ഡല്‍ഹി മോഡിക്ക് നിര്‍ണായകം; ബിജെപി വിരുദ്ധ വോട്ടുകള്‍ ഒന്നിപ്പിക്കാന്‍ നീക്കം

ന്യൂഡല്‍ഹി: വരുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ ഒന്നിപ്പിക്കാന്‍ നീക്കം. ഡല്‍ഹി വോട്ടര്‍മാരില്‍ നിര്‍ണായകമായ യു.പി,ബീഹാര്‍,ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നുള്ള വരെ സ്വാധീനിക്കാനാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമം നടത്തുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്ര,ഹരിയാന സംസ്ഥാനങ്ങളില്‍ ബിജെപി നേടിയ തകര്‍പ്പന്‍ വിജയം ഡല്‍ഹിയില്‍ കൂടി ആവര്‍ത്തിച്ചാല്‍ പ്രതിപക്ഷത്തിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാകുമെന്ന തിരിച്ചറിവാണ് പുതിയ നീക്കത്തിന് പിന്നില്‍. ഡല്‍ഹിയില്‍ കാര്യമായ സ്വാധീനമില്ലെങ്കിലും ബിജെപി വിരുദ്ധ വോട്ടുകള്‍ കേന്ദ്രീകരിപ്പിക്കുവാന്‍ അണിയറയില്‍ ചരടുവലി നടത്തുന്നത് ഇടത് പാര്‍ട്ടികളുടെ നേതൃത്വത്തിലാണ്.

ഇപ്പോള്‍ പുറത്ത് വന്ന അഭിപ്രായ സര്‍വ്വേയില്‍ ബിജെപിക്ക് ഭൂരിപക്ഷം പ്രവചിക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇപ്പോഴും ഒന്നാമന്‍ ആം ആദ്മി പാര്‍ട്ടി നേതാവ് കെജ്‌രിവാള്‍ ആണ് എന്നതാണ് ബിജെപി വിരുദ്ധ നീക്കങ്ങള്‍ക്ക് ശക്തി പകരുന്നത്. കഴിഞ്ഞ തവണ സിപിഎം പരസ്യമായി പിന്തുണച്ചതും ആം ആത്മി പാര്‍ട്ടിയെയായിരുന്നു.

ബീഹാറിലെ ഉപതിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടിയ ജെ.ഡി.യു ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമായ നിലപാട് എടുക്കുമെന്നാണ് സൂചന. യു.പിക്കാരായ വോട്ടര്‍മാരെ ലക്ഷ്യമിട്ട് സമാജ്‌വാദി പാര്‍ട്ടിയും ഇത്തരമൊരു നിലപാട് സ്വീകരിക്കുമെന്നാണ് അറിയുന്നത്. അഭിപ്രായ സര്‍വ്വേകളില്‍ കോണ്‍ഗ്രസിന് മൂന്നാം സ്ഥാനമാണ് പ്രവചിക്കപ്പെട്ടത് എന്നതും ഇപ്പോള്‍ ആം ആദ്മിപാര്‍ട്ടിക്ക് അനുകൂലമാവുകയാണ്.

അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന അരവിന്ദ് കെജ്‌രിവാള്‍ പരസ്യമായി സമാജ്‌വാദി പാര്‍ട്ടി അടക്കമുള്ളവരുടെ പിന്തുണ സ്വീകരിക്കില്ലെന്ന് ഉറപ്പുള്ളതിനാല്‍ അന്യസംസ്ഥാന വോട്ടര്‍മാര്‍ക്കിടയില്‍ രഹസ്യ പ്രചാരണം നടത്താനാണ് സമാജ്‌വാദി പാര്‍ട്ടിയുടെ നീക്കം.

ഓരോ ദിവസം കഴിയുംതോറും ബിജെപിയും മോഡിയും കൂടുതല്‍ കരുത്താര്‍ജിച്ച് വരുന്ന സാഹചര്യത്തിലാണ് പ്രാദേശിക പാര്‍ട്ടികള്‍ തന്ത്രപരമായ സമീപനം സ്വീകരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഷീലാദീക്ഷിത് അടക്കമുള്ളവര്‍ കടുത്ത കെജ്‌രിവാള്‍ വിരോധികളാണെങ്കിലും ജയസാധ്യതയില്ലാത്ത മണ്ഡലങ്ങളില്‍ ആം ആദ്മി പാര്‍ട്ടിയെ പിന്തുണച്ച് ബിജെപിയെ വീഴ്ത്തുന്നതാണ് നല്ലതെന്ന അഭിപ്രായം കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിനുണ്ട്. ഡല്‍ഹിയില്‍ ബിജെപി പരാജയപ്പെട്ടാല്‍ അത് പ്രധാനമന്ത്രി മോഡിയുടെ പ്രതിഛായക്ക് കടുത്ത തിരിച്ചടിയും പ്രതിപക്ഷത്തിന് ഉണര്‍വുമാകുമെന്ന കണക്ക് കൂട്ടലും നേതാക്കള്‍ക്കിടയല്‍ ശക്തമാണ്.

നിലവിലെ സാഹചര്യം മുന്നില്‍ കണ്ട് ബിജെപി നേതൃത്വവും ജാഗ്രതയോടെയാണ് കരുക്കള്‍ നീക്കുന്നത്. ഡല്‍ഹിയിലെ ചേരി നിവാസികള്‍ക്കായി പ്രത്യേക പാക്കേജ് തന്നെ ബിജെപി പ്രഖ്യാപിക്കുമെന്നാണ് സൂചന. കേന്ദ്രത്തില്‍ ബിജെപി ഭരിക്കുന്നതിന്റെ ആനുകൂല്യം വോട്ടര്‍മാരെ ബോധ്യപ്പെടുത്തി ഡല്‍ഹി പിടിക്കാനാണ് ബിജെപി തന്ത്രം.

അതേസമയം ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ട ആം ആദ്മി പാര്‍ട്ടി മറ്റ് പാര്‍ട്ടികളേക്കാള്‍ പ്രചാരണത്തില്‍ ബഹുദൂരം മുന്നിലാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പത്ത് പേരെയും എട്ട് സിറ്റിംഗ് എംഎല്‍എമാരെയും ഉള്‍പ്പെടുത്തിയാണ് 22 പേരുടെ പട്ടിക പുറത്ത് വിട്ടിരിക്കുന്നത്. രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഒരാഴ്ചക്കകം ഇറക്കുമെന്നാണ് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കിയിരിക്കുന്നത്.

അരവിന്ദ് കെജ്‌രിവാളായിരിക്കും ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന് വ്യക്തമായതിനാല്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ദ്ധനെ രംഗത്തിറക്കി നേരിടാനാണ് ബിജെപി നീക്കം. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെക്കുറിച്ച് പക്ഷേ ഒരു ചിത്രവും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

മോഡിയുടെ സ്വച്ച് ഭാരത് പരിപാടിയുടെ ഭാഗമായി അണിചേര്‍ന്ന ഡല്‍ഹിയിലെ ബിജെപി നേതാക്കള്‍ റോഡില്‍ വാരി വിതറിയ മാലിന്യം വൃത്തിയാക്കുന്നതായ ദൃശ്യം പുറത്ത് വന്നത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ പ്രതിപക്ഷത്തിന്റെ പ്രധാന പ്രചരണായുധമാകും. സോഷ്യല്‍ മീഡിയ വഴി പ്രധാനമായും ആം ആദ്മി പാര്‍ട്ടിയാണ് ‘വാരലിന്’പബ്ലിസിറ്റി കൊടുക്കുന്നത്.

രാജ്യ തലസ്ഥാനത്തിന്റെ ഭരണം രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് നഷ്ടമായാല്‍ അത് അന്താരാഷ്ട്ര തലത്തില്‍ തന്നെ മോഡിയുടെ പ്രതിഛായക്ക് തിരിച്ചടിയാവുമെന്നതിനാല്‍ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ജനവിധി ബിജെപിയെക്കാള്‍ മോഡിക്ക് നിര്‍ണായകമാകും.

Top