ഡല്‍ഹിക്കു പിന്നാലെ ബീഹാര്‍;മോഡിയുടെ അച്ഛാദിന്‍ അവസാനിപ്പിച്ച് നിതീഷ്‌കുമാര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരന്ദ്രമോഡി പ്രചരണ നേതൃത്വം നല്‍കിയ ന്യൂഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കേവലം മൂന്നു സീറ്റിലേക്ക് കൂപ്പുകുത്തിയതിനു പിന്നാലെ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പി സഖ്യം തകര്‍ന്നടിഞ്ഞതോടെ മോഡിയുടെ അച്ഛാദിന്‍ അവസാനിക്കുന്നു.

മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന്റെ തകര്‍പ്പന്‍ വിജയമാണ് നീതീഷിന്റെ മഹാസഖ്യം ബീഹാറില്‍ നേടിയിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ വ്യക്തിപ്രഭാവത്തില്‍ വോട്ടുപിടിച്ച് ജയിക്കാമെന്ന ബി.ജെ.പിയുടെ പ്രതീക്ഷകളാണ് ബീഹാറില്‍ തകര്‍ന്നടിഞ്ഞത്. ബീഹാര്‍ പിടിക്കാന്‍ മോഡിയും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും നീക്കിയ കരുനീക്കങ്ങളെല്ലാം പാഴായി.

മഹാസഖ്യത്തില്‍ വിള്ളലുണ്ടാക്കി മുലായംസിങ്ങ് സഖ്യത്തില്‍ നിന്ന് വിട്ടുപോയെങ്കിലും ബീഹാര്‍ ജനത നിതീഷ്, ലാലു, കോണ്‍ഗ്രസ് കൂട്ടുകെട്ടിനൊപ്പം നിന്നു.

ബീഫ് കൊലപാതകത്തിലും ദലിത് കുട്ടികളെ ചുട്ടുകൊന്നതിലുമെല്ലാം ബീഹാര്‍ ജനത കണക്കുതീര്‍ത്തു. വര്‍ഗ്ഗീയ ധ്രുവീകരണം നടത്തി ഹിന്ദുവോട്ടുകള്‍ ബീഹാറില്‍ ഒന്നിപ്പിക്കാനുള്ള അമിത്ഷായുടെ തന്ത്രവും പാളി.

രാംവിലാസ് പാസ്വാന്റെയും മാഞ്ചിയുടെയും പാര്‍ട്ടികള്‍ എട്ടുനിലയില്‍ പൊട്ടി. ബി.ജെ.പിയിലൂടെ സവര്‍ണവോട്ടുകളും പാസ്വാനിലൂടെ ദലിത് വോട്ടുകളും മാഞ്ചിയിലൂടെ മഹാദലിത് സമുദായത്തെയും ഒപ്പം നിര്‍ത്തി ഭരണം പിടിക്കാമെന്ന അമിത്ഷായുടെ കണക്കുകൂട്ടലുകളാണ് തകര്‍ന്നടിഞ്ഞത്.

വര്‍ഗ്ഗീയതക്കെതിരെ മതേതരത്വത്തിനൊപ്പമാണ് ബീഹാര്‍ ജനതയെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. ബീഹാറിലെ തോല്‍വി ഷോ മാനായി തളിങ്ങുന്ന മോഡിയുടെ പ്രതിച്ഛായക്ക് കനത്ത തിരിച്ചടിയാണ് നല്‍കുക. വോട്ടര്‍മാരുടെ നല്ലകാലം വന്നു എന്ന് പറഞ്ഞ് അധികാരത്തിലേറിയ മോഡിയുടെ നല്ലനാളുകളുടെ അന്ത്യം കുറിക്കുകയാണ് ബീഹാറിലെ ജനവിധി.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഡല്‍ഹി തൂത്തുവാരി മുഴുവന്‍ സീറ്റിലും വിജയിച്ച് അധികാരത്തിലേറിയ ബി.ജെ.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ കേവലം മൂന്നു സീറ്റുമാത്രമായി കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഇത് നഗരത്തിലെ മധ്യവര്‍ത്തിസമൂഹത്തിന്റെ പ്രതിഭാസമെന്നു എഴുതിതള്ളിയ ബി.ജെ.പിയെ ഇന്ത്യയുടെ ഗ്രാമീണ ജനതയും കൈവിട്ടിരിക്കുകയാണിപ്പോള്‍.

മഹാസഖ്യം 178 സീറ്റ് നേടി അധികാരത്തിലെത്തിയപ്പോള്‍ ബിജെപി 59 സീറ്റും മറ്റുള്ളവര്‍ 6 സീറ്റുമാണ് നേടിയത്.

Top