ട്വിറ്റര്‍ സിഇഒയാകാന്‍ ഇന്ത്യക്കാരിയായ പദ്മശ്രീ വാരിയര്‍

ജനപ്രിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ട്വിറ്ററിനെ നയിക്കാന്‍ മറ്റൊരു ഇന്ത്യന്‍ ടെക്കി കൂടി എത്തുമെന്ന് റിപ്പോര്‍ട്ട്. ബ്ലൂംബര്‍ഗ് ബിസിനസ് വെബ്‌സൈറ്റാണ് ഇത്തരമൊരു വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യക്കാരിയായ പദ്മശ്രീ വാരിയറാണ്
ട്വിറ്റര്‍ സിഇഒ ആകാന്‍ എത്തുന്ന ഇന്ത്യന്‍ വനിത.

സോഷ്യല്‍മീഡിയ മുന്നേറ്റത്തില്‍ അല്‍പം താഴോട്ടുപോയ ട്വിറ്ററിനെ മുന്നോട്ടു നയിക്കാന്‍ പുതിയ സിഇഒകളെ നിയമിക്കാനാണ് നീക്കം. കമ്പനിയുടെ പട്ടികയില്‍ പദ്മശ്രീവാരിയറും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ നാലു മാസമായി സിഇഒ പോസ്റ്റിലേക്ക് ആളെ തിരയുകയാണ് ട്വിറ്റര്‍. ഡിക് കോസ്റ്റലോയുടെ ഒഴിവിലേക്കാണ് പുതിയ സിഇഒയെ തിരയുന്നത്. ട്വിറ്റര്‍ സഹസ്ഥാപകനായ ജാക് ഡോര്‍സിയാണ് നിലവിലെ ആക്ടിങ് സിഇഒ.

സിസ്‌കോയുെട മുന്‍ ചീഫ് ടെക്‌നോളജി ഓഫീസറാണ് പദ്മശ്രീ വാരിയര്‍. മോട്ടോറോളയുടെ വൈസ് പ്രസിഡന്റ്, മോട്ടറോളയുടെ എനര്‍ജി സിസ്റ്റത്തിന്റെ ജനറല്‍ മാനേജര്‍ എന്നീ നിലകളിലും പദ്മശ്രീ വാരിയര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ 100 വനിതകളുടെ ലിസ്റ്റില്‍ 73ാം സ്ഥാനം ഈ ഇന്ത്യന്‍ വനിത നേടിയിരുന്നു.

ഏറ്റവുമധികം ശമ്പളം കൈപ്പറ്റുന്ന പത്തു വനിതകളിലൊരാള്‍, ഈ നേട്ടം കൈവരിക്കുന്ന പ്രായം കുറഞ്ഞ യുവതി എന്നീ നിലകളിലും ശ്രദ്ധ നേടിയ പദ്മശ്രീ വാരിയര്‍ കഴിഞ്ഞ ജൂണിലാണ് സിസ്‌കോയുെട ചീഫ് ടെക്‌നോളജി ഓഫീസര്‍ സ്ഥാനം രാജി വച്ചത്.

Top