ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി കെജ്‌രിവാള്‍;ഞെട്ടിയത് ബിജെപി

ന്യൂഡല്‍ഹി: ഒടുവില്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറെ കോണ്‍ഗ്രസ്,ബിജെപിയുടെ ചാരനാക്കി രംഗത്ത് വന്നപ്പോള്‍ ബദ്ധശത്രുവായ ഗവര്‍ണര്‍ക്ക് സംരക്ഷണവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്ത്.

ബിജെപി ഏജന്റായ നജീബിനെ ഉടന്‍ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവായ മനീഷ് തിവാരിയാണ് പരസ്യമായി രംഗത്ത് വന്നിരുന്നത്.

എത്രയും പെട്ടെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റുന്നതാണ് കേന്ദ്രത്തിന് നല്ലതെന്നായിരുന്നു കോണ്‍ഗ്രസിന്റെ മുന്നറിയിപ്പ്.

നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ ബിജെപി എം.പി ഉദിത് രാജും ഗവര്‍ണറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു.

ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ ഉദിത് രാജിന്റെ മൂന്ന് അനുയായികളെ പൊലീസ് അറസ്റ്റ് ചെയ്തതാണ് കേന്ദ്ര ഭരണകക്ഷിയായ ബിജെപി എം.പിയെ പ്രകോപിപ്പിച്ചത്.

എന്നാല്‍ ഉദിത് രാജിന്റെ പാര്‍ട്ടിയാണ് കേന്ദ്രം ഭരിക്കുന്നത് എന്നതിനാല്‍ ആവശ്യം ഉന്നയിക്കുന്നതിന് പകരം പ്രധാനമന്ത്രിയെ കാണുകയാണ് ഉദിത് രാജ് ചെയ്യേണ്ടതെന്നാണ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പരിഹസിച്ചത്.

ഗവര്‍ണറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുകയുന്ന ഘട്ടത്തിലാണ് അപ്രതീക്ഷിതമായി രാഷ്ട്രീയ ശത്രുത മറന്ന് നജീബിന് ഗുഡ് സര്‍ട്ടിഫിക്കറ്റുമായി അരവിന്ദ് കെജ്‌രിവാള്‍ രംഗത്ത് വന്നത്.

ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ് നല്ലയാളാണെന്നും അദ്ദേഹത്തെ രാഷ്ട്രീയമായി ഭരിക്കുന്നവരാണ് മോശക്കാരെന്നുമായിരുന്നു കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചത്.

പ്രധാനമന്ത്രിയുടെ ഓഫീസ് എന്ത് ആവശ്യപ്പെടുന്നുവോ, അതാണ് നജീബ് ചെയ്യുന്നത്. അതുകൊണ്ട് അദ്ദേഹത്തെ മാറ്റുന്നതുകൊണ്ട് പ്രയോജനമൊന്നുമില്ല. പകരം വരുന്നയാളും പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നതാണ് ചെയ്യേണ്ടത്.

ഡല്‍ഹിയുടെ കാര്യങ്ങളില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നത് കുറക്കുകയാണ് ഇതിന് പരിഹാരമെന്നാണ് കെജ്‌രിവാള്‍ ട്വിറ്ററിലൂടെ വ്യക്തമാക്കുന്നത്.

അധികാരം ഏറ്റെടുത്ത നാള്‍മുതല്‍ ഡല്‍ഹി പൊലീസിന്റെ നിന്ത്രണവുമായി ബന്ധപ്പെട്ട് ലഫ്റ്റനന്റ് ഗവര്‍ണറുമായി ഉടക്കിലായിരുന്ന ഡല്‍ഹി മുഖ്യമന്ത്രി പെട്ടെന്ന് തന്നെ നിലപാട് മാറ്റിയത് രാഷ്ട്രീയ കേന്ദ്രങ്ങളെയാകെ അമ്പരപ്പിച്ചിട്ടുണ്ട്. ബിജെപിയെയാണ് കെജ്‌രിവാളിന്റെ മാറിയ നിലപാട് ഏറെ ആശങ്കപ്പെടുത്തുന്നത്.

Top