ഡിജിപിക്കെതിരായ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: ചന്ദ്രബോസ് വധക്കേസില്‍ പ്രതി മുഹമ്മദ് നിസാമിനെ സഹായിച്ചെന്ന പരാതിയില്‍ ഡിജിപി കെ.എസ് ബാലസുബ്രഹ്മണ്യം അടക്കം ഒമ്പത് പേര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താനുള്ള തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.

മാധ്യമ വാര്‍ത്തകളുടേയും പത്രങ്ങളിലേയും റിപ്പോര്‍ട്ടുകളെയും അടിസ്ഥാനമാക്കി അന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി അധികാര ദുര്‍വിനിയോഗം നടത്തിയതായി ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പി.ഉബൈദുള്ളയുടെ ഉത്തരവ്. ഇത്തരം കാര്യങ്ങളില്‍ അന്വേഷണം നടത്താന്‍ ഉത്തരവിടുമ്പോള്‍ കോടതികള്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

വസ്തുതകള്‍ വേണ്ട വണ്ണം പരിശോധിക്കാതെ തിടുക്കപ്പെട്ടുള്ള തീരുമാനമാണ് വിജിലന്‍സ് കോടതി ഇക്കാര്യത്തില്‍ സ്വീകരിച്ചത്. തെളിവുകള്‍ വേണ്ടത്ര രീതിയില്‍ പരിശോധിച്ച് ഉറപ്പു വരുത്താന്‍ കോടതി തയ്യാറായില്ല. ഈ സാഹചര്യത്തില്‍ അന്വേഷണത്തിന് പ്രസക്തിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

വിജിലന്‍സ് കോടതി വിധിക്കെതിരെ ഡിജിപി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. വിജിലന്‍സ് അന്വേഷണം ചന്ദ്രബോസ് കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്നും ഡിജിപി ചൂണ്ടിക്കാട്ടി.

ഡിജിപിയെ കൂടാതെ, തൃശൂര്‍ മുന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ജേക്കബ് ജോബ്, ഗുരുവായൂര്‍ അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ എന്‍. ജയചന്ദ്രന്‍ പിള്ള, പേരാമംഗലം സി.ഐ പി.സി. ബിജുകുമാര്‍, കട്രോള്‍ റൂം അഡിഷണല്‍ എസ്.ഐ കൃഷ്ണകുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ബിനന്‍, രാജന്‍, തോമസ്, പ്രീത് എിവര്‍ക്കെതിരെയാണ് അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നത്.

Top