ഡല്‍ഹിക്ക് പുറത്തുള്ള സംസ്ഥാനങ്ങളിലും ആം ആദ്മി പാര്‍ട്ടി മത്സരിക്കും

ന്യൂഡല്‍ഹി: ഡല്‍ഹിക്ക് പുറത്തുള്ള സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പിനെ നേരിടാന്‍ ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം. ഡല്‍ഹിക്ക് പുറത്ത് മത്സരിക്കുന്നതിനെ എതിര്‍ക്കുന്നത് കെജ്‌രിവാളാണെന്ന മറുപക്ഷത്തിന്റെ പ്രചാരണത്തിന് തടയിടാനാണ് മുന്‍നിലപാടുകളില്‍ മാറ്റം വരുത്തിയതെന്നാണ് സൂചന.

തീരുമാനം സ്വാഗതാര്‍ഹമെന്ന് യോഗേന്ദ്രയാദവ് പ്രതികരിച്ചു. പാര്‍ട്ടിയിലെ അഭിപ്രായഭിന്നതകള്‍ പരിഹരിക്കുന്നതിനായി ഇരുപക്ഷവും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ഈ മാസം 28ന് ചേരുന്ന ദേശീയ കൗണ്‍സില്‍ യോഗത്തില്‍ ഡല്‍ഹിക്ക് പുറത്തുള്ള പ്രതിനിധികളാണ് കൂടുതലുള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ വളര്‍ത്തുന്നതിന് കെജ്‌രിവാളിന്റെ നിലപാടുകളാണ് തടസമെന്ന് യോഗേന്ദ്രയാദവ് പ്രചരിപ്പിക്കുന്നതായും കെജ്‌രിവാളിനോടടുപ്പമുള്ള നേതാക്കള്‍ പറയുന്നുണ്ട്.

അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഡല്‍ഹിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മതിയെന്ന് പാര്‍ട്ടിയോഗങ്ങളിലും പ്രവര്‍ത്തകരോടും അരവിന്ദ് കെജ്‌രിവാള്‍ ആവര്‍ത്തിച്ചിരുന്നത്. എന്നാല്‍ യോഗേന്ദ്രയാദവും പ്രശാന്ത് ഭൂഷണും നേതൃത്വം നല്‍കുന്ന മറുപക്ഷം ഇത് ആയുധമാക്കിയതോടെയാണ് നിലപാടില്‍ മാറ്റം വരുത്താന്‍ കെജ്‌രിവാള്‍ തയ്യാറായത്.

യോഗേന്ദ്രയാദവിന് മുന്‍തൂക്കമുള്ള ദേശീയ കൗണ്‍സിലില്‍ നിര്‍ണായക തീരുമാനങ്ങളില്‍ വോട്ടെടുപ്പ് വേണ്ടി വന്നാല്‍ തിരിച്ചടിയുണ്ടാകുമെന്നും കെജ്‌രിവാള്‍ പക്ഷം വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് മുന്‍നിലപാട് മാറ്റി സംഘടനാസംവിധാനം ശക്തമായ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് കെജ്‌രിവാളിന്റെ വസതിയില്‍ ചേര്‍ന്ന രാഷ്ട്രീയ കാര്യസമിതി യോഗം തീരുമാനിച്ചത്.

Top