ഡല്‍ഹിയില്‍ ബി.ജെ.പിക്ക് 37 സീറ്റും ആം ആദ്മിക്ക് 29 സീറ്റും ലഭിക്കുമെന്ന് സര്‍വേ

ഡല്‍ഹിയില്‍ ബി.ജെ.പിക്ക് 37 സീറ്റും ആം ആദ്മിക്ക് 29 സീറ്റും ലഭിക്കുമെന്ന് സര്‍വേ

ന്യൂഡല്‍ഹി: ഒരു വര്‍ഷത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവില്‍ ഡല്‍ഹിയില്‍ നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നിലെത്തുമെന്ന് സര്‍വേ. പ്രമുഖ ദേശീയ മാധ്യമമായ സീ ന്യൂസ് ചാനല്‍ നടത്തിയ സര്‍വേയിലാണ് ബി.ജെ.പി ഭൂരിപക്ഷം നേടുമെന്ന് ഫലം വന്നത്. ബി.ജെ.പി 37 സീറ്റും രണ്ടാം സ്ഥാനത്തെത്തുന്ന ആം ആദ്മി 29 സീറ്റും നേടും. മൂന്നാമതെത്തുന്ന കോണ്‍ഗ്രസിന് വെറും നാല് സീറ്റ് മാത്രമേ ലഭിക്കുകയുള്ളൂവെന്നും സര്‍വേ ഫലം പറയുന്നു.

45 ശതമാനം വോട്ടര്‍മാരും ബി.ജെ.പി അധികാരത്തിലെത്തണമെന്ന് ചിന്തിക്കുന്നവരാണ്. 34.2 ശതമാനം പേര്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തണമെന്ന് ആഗ്രഹിക്കുന്നു. വെറും 13.7 ശതമാനം പേര്‍ മാത്രമാണ് കോണ്‍ഗ്രസ് ഭരണത്തിലെത്തണമെന്ന് ആഗ്രഹിക്കുന്നത്.

ഡല്‍ഹിയില്‍ സ്ത്രീകള്‍ സുരക്ഷിതരാണോ എന്ന ചോദ്യത്തിന് 83.9 ശതമാനം പേരും അല്ല എന്ന ഉത്തരമാണ് നല്‍കിയത്. 84.3 ശതമാനം വോട്ടര്‍മാരും വിലക്കയറ്റമാണ് അവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്നാണ് പറയുന്നത്. ഗതാഗതവും വൈദ്യുതിയും വെള്ളവുമാണ് തൊട്ടു പിന്നിലുള്ള പ്രശ്‌നങ്ങള്‍.

ഡല്‍ഹി തിരഞ്ഞെടുപ്പോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രതിച്ഛായ തകരുമോ എന്ന ചോദ്യത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

ഫെബ്രുവരി ഏഴിനാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ ഫെബ്രുവരി 10 നായിരിക്കും നടക്കുക. 1 കോടി 30 ലക്ഷം വോട്ടര്‍മാരാണ് വിധിയെഴുതുക.

ഒറ്റഘട്ടമായിട്ടായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. 17 വര്‍ഷം ഡല്‍ഹിയെ അടക്കി ഭരിച്ച കോണ്‍ഗ്രസിനെ വന്‍ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് അരവിന്ദ് കെജ്‌രിവാളും കൂട്ടരും ഡല്‍ഹിയില്‍ അധികാരം പിടിച്ചത്. ബിജെപിയാണ് കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റകക്ഷിയായതെങ്കിലും കോണ്‍ഗ്രസിന്റെ പിന്തുണയോടെ ആംആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തുകയായിരുന്നു. ഫെബ്രുവരി 14 ന് തിരഞ്ഞെടുപ്പ് വാഗ്ദ്ദാനം പാലിക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് കെജ്‌രിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കുകയായിരുന്നു.

Top