ഡല്‍ഹിയില്‍ ഡെങ്കിപ്പനി പടരുന്നു; മരണസംഖ്യ 15 ആയി

ന്യൂഡല്‍ഹി: ഡെങ്കിപ്പനിയെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഒരു കുട്ടി കൂടി മരിച്ചു. നാലു വയസുകാരി നേഹ തന്യയാണ് മരിച്ചത്. ശരിയായ ചികിത്സ ലഭിക്കാത്തതാണ് മരണകാരണമെന്ന് കുട്ടിയുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചു. ഇതോടെ ഡെങ്കിപ്പനിയെ തുടര്‍ന്ന് ഡല്‍ഹിയില്‍ മരിച്ചവരുടെ എണ്ണം 15 ആയി.

അസുഖബാധയെ തുടര്‍ന്ന് നേഹയെ രണ്ട് ആശുപത്രികളില്‍ കൊണ്ടു പോയെങ്കിലും അവര്‍ ശരിയായ പരിശോധനകള്‍ നടത്തിയില്ലെന്നാണ് ആരോപണം. കുട്ടിക്ക് ഡെങ്കി പരിശോധന നടത്താന്‍ ആവശ്യപ്പെട്ടില്ലെന്ന് മാതാപിതാക്കള്‍ വ്യക്തനാക്കി. ആദ്യം മദന്‍ മോഹന്‍ മാളവ്യ ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. അവിടെ നിന്നും മാളവ്യ നഗറിലുള്ള മറ്റൊരു ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

അഞ്ച് ആശുപത്രികളില്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് അഞ്ച് വയസുകാരന്‍ അമന്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് മരിച്ചത്. സെപ്തംബര്‍ 8ന് ഏഴ് വയസുകാരന്‍ അവിനാഷ് റൗത് ഡെങ്കിയെ തുടര്‍ന്ന് മരിച്ചിരുന്നു. 1800ലധികം ഡെങ്കി പനി ബാധിതരാണ് സംസ്ഥാനത്തുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top