ട്വന്റി 20 ലോകകപ്പ്: മാറ്റുരയ്ക്കുന്നത് 16 ടീമുകള്‍

കൊല്‍ക്കൊത്ത: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ആറാം ട്വന്റി 20 ലോകകപ്പില്‍ 16 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിലെ ഫുള്‍ മെമ്പര്‍മാരായ 10 രാജ്യങ്ങളും ലോകകപ്പ് കളിക്കാന്‍ അര്‍ഹരാണ്. ശേഷിക്കുന്ന ആറ് ടീമുകളും അസോസിയേറ്റ് മെമ്പര്‍മാരാണ്.

സ്‌കോട്‌ലന്‍ഡിലും അയര്‍ലന്‍ഡിലുമായി നടക്കുന്ന ഐ.സി.സി. വേള്‍ഡ് ട്വന്റി 20 ക്വാളിഫയിങ് ടൂര്‍ണമെന്റിലൂടെയാണ് ഈ ആറു ടീമുകളെയും കണ്ടെത്തുക.

അസോസിയേറ്റ് ടീമുകളില്‍നിന്ന് സ്‌കോട്‌ലന്‍ഡ്, അയര്‍ലന്‍ഡ്, ഹോങ്കോങ് ടീമുകള്‍ ലോകകപ്പിന് യോഗ്യത നേടിക്കഴിഞ്ഞു. ഇനി മൂന്ന് ടീമുകള്‍ക്കു കൂടി അവസരമുണ്ട്.

രണ്ട് ഘട്ടങ്ങളായാണ് ടൂര്‍ണമെന്റ്. ഒന്നാം ഘട്ട ക്വാളിഫയര്‍ റൗണ്ടില്‍ എട്ടു ടീമുകള്‍ മാറ്റുരയ്ക്കും. ലോക റാങ്കിങ്ങില്‍ 9, 10 സ്ഥാനങ്ങളിലുള്ള ബംഗ്ലാദേശിനും സിംബാബ്വെയ്ക്കും പുറമെ യോഗ്യത നേടുന്ന ആറ് അസോസിയേറ്റ് ടീമുകളാണ് ആദ്യഘട്ടത്തില്‍ മത്സരിക്കുക. ഇതില്‍ നിന്നും രണ്ടു ടീമുകള്‍ രണ്ടാം ഘട്ടമായ സൂപ്പര്‍ ടെന്‍ റൗണ്ടിലേക്ക് യോഗ്യത നേടും.

സൂപ്പര്‍ ടെന്‍ ഘട്ടത്തിലെ ആദ്യ എട്ടു ടീമുകളെ റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് നിര്‍ണയിച്ചിട്ടുള്ളത്. നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്ക, ഓസ്‌ട്രേലിയ, ആതിഥേയരായ ഇന്ത്യ, വെസ്റ്റിന്‍ഡീസ്, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട് എന്നിവയാണ് ഈ ടീമുകള്‍. ആദ്യ ഘട്ട ടൂര്‍ണമെന്റില്‍ മുന്നിലെത്തുന്ന രണ്ടു ടീമുകള്‍ ഇവര്‍ക്കൊപ്പം ചേരും.

ചാമ്പ്യന്മാര്‍ ഇതുവരെ

ഇന്ത്യ (2007)
പാകിസ്താന്‍ (2009)
ഇംഗ്ലണ്ട് (2010)
വെസ്റ്റിന്‍ഡീസ് (2012)
ശ്രീലങ്ക (2014)

Top