ഡല്‍ഹി തിരഞ്ഞെടുപ്പ് കണ്‍തുറപ്പിച്ചു; ഉടച്ചുവാര്‍ക്കലിനൊരുങ്ങി ആര്‍എസ്എസ്

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ഉടന്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ബീഹാറടക്കമുള്ള സംസ്ഥാനങ്ങളിലും ഡല്‍ഹിയുടെ അവസ്ഥ വരുമെന്ന് മുന്നില്‍ കണ്ടാണ് ആര്‍എസ്എസ് താഴെത്തട്ടില്‍ നിന്ന് നവീകരണം തുടങ്ങുന്നത്. കാന്‍പൂരില്‍ ഒരു ചടങ്ങിനിടെ ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ വര്‍ഷവും 4,500ലധികം ശാഖകള്‍ രാജ്യത്തുട നീളം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ പാര്‍ട്ടി അംഗങ്ങള്‍ പോലും സ്വന്തം സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തില്ലെന്ന് പരാമര്‍ശിച്ച മോഹന്‍ ഭാഗവത്, മറ്റു സംസ്ഥാനങ്ങളിലെങ്കിലും തിരഞ്ഞെടുപ്പിന് ഏറെ മുമ്പ് തന്നെ പ്രവര്‍ത്തനം തുടങ്ങണമെന്നും ഓര്‍മിപ്പിച്ചു. തിരഞ്ഞെടുപ്പ് സമയത്തെങ്കിലും ആര്‍എസ്എസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും ഒരുമിച്ച് നില്‍ക്കണം. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ എപ്പോഴൊക്കെ പിന്നോട്ട് പോയിട്ടുണ്ടോ അപ്പോഴൊക്കെ നമ്മള്‍ പരാജയപ്പെട്ടിട്ടുണ്ടെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

ഡല്‍ഹി തിരഞ്ഞെടുപ്പിന് വെറും നാല് ദിവസം മുമ്പ് മാത്രമാണ് ആര്‍എസ്എസിനെ വിന്യസിപ്പിച്ചത്. ഇനി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബീഹാറിലും ആസാമിലും പുതുച്ചേരിയിലുമെല്ലാം നേരത്തേ തന്നെ പ്രവര്‍ത്തനം തുടങ്ങണമെന്ന് ഭാഗവത് ആവശ്യപ്പെട്ടു. നവംബറിലാണ് ബീഹാറില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പാര്‍ട്ടിക്ക് വന്‍ നേട്ടമാണുണ്ടായിരിക്കുന്നത്. മോഡിയുടെ നേതൃത്വത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതിനെ തുടര്‍ന്ന് നിരവധി പേരാണ് പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടുള്ളത്. എന്നാല്‍ ഈ അവസ്ഥ തുടര്‍ന്നു കൊണ്ട് പോകാന്‍ കഴിയണം. ഭാഗവത് ഓര്‍മിപ്പിച്ചു.

Top