ട്രെയിന്‍ യാത്രാ ടിക്കറ്റ് റദ്ദാക്കല്‍ നിരക്ക് റയില്‍വേ ഇരട്ടിയാക്കി വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രാ ടിക്കറ്റ് റദ്ദാക്കുന്നതിനുള്ള നിരക്കുകള്‍ റയില്‍വേ വര്‍ധിപ്പിച്ചു. അനാവശ്യ ബുക്കിങ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പുതിയ റീഫണ്ട് നിയമം 12നു നിലവില്‍ വരും.

ട്രെയിന്‍ പുറപ്പെട്ടശേഷവും ടിക്കറ്റ് റദ്ദാക്കി നിശ്ചിത തുക മടക്കിനല്‍കുന്ന രീതി ഇനിയുണ്ടാവില്ല. പുറപ്പെടാന്‍ നാലു മണിക്കൂര്‍ മുന്‍പുവരെ മാത്രമേ ഇനി മുതല്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാനാവൂ. അതേസമയം, വെയ്റ്റ്‌ലിസ്റ്റിലോ ആര്‍എസിയിലോ ഉള്ള ടിക്കറ്റ്, വണ്ടി പുറപ്പെടുന്നതിന് അര മണിക്കൂര്‍ മുന്‍പുവരെ റദ്ദാക്കാന്‍ സൗകര്യമുണ്ടാവും.

അതു കഴിഞ്ഞാല്‍ പണം മടക്കിനല്‍കില്ല. ഉറപ്പായ സെക്കന്‍ഡ് ക്ലാസ് ടിക്കറ്റ് രണ്ടുദിവസം മുന്‍പു വരെ റദ്ദാക്കുമ്പോള്‍ ഈടാക്കിയിരുന്ന തുക 30ല്‍ നിന്ന് 60 രൂപയാക്കി. മൂന്നാം ക്ലാസ് എസിയുടേത് 90ല്‍ നിന്നു 180 രൂപയുമാക്കി. സെക്കന്‍ഡ് ക്ലാസ് സ്ലീപ്പര്‍ ടിക്കറ്റ് റദ്ദാക്കുന്നതിന് ഈടാക്കിയിരുന്ന തുക 60ല്‍ നിന്നു 120 ആയും സെക്കന്‍ഡ് എസിയുടേത് 100ല്‍ നിന്ന് 200 രൂപയാക്കിയും കൂട്ടി. ട്രെയിന്‍ പുറപ്പെടുന്നതിനു 48 മുതല്‍ 6 മണിക്കൂര്‍ വരെ മുന്‍പു ടിക്കറ്റ് റദ്ദാക്കാന്‍, 25 ശതമാനമാണ് ഇപ്പോള്‍ ഈടാക്കുന്നത്.

ഇനി മുതല്‍ 12 മുതല്‍ നാലു മണിക്കൂര്‍ മുന്‍പുവരെ റദ്ദാക്കുമ്പോള്‍ നിരക്കിന്റെ പകുതി റയില്‍വേ ഈടാക്കും. നേരത്തേ രണ്ട് മണിക്കൂര്‍ മുന്‍പുവരെ റദ്ദാക്കുമ്പോഴാണ് 50% ഈടാക്കിയിരുന്നത്.

Top