ഡല്‍ഹിയെ അഴിമതിരഹിത സംസ്ഥാനമാക്കി മാറ്റുമെന്ന് അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയെ അഴിമതി രഹിത സംസ്ഥാനമാക്കി മാറ്റുമെന്ന പ്രഖ്യാപനവുമായാണ് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സര്‍ക്കാര്‍ അധികാരത്തിലേറിയത്.

സത്യപ്രതിജ്ഞ ചെയ്ത ശേഷം ജനങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ഡല്‍ഹിയെ രാജ്യത്തെ ആദ്യ അഴിമതി രഹിത സംസ്ഥാനമാക്കി മാറ്റുമെന്ന വാഗ്ദാനം അരവിന്ദ് കെജ്‌രിവാള്‍ നല്‍കിയത്. ഡല്‍ഹിയെ അഴിമതി രഹിതമാക്കി മാറ്റാന്‍ നല്ല ആത്മവിശ്വാസമുണ്ടെന്നും ആരെങ്കിലും നിങ്ങളോട് കൈക്കൂലി ചോദിച്ചാല്‍ സംഭാഷണം ഫോണില്‍ റെക്കോഡ് ചെയ്ത് തന്റെ കയ്യില്‍ തരാനും കെജ് രിവാള്‍ ജനങ്ങളോട് നിര്‍ദ്ദേശിച്ചു. ഭാരത് മാതാ കീ ജയ് എന്ന് പറഞ്ഞാണ് കെജ്രിവാള്‍ പ്രസംഗം ആരംഭിച്ചത്.

കോണ്‍ഗ്രസിനും ബിജെപിക്കും ദൈവം ശിക്ഷ കൊടുത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തില്‍ നിന്ന് ആം ആദ്മി പാഠം പഠിക്കുകയായിരുന്നെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

ഡല്‍ഹിയുടെ എട്ടാമത്തെ മുഖ്യമന്ത്രിയായാണ് കെജ് രിവാള്‍ അധികാരമേറ്റത്. അതേസമയം, ഇന്നു നടത്താനിരുന്ന മന്ത്രിസഭാ യോഗം കെജ് രിവാളിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം മാറ്റി വച്ചു.

ഉച്ചയ്ക്ക 12നു രാംലീല മൈതാനത്തായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ലഫ്. ഗവര്‍ണര്‍ നജീബ് ജംഗ് ചൊല്ലിക്കൊടുത്ത സത്യവാചകം കേജ്‌രിവാള്‍ ഏറ്റുചൊല്ലി. കേജ്‌രിവാളിനൊപ്പം ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുന്നു. മനീഷ് സിസോഡിയ ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റു. അസിം അഹമ്മദ് ഖാന്‍ ഭക്ഷ്യപൊതു വിതരണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

കഴിഞ്ഞവര്‍ഷം അധികാരം ഉപേക്ഷിച്ചതിന്റെ അതേ ദിവസം രാംലീലാ മൈതാനത്ത് ഒരു ലക്ഷത്തിലേറെപേരെ സാക്ഷിനിറുത്തിയാണ് അരവിന്ദ് കെജ് രിവാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

Top