട്ടുണ്ട്.

പരിശോധനക്ക് പോകുന്ന പൊലീസുകാര്‍ കൈവശമുള്ള പണത്തെക്കുറിച്ച് കണ്‍ട്രോള്‍ റൂമില്‍ മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്യണമെന്ന നിര്‍ദേശം പരിശോധന നടത്തുന്നവരെയും പരിശോധിക്കാന്‍ വേണ്ടിയുള്ളതാണ്.

കോടതിയില്‍ ചാര്‍ജ് കൊടുത്ത കേസുകളിലും മറ്റും യഥാസമയം ഹാജരാകാതെ മുങ്ങുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന സെന്‍കുമാറിന്റെ മുന്നറിയിപ്പ് കോടതി നടപടികള്‍ വേഗത്തിലാക്കാനും നീതി തേടുന്നവര്‍ക്ക് ആശ്വാസമേകാനും വഴിയൊരുക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ക്രിമിനല്‍ പശ്ചാത്തലമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഭയമില്ലാതെ ആര്‍ക്കും പൊലീസ് സ്റ്റേഷനിലേക്ക് കയറി ചെല്ലാനുള്ള സാഹചര്യമുണ്ടാകുമെന്നും സെന്‍കുമാര്‍ ചര്‍ജെടുത്ത ഉടനെ തന്നെ വ്യക്തമാക്കിയിരുന്നു.

പാര്‍ട്ടി സെക്രട്ടറിയുടെ റോളില്‍ ഡിജിപി തസ്തികയെ തരം താഴ്ത്തിയ ജേക്കബ് പുന്നൂസിനെ പോലെയുള്ള ഉദ്യോഗസ്ഥരും മാറി വരുന്ന സര്‍ക്കാരുകളിലെ ഉന്നതരെ പ്രീണിപ്പിച്ച് അധികാരത്തില്‍ കടിച്ച് തൂങ്ങിയ ശ്രീവാസ്തവമാരെ പോലെയുള്ളവരും ഇരുന്ന കസേരയില്‍ ചങ്കുറപ്പോടെ ഇരുന്ന് നീതി നടപ്പാക്കാനൊരുങ്ങുന്ന സെന്‍കുമാറിനെ നിയമ വിദഗ്ധരും അത്ഭുതത്തോടെയാണ് വീക്ഷിക്കുന്നത്.

നിലപാട് പ്രഖ്യാപിക്കാന്‍ മാത്രമല്ല, അത് നടപ്പാക്കാന്‍ ഏതറ്റവും വരെ പോകാന്‍ തയ്യാറാകുന്ന മുന്‍കാല പാരമ്പര്യമാണ് സെന്‍കുമാറില്‍ വിശ്വാസമര്‍പ്പിക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്.

ആത്മ വീര്യം നഷ്ടപ്പെട്ട ആഭ്യന്തര വകുപ്പിനും ആത്മ വിശ്വാസം നഷ്ടപ്പെട്ട സംസ്ഥാന സര്‍ക്കാരിനും മുഖംമിനുക്കാന്‍ ഒടുവില്‍ കിട്ടിയ പിടിവള്ളിയാണ് ഡിജിപിയുടെ പുതിയ പരിഷ്‌കാരം.

പൊതു സമൂഹവുമായി നിരന്തരം ബന്ധപ്പെടുന്ന വിഭാഗമായതിനാല്‍, പൊലീസ് സേനക്ക് അകത്തും പുറത്തും ഡിജിപി തുടക്കമിട്ട മാറ്റങ്ങള്‍ ജനങ്ങളില്‍ നല്ല മതിപ്പ് ഉണ്ടാക്കിയത് അരുവിക്കരയില്‍ പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം.

സര്‍ക്കാരിന്റെ നേട്ടമായി ഡിജിപിയുടെ നടപടികളെ ചിത്രീകരിക്കാന്‍ പ്രസംഗികര്‍ക്ക് യുഡിഎഫ് നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കവലകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന പ്രചാരണ യോഗങ്ങളാണ് തെരഞ്ഞെടുപ്പിലെ പ്രധാന പ്രചരണായുധമാക്കി ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ ഉപയോഗപ്പെടുത്തുന്നത്.

അതേസമയം സെന്‍കുമാറിന്റെ ഇപ്പോഴത്തെ ഇടപെടലും പ്രവര്‍ത്തിയും അദ്ദേഹത്തിന്റെ വ്യക്തിപരമായ താല്‍പര്യവും വീക്ഷണവും മുന്‍നിര്‍ത്തിയാണെന്നും ഇതിന്റെ നേട്ടം പൊതു സമൂഹത്തിനാണെങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാരിന് അവകാശമുന്നയിക്കാന്‍ അര്‍ഹതയില്ലെന്നുമാണ് പ്രതിപക്ഷത്തിന്റെ വാദം.

സെന്‍കുമാറിനെ ഡിജിപിയാക്കാതിരിക്കാന്‍ ശ്രമിച്ച ആഭ്യന്തര വകുപ്പിലെ ഉന്നതര്‍ അടക്കമുള്ളവര്‍ക്ക് സെന്‍കുമാറിന്റെ നടപടികള്‍ ചൂണ്ടിക്കാട്ടി രംഗത്ത് വരാന്‍ എന്താണ് അര്‍ഹതയെന്നാണ് ഇടതു നേതാക്കളുടെ ചോദ്യം.

Top