ഡല്‍ഹിയില്‍ യുവാക്കള്‍ ബി.ജെ.പിക്കും ആം ആദ്മിക്കുമൊപ്പം

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ കൂടുതലും വോട്ട് ചെയ്യുന്നത്  ബി.ജെ.പിക്കും ആം ആദ്മി പാര്‍ട്ടിക്കും എന്ന് സര്‍വേ റിപ്പോര്‍ട്ട്. ഇന്ത്യാ ടുഡേ നടത്തിയ സര്‍വേയിലാണ് ബി.ജെ.പിക്കും ആം ആദ്മിക്കും 25 വയസു വരെയുള്ള യുവാക്കളുടെ 39 ശതമാനം വോട്ടും ലഭിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നത്. അതേസമയം, കോണ്‍ഗ്രസിന് 15 ശതമാനം യുവാക്കളുടെ വോട്ട് മാത്രമേ ലഭിക്കുകയുള്ളൂ. ബാക്കിയുള്ളവര്‍ക്ക് ഏഴു ശതമാനം വോട്ടും ലഭിക്കും. 26 മുതല്‍ 35 വയസുവരെയുള്ളവരുടെ വോട്ടുകളും ബി.ജെ.പി ക്കും ആം ആദ്മിക്കും ലഭിക്കുമെന്നാണ് സര്‍വേ പറയുന്നത്.

അതേസമയം, മുതിര്‍ന്ന വോട്ടര്‍മാരില്‍ അധികവും ബി.ജെ.പിക്കൊപ്പം നില്‍ക്കും. 36 മുതല്‍ 45 വയസുവരെയുള്ളവരില്‍ 40 ശതമാനം പേര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യും. 36ശതമാനം പേര്‍ ആം ആദ്മിക്കും 16 ശതമാനം പേര്‍ കോണ്‍ഗ്രസിനും വോട്ട് ചെയ്യും.  46 നും 55നും ഇടയില്‍ പ്രായമുള്ളവരില്‍ 41 ശതമാനം പേര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യും. ആം ആദ്മിക്ക് 34 ശതമാനം പേരുടെ വോട്ടുകള്‍ ലഭിക്കും. കോണ്‍ഗ്രസിന് 17 ശതമാനവും മറ്റുള്ളവര്‍ക്ക് എട്ട് ശതമാനവും വോട്ടുകള്‍ ലഭിക്കും. 56 നു മുകളിലുള്ള വോട്ടര്‍മാരില്‍ ബി.ജെ.പിക്ക് 41 ശതമാനം പേരും ആം ആദ്മിക്ക് 30 ശതമാനം പേരും കോണ്‍ഗ്രസിന് 19 ശതമാനം പേരും വോട്ടു ചെയ്യും.

വിദ്യാഭ്യാസമുള്ളവരില്‍ കൂടുതല്‍ പേരും ബി.ജെ.പക്ക് വോട്ട് ചെയ്യുമെന്നാണ് സര്‍വേ ഫലം. രണ്ടാമത് ആം ആദ്മിക്കും. 70 അംഗ നിയമസഭയില്‍ ബി.ജെ.പിയ്ക്ക് 31 സീറ്റും ആം ആദ്മി പാര്‍ട്ടിക്ക് 28 സീറ്റും കോണ്‍ഗ്രസിന് എട്ട് സീറ്റുമാണ് നിലവിലുള്ളത്. മറ്റു കക്ഷികള്‍ക്ക് മൂന്നു സീറ്റ്.

ഫെബ്രുവരി ഏഴിനാണ് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. നിഷേധ വോട്ട് സംവിധാനവും തിരഞ്ഞെടുപ്പില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ നവംബറിലായിരുന്നു ഡല്‍ഹി നിയമസഭ പിരിച്ചുവിട്ടത്. തുടര്‍ന്ന് 2013 ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിയ്ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. മാത്രമല്ല മുഖ്യമന്ത്രിയായി ചുമതലയേറ്റ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന് ജന്‍ലോക്പാല്‍ ബില്‍ പാസാക്കാന്‍ കഴിയാതെ വന്നതോടെ 49 ദിവസം നീണ്ട ഭരണത്തിന് അവസാനം കുറിച്ചു. ഇതോടെ ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയായിരുന്നു.

Top