ഡിഐജിയെ കുറ്റവിമുക്തനാക്കിയ നടപടിയില്‍ സേനയില്‍ പ്രതിഷേധം ശക്തം;കെ എം ഷാജഹാന്‍ പരാതി നല്‍കി

തിരുവനന്തപുരം : വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം. പോളിന്റെ റിപ്പോര്‍ട്ട് മറികടന്ന് പ്രമോട്ടി എസ്.പി യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡി.ഐ.ജി ശ്രീജിത്തിനെതിരായ നടപടി അവസാനിപ്പിച്ചതില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അമര്‍ഷം.

കുവൈറ്റ് പോലുള്ള മറ്റൊരു രാജ്യത്തേക്ക് നിയമവിരുദ്ധമായി കേരളത്തില്‍ നിന്നുള്ള വ്യക്തിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി ജയിലിലടച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുന്നതിനുപകരം വിജിലന്‍സ് അന്വേഷണം നേരിടുന്ന ജൂനിയര്‍ ഉദ്യോഗസ്ഥനെകൊണ്ട് സമാന്തര അന്വേഷണം നടത്തി അനുകൂല റിപ്പോര്‍ട്ട് വാങ്ങി കുറ്റവിമുക്തമാക്കിയ സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണെന്നാണ് ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.

ചെറിയ തെറ്റിനുപോലും വലിയശിക്ഷ ഔദ്യോഗിക ജീവിതത്തില്‍ നിരവധി പോലീസുകാര്‍ ഏറ്റുവാങ്ങുന്ന ഘട്ടത്തില്‍ രണ്ട് നയം ആഭ്യന്തരവകുപ്പ് നടപ്പാക്കുന്നതാണ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായിട്ടുള്ളത്.

മൂന്നാമത്തെ തവണയാണ് ഇത്തരത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് മറികടന്ന് ശ്രീജിത്ത് ഐ.പി.എസ്സിനെ ആഭ്യന്തര വകുപ്പ് രക്ഷിച്ചെടുത്തിട്ടുള്ളത്. മുന്‍പ് മലപ്പുറം എം.എസ്.പി കമാന്‍ഡന്റ് ആയിരിക്കെ എം.എസ്.പി എഡ്യൂക്കേഷന്‍ കോംപ്ലക്‌സില്‍ കാലിക്കറ്റ് സര്‍വ്വകലാശാല അനുവദിച്ച ബി.എഡ് സെന്ററില്‍ പോലീസുകാരുടെ ആശ്രിതര്‍ക്ക് സംവരണം ചെയ്ത 12 സീറ്റില്‍ 10 സീറ്റിലും അനര്‍ഹര്‍ക്ക് പ്രവേശനം നല്‍കിയ സംഭവമായിരുന്നു ആദ്യത്തേത്. ഇക്കാര്യം മുന്‍നിര്‍ത്തി വിജിലന്‍സ് അന്വേഷണം നടത്തുകയും ശ്രീജിത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 27/04/2006 ല്‍ വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നതാണ് (No. E10 (VE6/2003/MPM) 12057/2003)

എന്നാല്‍ ഈ റിപ്പോര്‍ട്ട് ശ്രീജിത്തിന്റെ വിശദീകരണം തേടി സര്‍ക്കാര്‍ അവസാനിപ്പിക്കുകയായിരുന്നു. അസാധാരണമായ ഈ നടപടി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അന്ന് ശക്തമായ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇതിന് പുറമേ എറണാകുളം വെണ്ണല ജനത റോഡിലെ വീട് കയ്യേറിയ സംഭവവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം അന്വേഷണം നടത്തിയ അന്നത്തെ ക്രൈംബ്രാഞ്ച് മേധാവി നെറ്റോഡസ്മണ്ട് ശ്രീജിത്തിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് 6/11/ 2008 ന് ഡി.ജി.പി ക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും (No. 80/Camp/ADGPCrimes 08) അഴിമതി കേസില്‍പെട്ട മറ്റൊരു ഉദ്യോഗസ്ഥനെകൊണ്ട് അന്വേഷണം നടത്തിച്ച് ശ്രീജിത്തിനെതിരായി എടുക്കേണ്ട ഈ നടപടിയും ആഭ്യന്തര വകുപ്പ് അവസാനിപ്പിച്ചു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ വിജിലന്‍സ് കേസില്‍ അന്വേഷണം നേരിടുന്ന എസ്.പി. ബാലചന്ദ്രനെകൊണ്ട് അന്വേഷണം നടത്തിച്ച് ‘കുവൈറ്റ് കടത്ത്’ കേസില്‍ ശ്രീജിത്തിനെയും സി.ഐ.യേയും നിയമം ലംഘിച്ച് രക്ഷപ്പെടുത്തിയിരിക്കുന്നത്. പോലീസ് സേനയുടെ മനോവീര്യം കെടുത്താനെ ഈ നടപടി വഴിവെയ്ക്കുവെന്ന ഗുരുതരമായ ആക്ഷേപമാണ് ഇപ്പോള്‍ സര്‍ക്കാര്‍ നേരിടുന്നത്.

സര്‍ക്കാരിലെ ഉന്നതരുമായി ബന്ധമുള്ള ചില കേന്ദ്രങ്ങളുടെ ഇടപെടലാണ് ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം.നിലവില്‍ ക്രിമിനല്‍ – വിജിലന്‍സ് കേസുകളില്‍ പ്രതിയായ ശ്രീജിത്തിനെ കുറ്റവിമുക്തമാക്കിയ മൂന്ന് സംഭവങ്ങളിലും നടപടി ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് സര്‍ക്കാരിന്റെ ധൃതിപിടിച്ച നടപടി. എല്ലാക്കാര്യങ്ങളും സത്യസന്ധമായി നടത്തുമെന്നും ഒരിടപെടലും അനുവദിക്കുകയുമില്ലെന്നുള്ള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിലപാടിനെ പരിഹാസ്യമാക്കുന്നതാണ് ഇപ്പോഴത്തെ നടപടി.

അതേസമയം വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട് തള്ളി അഴിമതിക്കാരനായ എസ്.പിയുടെ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി ശ്രീജിത്തിനെ കുറ്റവിമുക്തനാക്കിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന കെ.എം ഷാജഹാന്‍ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുണ്ട്.

ക്രിമിനല്‍ പ്രവര്‍ത്തനം നടത്തിയതിന് സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥനെ സംരക്ഷിക്കാന്‍ ഇടപെട്ടവര്‍ക്കെതിരെയും പരാതിയില്‍ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഷാജഹാന്‍ വ്യക്തമാക്കി.

Top